മോദിയും സൗദി കിരീടാവകാശിയും കൂടിക്കാഴ്ച്ച നടത്തി

മോദിയും സൗദി കിരീടാവകാശിയും കൂടിക്കാഴ്ച്ച നടത്തി

ഇന്ത്യയിലെ സൗദി നിക്ഷേപങ്ങളില്‍ ഗണ്യമായ വര്‍ധനയുണ്ടാകുമെന്ന് പ്രതീക്ഷ

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി നടത്തിയ കൂടികാഴ്ച്ചയില്‍ നിരവധി മേഖലകളിലെ നിക്ഷേപം നടത്തുന്നത് സംബന്ധിച്ച് ഇരു രാജ്യങ്ങളും ധാരണായി. സാങ്കേതികവിദ്യ, കൃഷി, ഊര്‍ജം തുടങ്ങിയ മേഖലകളില്‍ അടുത്ത രണ്ട് വര്‍ഷം സൗദി ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്തും.

ബ്യൂണസ് അയേഴ്‌സില്‍ നടന്ന ജി20 സമ്മേളനത്തിനിടെ നടന്ന കൂടിക്കാഴ്ചയില്‍ പരസ്പരം സാമ്പത്തിക സഹകരണം വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് ഇരു നേതാക്കളും സംസാരിച്ചുു. അടുത്ത രണ്ട് മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ സൗദി നിക്ഷേപങ്ങളില്‍ ഗണ്യമായ വര്‍ധനയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പറഞ്ഞു.

സൗദി കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സൗദുമായി ഫലപ്രദമായ ഇടപെടല്‍ ഉണ്ടായതായും സാമ്പത്തിക, സാംസ്‌കാരിക, ഊര്‍ജ രംഗത്തെ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യ-സൗദി അറേബ്യ ബന്ധത്തിന്റെ വിവിധ വശങ്ങള്‍ ചര്‍ച്ച ചെയ്തതായും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യ വികസനം, പെട്രോളിയം, ഊര്‍ജം, ഭക്ഷ്യസുരക്ഷ, ഫിന്‍ടെക്, പ്രതിരോധം എന്നീ മേഖലകളില്‍ സൗദി നിക്ഷേപം വര്‍ധിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ ട്വീറ്റ് ചെയ്തു.

ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗട്ടേഴ്‌സുമായും മോദി കൂടിക്കാഴ്ച നടത്തി. രണ്ടു മാസത്തിനിടെ ഗട്ടേഴ്‌സുമായി പ്രധാനമന്ത്രി രണ്ടാമത്തെ തവണയാണ് ചര്‍ച്ച നടത്തുന്നത്. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്, ജര്‍മന്‍ ചാന്‍സലര്‍ ഏഞ്ചലാ മെര്‍ക്കല്‍ എന്നിവരുമായും ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തുന്നതിന് മോദി നിശ്ചയിച്ചിട്ടുണ്ട്.

Comments

comments

Categories: Current Affairs, Slider