എന്‍ബിഎഫ്‌സികളുടെ വായ്പാ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തി ആര്‍ബിഐ

എന്‍ബിഎഫ്‌സികളുടെ വായ്പാ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തി ആര്‍ബിഐ

ന്യൂഡെല്‍ഹി: ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍(എന്‍ബിഎഫ്‌സി) നേരിടുന്ന മൂലധന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ)വായ്പാ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തി. ആര്‍ബിഐയുടെ പുതുക്കിയ നിര്‍ദേശ പ്രകാരം എന്‍ബിഎഫ്‌സികള്‍ക്ക് അവരുടെ അഞ്ച് വര്‍ഷ കാലാവധിയുള്ള വായ്പകള്‍ ആറ് മാസം കൈവശം വെച്ചതിനു ശേഷം സെക്യൂരിറ്റികളായി മാറ്റുകയോ ചെയ്യാവുന്നതാണ്. ഇതുവരെ ഒരു വര്‍ഷം കൈവശം വെച്ച വായ്പകളായിരുന്നു സെക്യൂരിറ്റൈസ് ചെയ്യാമായിരുന്നത്. നിലവില്‍ രാജ്യത്തെ എന്‍ബിഎഫ്‌സികല്‍ അഭിമുഖീകരിക്കുന്ന മൂലധന പ്രതിസന്ധി പരിഹരിക്കുന്നതിന് ആര്‍ബിഐയുടെ ഈ തീരുമാനം സഹായകമാകുമെന്നാണ് വിലയിരുത്തല്‍.

അഞ്ച് വര്‍ഷ കാലാവധിയുള്ള വായ്പ ആറു മാസത്തിലൊരിക്കല്‍, അല്ലെങ്കില്‍ രണ്ട് പാദങ്ങള്‍ കൂടുമ്പോഴുള്ള ഘടുക്കളായാണ് തിരിച്ചടയ്‌ക്കേണ്ടതെന്ന് ആര്‍ബിഐ പറഞ്ഞു. മാനദണ്ഡങ്ങളില്‍ വരുത്തിയിരിക്കുന്ന ഇളവ് പ്രധാനമായും ഹൗസിംഗ് ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്കും ഭൂ പണയ വായ്പകള്‍(മോര്‍ട്ടാഷ് ലോണ്‍)നല്‍കുന്ന എന്‍ബിഎഫ്‌സികള്‍ക്കും ഗുണകരമായിരിക്കുമെന്നാണ് ഐക്ര ഗ്രൂപ്പ് മോധാവി വിഭോര്‍ മിത്തല്‍ വിലയിരുത്തുന്നത്. ഭൂപണയ വായ്പകളുടെ കാലാവധി സാധാരണ അഞ്ച് വര്‍ഷമാണ്.

സെക്യൂരിറ്റൈസേഷന്‍ ചെയ്യുന്നതിലൂടെ കൂടുതല്‍ പണ്ടുകള്‍ ബാങ്കിംഗ് ഇതര ധനകാര്യ സംരംഭങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയും. ഇത് അധികം മൂലധനം സ്വരൂപിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സിംഗ് കമ്പനിയായ ഐഎല്‍ ആന്‍ഡ് എഫ്എസ് വായ്പാ കുടിശ്ശിക മുടക്കിയതോടെയാണ് രാജ്യത്തെ എന്‍ബിഎഫ്‌സികള്‍ മൂലധന സമ്മര്‍ദ്ദം നേരിടാന്‍ തുടങ്ങിയത്. 91,000 കോടി രൂപയുടെ വായ്പയാണ് ഐഎല്‍ ആന്‍ഡ് എഫ്എസ് തിരിച്ചടയ്ക്കാനുള്ളത്. പ്രതിസന്ധിക്ക് പരിഹാരം കാണാനായി കേന്ദ്ര സര്‍ക്കാര്‍ ഈ സ്ഥാപനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു.

എന്‍ബിഎഫ്‌സി മേഖല നിലവില്‍ നേരിടുന്ന പ്രതിസന്ധി അവസരമാക്കി ഉപയോഗപ്പെടുത്തിക്കൊണ്ട് 45,000 കോടി രൂപയുടെ വായ്പാ ആസ്തികള്‍ എന്‍ബിഎഎഫ്‌സികളില്‍ നിന്നും വാങ്ങാന്‍ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഇന്ത്യ(എസ്ബിഐ) തീരുമാനിച്ചിരുന്നു.

Comments

comments

Categories: Business & Economy
Tags: RBI