ഹ്വാവെയ് ഇന്ത്യയില്‍ 100 എക്‌സ്പീരിയന്‍സ് സോണുകള്‍ തുറക്കും

ഹ്വാവെയ് ഇന്ത്യയില്‍ 100 എക്‌സ്പീരിയന്‍സ് സോണുകള്‍ തുറക്കും

റീട്ടെയ്ല്‍ പങ്കാളികളുമായി സഹകരിച്ചാകും പദ്ധതി നടപ്പിലാക്കുക

ന്യൂഡെല്‍ഹി: ചൈനീസ് ഇലക്ട്രോണിക് ഉപകരണ നിര്‍മാതാക്കളായ ഹ്വാവെയ് അടുത്ത വര്‍ഷത്തോടെ ഇന്ത്യയില്‍ 100 പുതിയ എക്‌സ്പീരിയന്‍സ് സോണുകള്‍ ആരംഭിക്കുമെന്ന് വെളിപ്പെടുത്തി. കമ്പനിയുടെ റീട്ടെയ്ല്‍ പങ്കാളികളുമായി സഹകരിച്ചാകും പദ്ധതി നടപ്പിലാക്കുകയെന്ന് ഹ്വാവെയ് കണ്‍സ്യൂമര്‍ ബിസിനസ് ഗ്രൂപ്പ് സീനിയര്‍ പ്രൊഡക്റ്റ് മാര്‍ക്കറ്റിംഗ് ഡയറക്റ്റര്‍ വാല്ലി യാംഗ് പറഞ്ഞു.

ഈ ആഴ്ച്ച മാറ്റ് 20 പ്രോ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചുകൊണ്ട് രാജ്യത്തെ ഓഫ്‌ലൈന്‍ റീട്ടെയ്ല്‍ മേഖലയിലേക്ക് കമ്പനി ചുവടുവെച്ചിരുന്നു. പ്രാദേശിക ഭാഷയും പഞ്ചാംഗം കലണ്ടര്‍ പോലുള്ള ഫീച്ചറുകളും ഉള്‍പ്പെടുത്തിയാണ് മാറ്റ് 20 പ്രോ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ആദ്യമായാണ് ഒരു പ്രീമിയം മാറ്റ് സീരിസ് ഡിവൈസ് കമ്പനി ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നത്. 69,990 രൂപ വിലയുള്ള മാറ്റ് 20 പ്രോ ആമസോണില്‍ അടുത്ത മാസം മൂന്നു മുതല്‍ പ്രൈം അംഗങ്ങള്‍ക്കും നാലു മുതല്‍ സാധാരണ ഉപഭോക്താക്കള്‍ക്കും ലഭ്യമാകുന്നതാണ്.

ഈ വര്‍ഷം രണ്ടാം പാദത്തിലെ കണക്കനുസരിച്ച് സാംസംഗ് കഴിഞ്ഞാല്‍ ലോകത്തിലെ തന്നെ രണ്ടാമത്തെ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളാണ് ഹ്വാവെയ്. കമ്പനിയുടെ ഒന്നാം നിര വിപണിയായ ഇന്ത്യയിലെ താരതമ്യേന കുറഞ്ഞ വിലയിലുള്ള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ആധിപത്യം നേടുന്നതിനായി ഉപ ബ്രാന്‍ഡായ ഓണറിന്റെ വിപണനത്തിനു മാത്രമാണ് കുറച്ചു മുമ്പ് വരെ ഹ്വാവെയ് പ്രാധാന്യം നല്‍കിയിരുന്നത്. എന്നാല്‍ ഹ്വാവെയ് ബ്രാന്‍ഡിലുള്ള വില കൂടിയ ഫോണുകള്‍ അവതരിപ്പിക്കുന്നതിലൂടെ നിലവില്‍ വണ്‍പ്ലസ്, ആപ്പിള്‍, സാംസംഗ് തുടങ്ങിയവര്‍ ആധിപത്യം പുലര്‍ത്തുന്ന ഇന്ത്യന്‍ പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ വലിയ വിപണി വിഹിതമാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് വ്യക്തമായിരിക്കുകയാണ്.

ഹ്വാവെയുടെ ഇന്നൊവേഷന്‍ ചരിത്രത്തില്‍ ഇന്ത്യ നിര്‍ണായക ഭാഗമാണെന്നും ബെംഗളൂരുവിലെ കമ്പനിയുടെ ഗവേഷണ വികസന കേന്ദ്രം ലോകത്തിലെ തന്നെ ഹ്വാവെയുടെ ഇത്തരത്തിലുള്ള ഏറ്റവും വലിയ സൗകര്യമാണെന്നും വാല്ലി യാംഗ് പറഞ്ഞു. പുതിയ കിരിന്‍ 980 ചിപ്‌സെറ്റ്, ഇഎംയുഐ 9.0 ഒഎസ് പോലുള്ള പല നേട്ടങ്ങളും ഇന്ത്യയിലെ ഗവേഷണ വികസന കേന്ദ്രത്തിലെ എന്‍ജിനീയര്‍മാരുടെ പ്രയ്തനഫലമാണ്. മാറ്റ് 20 പ്രോ ഇന്ത്യന്‍ എന്‍ജിനീയര്‍മാരുടെ പ്രധാന സംഭാവനകളിലൊന്നാണ്- അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Business & Economy
Tags: huawei