ഹീറോ ഇലക്ട്രിക് കയറ്റുമതി ആരംഭിക്കും

ഹീറോ ഇലക്ട്രിക് കയറ്റുമതി ആരംഭിക്കും

നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പന ഇരട്ടിയാക്കുകയാണ് ലക്ഷ്യം

ന്യൂഡെല്‍ഹി : ഹീറോ ഇലക്ട്രിക് അടുത്ത വര്‍ഷം മുതല്‍ ഇരുചക്ര വാഹനങ്ങളുടെ കയറ്റുമതി ആരംഭിക്കും. ഏഷ്യയിലെയും ആഫ്രിക്കയിലെയും രാജ്യങ്ങളിലേക്കാണ് വിവിധ മോഡലുകള്‍ കയറ്റുമതി ചെയ്യുന്നത്. മാത്രമല്ല ആഭ്യന്തര വിപണിയില്‍ നടപ്പു സാമ്പത്തിക വര്‍ഷം വില്‍പ്പന ഇരട്ടിയാക്കുന്നത് ഹീറോ ഇലക്ട്രിക് ലക്ഷ്യം വെയ്ക്കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏകദേശം 30,000 ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളാണ് ഹീറോ ഇലക്ട്രിക് ഇന്ത്യയില്‍ വിറ്റത്.

പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഇന്ത്യന്‍ വിപണിയിലാണെങ്കിലും ചില ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി ആരംഭിക്കുമെന്ന് ഹീറോ ഇലക്ട്രിക് മാനേജിംഗ് ഡയറക്റ്റര്‍ നവീന്‍ മുഞ്ജാല്‍ അറിയിച്ചു. തുടക്കത്തില്‍ ചെറിയ തോതിലുള്ള കയറ്റുമതിയായിരിക്കും നടത്തുന്നത്. അതേസമയം 2020-21 ഓടെ ഇന്ത്യയില്‍ പ്രതിവര്‍ഷം ഒരു ലക്ഷത്തിലധികം ഇരുചക്ര വാഹനങ്ങള്‍ വില്‍ക്കുകയാണ് ലക്ഷ്യം.

2020-21 ഓടെ ഇന്ത്യയിലെ ഡീലര്‍ഷിപ്പുകളുടെ എണ്ണം 900 ആയി വര്‍ധിപ്പിക്കുമെന്ന് നവീന്‍ മുഞ്ജാല്‍ പറഞ്ഞു. നിലവില്‍ 450 ഡീലര്‍ഷിപ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. മാത്രമല്ല, ലുധിയാന പ്ലാന്റിന്റെ ഉല്‍പ്പാദന ശേഷി അടുത്ത വര്‍ഷം ഏപ്രില്‍ മാസത്തോടെ 80,000 യൂണിറ്റായി വര്‍ധിപ്പിക്കും. ദക്ഷിണേന്ത്യയില്‍ പുതിയ പ്ലാന്റിനായി നിക്ഷേപം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

ഓരോ വര്‍ഷവും കുറഞ്ഞത് രണ്ട് പുതിയ മോഡലുകള്‍ വിപണിയിലെത്തിക്കുമെന്ന് നവീന്‍ മുഞ്ജാല്‍ പ്രഖ്യാപിച്ചു. നിലവില്‍ നാല് മോഡലുകളാണ് ഹീറോ ഇലക്ട്രിക് വില്‍ക്കുന്നത്. മികച്ച റേഞ്ചും ആക്‌സലറേഷനും ലഭിക്കുന്നതിന് ലിഥിയം അയണ്‍ ബാറ്ററികളിലാണ് ഇപ്പോള്‍ ഹീറോ ഇലക്ട്രിക് മോഡലുകള്‍ വരുന്നത്.

Comments

comments

Categories: Auto