നിയമയുദ്ധത്തില്‍ മഹീന്ദ്രയ്ക്ക് നേട്ടം

നിയമയുദ്ധത്തില്‍ മഹീന്ദ്രയ്ക്ക് നേട്ടം

ഇന്ത്യന്‍ വാഹന കമ്പനിയായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയ്‌ക്കെതിരെയുള്ള ഫിയറ്റ് ക്രിസ്‌ലറിന്റെ പരാതിയില്‍ കഴമ്പില്ലെന്ന് യുഎസ് അന്താരാഷ്ട്ര വ്യാപാര കമ്മീഷന്റെ അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. ഫിയറ്റ് നിര്‍മിച്ച പഴയകാല ജീപ്പുമായി മഹീന്ദ്രയുടെ റോക്‌സറിനു സാമ്യമുണ്ടെന്നു കാണിച്ചാണ് യുഎസ് ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മീഷനില്‍ ഫിയറ്റ് പരാതി രജിസ്റ്റര്‍ ചെയ്തത്.

അനുമതി ലഭിച്ച ഗ്രില്‍ രൂപകല്‍പ്പനയാണ് മഹീന്ദ്രയുടെ റോക്‌സര്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ബൗദ്ധിക സ്വത്തവകാശ ലംഘനത്തിന്റെ പേരില്‍ മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് ക്രിസ്‌ലര്‍, മഹീന്ദ്രയെ കേസിലേക്ക് വലിച്ചിഴച്ചത്. കമ്മീഷന്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍ അംഗീകരിക്കുകയാണെങ്കില്‍ മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മഹീന്ദ്രയ്ക്ക് റോക്‌സര്‍ ഓഫ് റോഡ് ജീപ്പ് ഇന്ത്യയില്‍ നിന്ന് യുഎസിലേക്ക് കയറ്റുമതി ചെയ്ത് വിപണനം നടത്താന്‍ സാധിക്കും. എഫ്‌സിഎയ്ക്ക് വലിയ തിരിച്ചടിയാണ് കേസില്‍ നേരിട്ടിരിക്കുന്നത്. ഈ മാര്‍ച്ചിലാണ് ഇന്ത്യയിലെ ആഭ്യന്തര വാഹനനിര്‍മ്മാതാക്കളില്‍ പ്രമുഖരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ അമേരിക്കന്‍ നിരത്തിലെ ആദ്യ വാഹനം റോക്‌സര്‍ ഔദ്യോഗികമായി അവതരിപ്പിച്ചത്.

നിയമപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ അമേരിക്കയിലുള്ള ജീപ്പില്‍ നിന്ന് പല മാറ്റങ്ങളും റോക്‌സറില്‍ മഹീന്ദ്ര വരുത്തിയിരുന്നു. മുന്‍ഭാഗം സമഗ്രമായി അഴിച്ചുപണിത വാഹനത്തിന് ഇരുവശങ്ങളിലും ഡോറുകളുമില്ല. ഹാര്‍ഡ് ടോപ്പ് റൂഫും ഒഴിവാക്കിയിട്ടുണ്ട്. മഹീന്ദ്രയുടെ മിഷിഗണിലെ നിര്‍മാണ കേന്ദ്രത്തിലാണ് റോക്‌സറിന്റെ രൂപകല്‍പ്പന പൂര്‍ത്തീകരിച്ചത്. മഹീന്ദ്ര നോര്‍ത്ത് അമേരിക്ക എന്ന ബ്രാന്‍ഡിന് കീഴിലെത്തുന്ന ഓഫ് റോഡര്‍ വാഹനത്തിന് ഏകദേശം 15,000 ഡോളര്‍ (10 ലക്ഷം രൂപ) ആണ് വിപണി വില.

Comments

comments

Categories: Current Affairs