ഓഡിറ്റ് ഫീ: ഡെലോയ്റ്റിനെ പിന്തള്ളി കെപിഎംജി ഒന്നാമത്

ഓഡിറ്റ് ഫീ: ഡെലോയ്റ്റിനെ പിന്തള്ളി കെപിഎംജി ഒന്നാമത്

2017-18 സാമ്പത്തിക വര്‍ഷം ഓഡിറ്റ് ഫീ ഇനത്തില്‍ കെപിഎംജി നേടിയത് 216.38 കോടി രൂപ; 186.11 കോടി രൂപയോടെ ഏണസ്റ്റ് ആന്‍ഡ് യംഗ് രണ്ടാം സ്ഥാനത്ത്

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ഓഡിറ്റ് വ്യവഹാര കമ്പനിയെന്ന പദവി ഇനി നെതര്‍ലാന്‍ഡ്‌സ് ആസ്ഥാനമായ കെപിഎംജിക്ക്. ഡെലോയ്റ്റിനെ പിന്തള്ളിയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഓഡിറ്റ് ഫീ ഇനത്തില്‍ കെപിഎംജി വന്‍ നേട്ടമുണ്ടാക്കിയത്. ഓഡിറ്റ് ഫീ വിഭാഗത്തില്‍ ഇരട്ടിയിലേറെ നേട്ടമുണ്ടാക്കിയ കമ്പനി ഈയിനത്തില്‍ 216.38 കോടി രൂപ നേടിയെടുത്തതായി പ്രൈം ഡാറ്റാ ബേസിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഓഡിറ്റ് ഫീ ഇനത്തില്‍ 64 ശതമാനം മുന്നേറ്റത്തോടെ ഏണസ്റ്റ് ആന്‍ഡ് യംഗ് രണ്ടാം സ്ഥാനം നിലനിര്‍ത്തി. 186.11 കോടി രൂപയാണ് ഓഡിറ്റ് ഫീയായി കമ്പനി നേടിയത്. കെപിഎംജിയുടെ മുന്നേറ്റത്തില്‍ തിരിച്ചടിയേറ്റ ഡെലോയ്റ്റ് മൂന്നാം സ്ഥാനത്തേക്ക് വീണു. 114 കോടി രൂപയുമായി പിഡബ്ല്യുസിയാണ് നാലാം സ്ഥാനത്തെത്തിയ ഓഡിറ്റ് കമ്പനി.

ബിഗ് ഫോര്‍ എക്കൗണ്ടിംഗ് സ്ഥാപനങ്ങളില്‍ ഉള്‍പ്പെടുന്നവയാണ് എണസ്റ്റ് ആന്‍ഡ് യംഗ്, ഡെലോയ്റ്റ്, കെപിഎംജി, പിഡബ്ല്യുസി എന്നിവ. ബിഗ് ഫോറിന് പുറമെ ഗ്രാന്റ് ടോണ്‍ടണുമായി സഹകരിക്കുന്ന വാക്കര്‍ ചാന്ദിയോക്ക്, 52.20 കോടി രൂപയാണ് ഓഡിറ്റ് ഫീ ഇനത്തില്‍ നേടിയത്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ലിസ്റ്റു ചെയ്ത 1,621 കമ്പനികള്‍ നല്‍കിയ ഓഡിറ്റ് ഡാറ്റ അനുസരിച്ച് 2,000 കോടി രൂപയാണ് ഓഡിറ്റ് കമ്പനികള്‍ക്ക് ഫീ ഇനത്തില്‍ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നിന്നും രണ്ട് ശതമാനത്തിന്റെ വര്‍ധനവാണ് ഫീ ഇനത്തില്‍ ഉണ്ടായിരിക്കുന്നത്. ‘ഓഡിറ്റ് ഫീസ് ഇനത്തില്‍ ആധിപത്യം പുലര്‍ത്തുന്നത് ‘ബിഗ് ഫോര്‍’ കമ്പനികള്‍ തന്നെയാണ്. 32 ശതമാനമാണ് ഇവരുടെ പങ്ക്. ഓഡിറ്റിന്റെ സമയത്ത് കിടമല്‍സരം മൂലം ഫീസ് കുറച്ചെങ്കിലും ബിഗ് ഫോര്‍ കമ്പനികള്‍ ഓഡിറ്റ് മാര്‍ക്കറ്റിന്റെ ഗണ്യമായ ഭാഗം സ്വന്തമാക്കിയിരിക്കുകയാണ്,’ പ്രൈം ഡാറ്റാ ബേസിന്റെ മാനേജിംഗ് ഡയറക്റ്റര്‍ പ്രണവ് ഹാല്‍ദിയ പറഞ്ഞു.

ബഹുരാഷ്ട്ര ഓഡിറ്റ് കമ്പനികള്‍ നിരവധി ഉപകമ്പനികളിലൂടെയാണ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷം മുതല്‍ കമ്പനി നിയമപ്രകാരം ഏര്‍പ്പെടുത്തിയ ഓഡിറ്റ് പരിവൃത്തി വ്യവസ്ഥ, കമ്പനികളുടെ സ്ഥിരം ക്ലയന്റുകളെ നഷ്ടപ്പെടുത്തുകയും ലാഭം ഇടിക്കുകയും ചെയ്തിട്ടുണ്ട്. ലിസ്റ്റഡ് കമ്പനികളില്‍ ഏറ്റവുമധികം ക്ലയന്റുകളെ ലഭിച്ചത് കെപിഎംജിക്കാണ്. ഏറ്റവും നഷ്ടമുണ്ടായത് ഡെലോയ്റ്റിനും. ഒന്നാം സ്ഥാനത്തു നിന്ന് മൂന്നാം സ്ഥാനത്തേക്കുള്ള ഡെലോയ്റ്റിന്റെ വീഴ്ചക്ക് കാരണം ഇതാണ്.

ബാങ്കുകളില്‍ നിന്നാണ് ഇത്തവണയും ഓഡിറ്റ് കമ്പനികള്‍ക്ക് വന്‍ നേട്ടമുണ്ടായത്. 296.38 കോടി രൂപ ഓഡിറ്റ് ഫീയായി അടച്ച എസ്ബിഐയാണ് ഇക്കാര്യത്തില്‍ ഒന്നാമത്. കാനറ ബാങ്ക് 78.85 കോടി രൂപയും പഞ്ചാബ് നാഷണല്‍ ബാങ്ക് 78.15 കോടി രൂപയുമാണ് ഓഡിറ്റിംഗ് ഫീയായി അടച്ചത്. ബ്രാഞ്ച് നെറ്റ് വര്‍ക്കുകള്‍ പരിശോധിക്കുന്നതിനും നിയമപരമായ പരാതികള്‍ക്കുമായി ഒന്നിലധികം ഓഡിറ്റര്‍മാരെ ബാങ്കുകള്‍ സമീപിക്കുന്നുണ്ട്. ബാങ്കിംഗ് ഇതര മേഖലയില്‍ ടാറ്റാ മോട്ടോഴ്‌സ് 61.93 കോടി രൂപയും ഹിന്‍ഡാല്‍കോ 61.42 കോടി രൂപയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് 30 കോടി രൂപയും ഓഡിറ്റ് ഫീയായി നല്‍കി.

Comments

comments

Categories: Business & Economy
Tags: KPMG