നിരാശപ്പെടുത്തില്ല 2.0

നിരാശപ്പെടുത്തില്ല 2.0

മൊബൈല്‍ ഫോണ്‍ റേഡിയേഷനിലൂടെ പക്ഷികളെ അപായപ്പെടുത്തുന്ന മനുഷ്യ വര്‍ഗത്തോട് പ്രതികാരം ചെയ്യാന്‍ പണ്ട് ആത്മഹത്യ ചെയ്ത ഒരു പക്ഷി ശാസ്ത്രജ്ഞന്‍ അഞ്ചാം ശക്തിയായി തിരിച്ചെത്തുന്നു. എന്നാല്‍ ആ പക്ഷി ശാസ്ത്രജ്ഞനെ തടയാന്‍ ചിട്ടി റോബോട്ടിന്റെ പരിഷ്‌ക്കരിച്ച പതിപ്പ് അഥവാ അപ്‌ഗ്രേഡഡ് വേര്‍ഷനായ 2.0 രംഗത്തുവരുന്നു.
ജീവിതം നശിപ്പിച്ചവരോട് പ്രതികാരം ചെയ്യുന്ന വ്യക്തിയായിരിക്കും ഷങ്കര്‍ ചിത്രങ്ങളിലെ നായകന്‍. ഇവിടെയും സ്ഥിതി വ്യത്യസ്തമല്ല.

ഒരു മൊബൈല്‍ ഫോണ്‍ ടവറിന്റെ മുകളില്‍ കയറി ഒരാള്‍ ആത്മഹത്യ ചെയ്യുന്നതിലൂടെയാണു ചിത്രം ആരംഭിക്കുന്നത്. പിന്നീട്, ഡോ. വസീഗരന്‍ (രജനീകാന്ത്), അസിസ്റ്റന്റ് നിള (ആമി ജാക്‌സന്‍) എന്ന മനുഷ്യനെ പോലെയിരിക്കുന്ന റോബോട്ടിനെയും പരിചയപ്പെടുത്തുന്നു. താമസിയാതെ, മൊബൈല്‍ ഫോണുകള്‍ എല്ലാവരുടെയും കൈകളില്‍നിന്നും ആകാശത്തേയ്ക്കു പറക്കാന്‍ തുടങ്ങുന്നു. ഈ നിഗൂഢ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ വസീഗരനെ ചുമതലപ്പെടുത്തുന്നു. പിന്നീട് മൊബൈല്‍ ഫോണുകള്‍ കൊണ്ട് ഉണ്ടാക്കിയ ഭീമന്‍ പക്ഷി, നഗരത്തെ ആക്രമിക്കാന്‍ തുടങ്ങുമ്പോള്‍, വസീഗരന്‍ ചിട്ടി റോബോട്ടിനെ തിരിച്ചുവിളിക്കാന്‍ നിര്‍ബന്ധിതനാവുന്നു.

2.0 ന്റെ കഥ നമ്മള്‍ക്കു തീര്‍ച്ചയായും പരിചിതമാണ്. നമ്മള്‍ സ്‌ക്രീനില്‍ കാണുന്ന അമാനുഷിക സംഭവങ്ങളില്‍ യാതൊരു നിഗൂഢതയുമില്ല. ചിത്രത്തിന്റെ ആരംഭത്തില്‍ ആത്മഹത്യ ചെയ്ത പക്ഷി ശാസ്ത്രജ്ഞനായ പക്ഷിരാജന്‍ (അക്ഷയ്കുമാര്‍) ഉള്‍പ്പെടുന്ന ഫ്‌ളാഷ്ബാക്കിനു വേണ്ടി ആദ്യ പകുതി മുഴുവന്‍ കാത്തിരിക്കാന്‍ നമ്മള്‍ നിര്‍ബന്ധിതരാവുകയാണ്. ഷങ്കറിന്റെ തന്നെ ഇന്ത്യന്‍, ജെന്റില്‍മാന്‍ തുടങ്ങിയ ചിത്രങ്ങളിലേതു പോലെ, ഈ ചിത്രത്തിന്റെ ഫ്‌ളാഷ്ബാക്ക് വൈകാരികതലത്തില്‍ കഠിനമല്ല. പ്രതിനായക കഥാപാത്രത്തിന്റെ സയന്‍സും ഫിക്ഷനും ചേര്‍ന്ന രംഗം പരിചയപ്പെടുത്തുന്നത് ഒഴിച്ചുനിര്‍ത്തിയാല്‍ ആദ്യപകുതിയില്‍ ഒരു സാധാരണ ഹൊറര്‍ ചിത്രത്തിന്റെ മട്ടും ഭാവവുമുള്ള ചലനങ്ങളിലൂടെയാണ് സിനിമ കടന്നുപോകുന്നത്. സൂക്ഷമ ഫോട്ടോണുകള്‍ കൊണ്ടു നിര്‍മിതമായ മനുഷ്യാവരണമുള്ള കഥാപാത്രമാണു ചിത്രത്തിലേത്. എന്നാല്‍ 2.0 ലെ കഥയെ കുറിച്ച് പറയാതിരിക്കുകയാണ് നല്ലത്. ഇപ്പോള്‍ നമ്മള്‍ ശങ്കറിന്റെ സിനിമകള്‍ക്കു പോകുന്നത് കഥയില്‍ ആകൃഷ്ടരായിട്ടല്ലല്ലോ. പലപ്പോഴും പറഞ്ഞ കഥ തന്നെയാണു ഷങ്കര്‍ പുതിയ ചിത്രങ്ങളില്‍ ആവര്‍ത്തിക്കുന്നതെങ്കിലും അദ്ദേഹം ഒരുക്കുന്ന വിശാല കാന്‍വാസാണ് ഷങ്കറിന്റെ ചിത്രങ്ങളില്‍ പ്രതീക്ഷയര്‍പ്പിക്കാന്‍ നമ്മളെ പ്രേരിപ്പിക്കുന്നത്. അത്തരത്തില്‍ നോക്കുമ്പോള്‍ പ്രേക്ഷകനു സംതൃപ്തി തരുന്നതാണ് 2.0.

ചിത്രത്തിന്റെ ആദ്യ പകുതിയില്‍ മനസില്‍ തട്ടുന്ന, വിസ്മയിപ്പിക്കുന്ന വിഷ്വലുകള്‍ കാണാനാവും. നിരത്തുകളിലൂടെ മൊബൈല്‍ ഫോണ്‍ ഇഴഞ്ഞു നീങ്ങുന്നതും, തിളങ്ങുന്ന ഫോണുകളുടെ ഒരു വലിയ കൂട്ടവും, ഭീമാകാരമായ പക്ഷിയുമൊക്കെ സ്‌ക്രീനില്‍ ദൃശ്യ വിസ്മയം സൃഷ്ടിക്കുന്നവ തന്നെയാണ്. ദൃശ്യമികവിനോളം ഉയര്‍ന്നു നില്‍ക്കുന്ന മറ്റൊന്നും ഈ ചിത്രത്തില്‍ വരുന്നില്ലെന്നതാണു സത്യം. ഏലിയന്‍, ടെര്‍മിനേറ്റര്‍ 2 തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളിലെ ദൃശ്യങ്ങളുമായി കിടപിടിക്കുന്ന വിഷ്വലുകള്‍ ഈ ചിത്രത്തിലുമുണ്ട്. ചില കാര്യങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ വിഷ്വല്‍ ഇഫക്ടുകള്‍ മികച്ചു നില്‍ക്കുന്നുമുണ്ട്. പ്രേക്ഷകന്റെ കണ്ണുകള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത വിധം ആകര്‍ഷണീയമാണ് 3ഡി.ഇന്ത്യയില്‍ ആദ്യമായി പൂര്‍ണമായും 3ഡിയില്‍ നിര്‍മിച്ച സിനിമയെന്ന നിലയില്‍ 2.0 ഒട്ടും നിരാശപ്പെടുത്തുന്നുമില്ല.

ചിത്രത്തിന്റെ ആകര്‍ഷണശക്തിയെന്നു പറയാവുന്ന ഒരു ഘടകം തീര്‍ച്ചയായും രജനികാന്ത് തന്നെയാണ്. അതുല്യമായ സ്റ്റൈലിലാണ് രജനികാന്ത് അദ്ദേഹത്തിന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന് രസം പകരുന്നതും അദ്ദേഹത്തിന്റെ അഭിനയമാണ്. പ്രതിനായകന്റെ വേഷത്തിലെത്തുന്ന അക്ഷയ്കുമാറും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നുണ്ട്.

Comments

comments

Categories: Movies
Tags: 2.0