4ജി സ്‌പെക്ട്രം താങ്ങാവുന്ന നിരക്കില്‍ നല്‍കണമെന്ന് ടെലികോം കമ്പനികള്‍

4ജി സ്‌പെക്ട്രം താങ്ങാവുന്ന നിരക്കില്‍ നല്‍കണമെന്ന് ടെലികോം കമ്പനികള്‍

വോഡഫോണ്‍ ഇന്ത്യ, ഭാരതി എയര്‍ടെല്‍, ജിയോ ഇന്‍ഫോകോം, ബിഎസ്എന്‍എല്‍ കമ്പനികളുടെ ഉന്നത ഉദ്യോഗസ്ഥര്‍ ട്രായ് ചെയര്‍മാന്‍ ആര്‍എസ് ശര്‍മയെ കണ്ടു

കൊല്‍ക്കത്ത: 4ജി സ്‌പെക്ട്രം ലൈസന്‍സുകള്‍ താങ്ങാവുന്ന നിരക്കില്‍ നല്‍കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയോട് (ട്രായ്) ടെലികോം കമ്പനികള്‍ ആവശ്യപ്പെട്ടു. സ്‌പെക്ട്രം ലഭ്യതയുമായി ബന്ധപ്പെട്ട് വ്യക്തത വരുത്താനും വിവേകരഹിതമായ ലേലം നിരുല്‍സാഹപ്പെടുത്താനുമായി ഒരു ദീര്‍ഘകാല പദ്ധതി തയാറാക്കാനും ടെലികോം കമ്പനികള്‍ മേഖലയിലെ നിയന്ത്രാതാവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വോഡഫോണ്‍ ഇന്ത്യ, ഭാരതി എയര്‍ടെല്‍, ജിയോ ഇന്‍ഫോകോം, പൊതുമേഖലാ സ്ഥാപനമായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍) എന്നിവയുടെ ഉന്നത ഉദ്യോഗസ്ഥര്‍ ട്രായ് ചെയര്‍മാന്‍ ആര്‍എസ് ശര്‍മയെ സന്ദര്‍ശിച്ചു.

900 മെഗാഹെട്‌സ്, 800 മെഗാഹെട്‌സ്, 1,800 മെഗാഹെട്‌സ് ബാന്‍ഡുകളിലുള്ള തരംഗങ്ങളുടെ പ്രാരംഭ വിലയില്‍ ഇളവുകളും കമ്പനികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബ്രോഡ്ബാന്‍ഡ് നെറ്റ്‌വര്‍ക്കുകളുടെ വിന്യാസത്തിനായി നിക്ഷേപിക്കാന്‍ മതിയായ തുക ഉണ്ടെന്ന് ഉറപ്പു വരുത്താനാണ് ഈ ഇളവ് ആവശ്യപ്പെട്ടിരിക്കുന്നത്. വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്‌പെക്ട്രത്തിന് സര്‍ക്കാര്‍ എങ്ങനെ വില നിശ്ചയിക്കും എന്നതുമായി ബന്ധപ്പെട്ട് മേഖലയുമായി ഒരു സമഗ്രമായ കൂടിയാലോന പ്രക്രിയയില്‍ അടുത്ത വര്‍ഷം മുതല്‍ ഏര്‍പ്പെടുമെന്ന് ട്രായ് ചെയര്‍മാന്‍ പറഞ്ഞു. 4ജി, 5ജി സ്‌പെക്ട്രം വില നിര്‍ണയവുമായി ബന്ധപ്പെട്ട് ട്രായ് ഓഗസ്റ്റില്‍ നടത്തിയ ശുപാര്‍ശകളെ കൂടിയാലോചനകള്‍ ബാധിക്കില്ലെന്നും അദ്ദേഹം വിശദീകരിച്ചു. നിരക്കുകളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇതുവരെ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല.

ഭാവി ലേലങ്ങളുമായി ബന്ധപ്പെട്ടുള്ള നയങ്ങള്‍, സ്‌പെക്ട്രത്തിന്റെ വില നിര്‍ണയവുമായി ബന്ധപ്പെട്ട രീതികള്‍, എയര്‍വേവുകളുടെ പാട്ടം, വ്യാപാരം എന്നിവയുള്‍പ്പടെ സ്‌പെക്ട്രവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ട്രായ്ക്ക് നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് ശര്‍മ പറഞ്ഞു. സ്‌പെക്ട്രവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, നാഷണല്‍ ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ പോളിസി 2018 നടപ്പിലാക്കല്‍, പുതിയ സാങ്കേതികമേഖലകളുടെ വഴിതുറക്കല്‍, ടെലികോം അടിസ്ഥാനസൗകര്യം സൃഷ്ടിക്കുന്നതിലെ വെല്ലുവിളികള്‍ തുടങ്ങിയ വിഷയങ്ങള്‍ ശര്‍മയുമായുള്ള കൂടിയാലോചനയില്‍ ചര്‍ച്ച ചെയ്‌തെന്ന് യോഗത്തില്‍ പങ്കെടുത്ത വോഡഫോണ്‍ ഐഡിയയിലെ ചീഫ് റഗുലേറ്ററി ആന്‍ഡ് കോര്‍പ്പറേറ്റ് അഫയേഴ്‌സ് ഓഫീസര്‍ പി ബാലാജി പറഞ്ഞു.

”ടെലികോം മേഖലയിലെ അവസരങ്ങളെ കുറിച്ചും വെല്ലുവിളികളെ കുറിച്ചുമുള്ള ഒരു സുതാര്യമായ ചര്‍ച്ചയാണ് ടെലികോം നിയന്ത്രാതാവ് സംഘടിപ്പിച്ചത്. ഉല്‍സാഹപൂര്‍വം പ്രവര്‍ത്തിക്കാനും സര്‍ക്കാരിനേയും ട്രായുടെ ഡിജിറ്റല്‍ അജണ്ടയേയും പിന്തുണച്ച് മുന്നോട്ട് പോകാനും ഞങ്ങള്‍ ശ്രമിക്കും,” ബാലാജി വ്യക്തമാക്കി. സര്‍ക്കാരിന് നല്‍കേണ്ടി വരുന്ന ഭീമമായ ടെലികോം നികുതി കുറയ്ക്കണമെന്ന് കമ്പനികള്‍ വീണ്ടും ആവര്‍ത്തിച്ചു. നിലവില്‍ കമ്പനികള്‍ക്ക് ലഭിക്കുന്ന ഓരോ 100 രൂപയിലും 32 രൂപ വീതമാണ് സര്‍ക്കാരിന് നല്‍കേണ്ടി വരുന്നത്.

എട്ട് ലക്ഷം കോടി രൂപയോളം വരുന്ന കടത്തിന്റെയും രൂക്ഷമായ നിരക്ക് യുദ്ധത്തിന്റെയുമിടയില്‍ സമ്മര്‍ദ്ദത്തിലായ ടെലികോം രംഗമാണ് ഈ നികുതി നല്‍കുന്നത്. പുതിയ ടെലികോം നയത്തില്‍ പരാമര്‍ശിച്ചിട്ടുള്ളതു പോലെ 2022ഓടെ സെക്കന്റില്‍ 50 മെഗാബൈറ്റ് വേഗതയില്‍ ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റി ലഭ്യമാക്കുക എന്ന ലക്ഷ്യം നേടിയെടുക്കാന്‍ റൈറ്റ് ഓഫ് വേ അനുമതികളുടെ വേഗത വര്‍ധിപ്പിക്കണമെന്നും കമ്പനികള്‍ വ്യക്തമാക്കി. ഒരു പ്രത്യേക റൂട്ടില്‍ ഒപ്റ്റിക് ഫൈബറുകളും ടവറുകളും പോലുള്ള നെറ്റ്‌വര്‍ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള അവകാശമാണ് റൈറ്റ് ഓഫ് വേ.

Comments

comments

Categories: Business & Economy