കേരളത്തിന് 2500 കോടി രൂപ നല്‍കാന്‍ കേന്ദ്രത്തിന് ശുപാര്‍ശ

കേരളത്തിന് 2500 കോടി രൂപ നല്‍കാന്‍ കേന്ദ്രത്തിന് ശുപാര്‍ശ

ന്യൂഡെല്‍ഹി: പ്രളയദുരിതം നേരിട്ട കേരളത്തിന് 2500 കോടിയുടെ അധിക സഹായം നല്‍കാന്‍ കേന്ദ്രത്തിന് ശുപാര്‍ശ. ആദ്യം നല്‍കിയ 600 കോടി രൂപയ്ക്ക് പുറമേയാണിത്. കേന്ദ്രആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതിയാണു ശുപാര്‍ശ ചെയ്തത്. ആഭ്യന്തരമന്ത്രി അധ്യക്ഷനായ ഉന്നതതലസമിതി അംഗീകാരിച്ചാല്‍ കേരളത്തിനു പണം ലഭിക്കും.

ഓഗസ്റ്റിലുണ്ടായ പ്രളയം കേരളത്തിലെമ്പാടും കനത്ത നഷ്ടമാണുണ്ടാക്കിയത്. ആധുനിക കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായിരുന്നു ഇത്. പ്രളയം തകര്‍ത്ത കേരളം ഇപ്പോഴും പൂര്‍ണ്ണമായും കരകയറിയിട്ടില്ല.പ്രളയ ദുരിതാശ്വാസമായി കേരളം ആവശ്യപ്പെട്ടത് 4899 കോടി രൂപയാണ്. 2000 കോടി രൂപ അടിയന്തര സഹായമായി ചോദിച്ചിരുന്നു. എന്നാല്‍ കേരളത്തിന് ഇതുവരെ 600 കോടി രൂപയാണ് എന്‍ഡിആര്‍എഫില്‍ നിന്ന് ലഭിച്ചത്. എന്നാല്‍ പ്രളയകാലത്ത് ഹെലികോപ്റ്ററുകള്‍ എത്തിച്ചതിനും പ്രത്യേക റേഷന്‍ നല്‍കിയതിനും സംസ്ഥാന സര്‍ക്കാര്‍ തുക നല്‍കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടത് നേരത്തേ വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു.

ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ഏജന്‍സികളുടേയും വിലയിരുത്തല്‍ പ്രകാരം 31,000 കോടി രൂപയാണ് പ്രളയദുരിതാശ്വാസമായി കേരളത്തിന് ആവശ്യം. പ്രളയം തകര്‍ത്ത കേരളത്തിന്റെ പുനര്‍നിര്‍മാണം ഇപ്പോഴും മന്ദഗതിയിലാണ്. ഉന്നതതല സമിതി അവസാന തീരുമാനമെടുത്തെങ്കിലേ കേരളത്തിന് സഹായം ലഭിക്കൂ. അടിയന്തരമായി സഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന് കത്തയച്ചിട്ടുണ്ട്.

Comments

comments

Categories: Current Affairs, Slider
Tags: Kerala flood