മാന്ദ്യകാലത്തേക്കുള്ള തിരിച്ചുപോക്ക്

മാന്ദ്യകാലത്തേക്കുള്ള തിരിച്ചുപോക്ക്

ജിഡിപി എട്ടു ശതമാനം കുറയുമെന്നും തൊഴിലില്ലായ്മ 7.5% ഉയരുമെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മുന്നറിയിപ്പ്

യൂറോപ്യന്‍ യൂണിയനുമായി ഒരു കരാറില്‍ ഏര്‍പ്പെടാതെ ബ്രെക്‌സിറ്റുമായി മുമ്പോട്ടു പോകാനുള്ള ബ്രിട്ടന്റെ തീരുമാനം ദൂരവ്യാപകമായ പ്രത്യാഘാത്തിനു വഴിവെക്കുമെന്ന് മുന്നറിയിപ്പ്. സാമ്പത്തിക പ്രതിസന്ധി 2008ലെ മാന്ദ്യത്തിനു സമാനമായ സാഹചര്യം സൃഷ്ടിക്കുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പു നല്‍കുന്നത്. ബ്രെക്‌സിറ്റ് കരാറിനു പാര്‍ലമെന്റിന്റെ പിന്തുണ തേടാനുള്ള പ്രധാനമന്ത്രി തെരേസ മേയുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് യൂറോപ്യന്‍ യൂണിയനുമായി കരാറുണ്ടാക്കുന്നതിനു തടസമായത്. ഇത് ഉടന്‍ തന്നെ സാമ്പത്തിക തകര്‍ച്ചയ്ക്കിടയാക്കുമെന്ന് ബാങ്ക് വ്യക്തമാക്കുന്നു.

ബ്രിട്ടന്റെ സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ഏറ്റവും മോശമായ കാലഘട്ടമാണു വരാന്‍ പോകുന്നതെന്നാണ് ബാങ്കിന്റെ വിലയിരുത്തല്‍. അടുത്തവര്‍ഷത്തോടെ ജിഡിപി എട്ടു ശതമാനം വരെ താഴാനിടയുണ്ട്. ആസ്തിവിലകള്‍ 30 ശതമാനം കുറയുമെന്നും തൊഴിലില്ലായ്മ നിലവിലെ 4.1 ശതമാനത്തില്‍ നിന്ന് 7.5 ശതമാനമായി ഉയരുമെന്നും നാണ്യപ്പെരുപ്പം 6.5 ശതമാനത്തിലേക്ക് ഉയരുമെന്നും ബാങ്ക് വിശകലനം ചെയ്യുന്നു. നാണ്യപ്പെരുപ്പം ഉയരുന്നത് പലിശനിരക്ക് വര്‍ധിക്കാന്‍ കാരണമാകും. ഇത് രാജ്യത്തെ നയിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ മാന്ദ്യത്തിലേക്കായിരിക്കും.

യൂറോപ്യന്‍ യൂണിയനുമായി കരാറുകളൊന്നുമുണ്ടാക്കാതെ ബ്രെക്‌സിറ്റ് നടപ്പാക്കുന്നത് അപകടമാണെന്ന് ബ്രിട്ടീഷ് കേന്ദ്ര ബാങ്കായ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ മാര്‍ക്ക് കാര്‍നി പ്രസ്താവിച്ചിരിക്കുന്നു. കരാറുണ്ടാക്കാതെ ഏകപക്ഷീയമായി ഇറങ്ങിപ്പോരുന്നത് അബദ്ധമായിരിക്കും. ഇത് രാജ്യത്ത് വിലക്കയറ്റമുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഉചിതമായ കരാറുണ്ടാക്കാന്‍ യൂറോപ്യന്‍ യൂണിയനും ബ്രിട്ടണും സാധ്യമായതു ചെയ്യണമെന്ന് കാര്‍നീ പറയുന്നു. കരാറുകളൊന്നുമില്ലാതെ പിരിയാനുള്ള അവസരം സൃഷ്ടിക്കാതിരിക്കാന്‍ ഇരുകക്ഷികളും ശ്രമിക്കണം. നോ ഡീല്‍ ബ്രെക്‌സിറ്റ് നടക്കുകയാണെങ്കില്‍ അതിനെ നേരിടാന്‍ രാജ്യത്തിന്റെ സാമ്പത്തികവ്യവസ്ഥ എല്ലാത്തരത്തിലും സജ്ജമായിരിക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

നോ ഡീല്‍ ബ്രെക്‌സിറ്റ് എന്നാല്‍ കച്ചവടങ്ങള്‍ക്ക് പ്രതിബന്ധമുണ്ടാകുക എന്നാണെന്ന് കാര്‍നി വിശദീകരിച്ചു. സാമ്പത്തികപ്രവര്‍ത്തനങ്ങള്‍ ഗതിമുട്ടുകയും കുറെക്കാലത്തേക്ക് വിലക്കയറ്റമുണ്ടാകുകയും ചെയ്യുമെന്ന് കാര്‍നിവ്യക്തമാക്കി. സാമ്പത്തികരംഗത്ത് ഈ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഇപ്പോള്‍ ചെയ്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. നോ ഡീല്‍ ബ്രെക്‌സിറ്റ് തടയാന്‍ ബന്ധപ്പെട്ട എല്ലാവരും സന്നദ്ധരാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യൂറോപ്യന്‍ യൂണിയനുമായി ഉചിതമായ വ്യാപാരകരാറിലേര്‍പ്പെടാനായില്ലെങ്കില്‍ തെരേസ മേയുടെ ബ്രെക്‌സിറ്റ് കരാര്‍ അടുത്ത അഞ്ചുവര്‍ഷക്കാലത്തെ സാമ്പത്തികവളര്‍ച്ചയെ പിന്നോടിപ്പിക്കുമെന്ന് ബാങ്ക് വിമര്‍ശിക്കുന്നു. യൂറോപ്യന്‍ യൂണിയനുമായി ഒരുസാമ്പത്തികസഹകരണമുണ്ടാക്കണമെന്ന പ്രധാനമന്ത്രിയുടെ നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചാല്‍ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ജിഡിപി 1.75 ശതമാനത്തിലെത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എങ്കിലും 2023 അവസാനമെത്തുമ്പോള്‍ സമ്പദ്‌വ്യവസ്ഥ വളര്‍ച്ച തിരികെപ്പിടിക്കും. ഈ സമയത്ത് യൂറോപ്യന്‍ യൂണിയനുമായി സാമ്പത്തികപങ്കാളിത്തത്തില്‍ പാലിക്കുന്ന ചെറിയ അകലം പോലും സമ്പദ്‌വ്യവസ്ഥയെ ചുരുക്കിയേക്കാം.

നോഡീല്‍ ബ്രെക്‌സിറ്റ് പൗണ്ടിന്റെ മൂല്യം ഇടിക്കുകയും അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്കു നയിക്കുകയും ചെയ്യും. ബ്രെക്‌സിറ്റ് ഏതു രൂപത്തിലായാലും ബ്രിട്ടണ്‍ സാമ്പത്തിക തകര്‍ച്ചയില്‍ നിന്നു രക്ഷപെടാന്‍ പോകുന്നില്ലെന്നാണ് ധനകാര്യമന്ത്രാലയം പറയുന്നത്. പ്രത്യാഘാതം പ്രവചനാത്മകമാണെന്നു ബാങ്ക് പറയുന്നു. സംഭവിക്കുമെന്നുറപ്പില്ലെങ്കിലും ഏറെ സാധ്യത കല്‍പ്പിക്കുന്ന കാര്യങ്ങളാണ് തങ്ങള്‍ വിശ
ദീകരിക്കുന്നത്. സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ അത്ര തുറന്നതല്ലാത്ത സ്വഭാവമുള്ള ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥയുടെ ദിശ, വ്യാപ്തി, വേഗത എന്നിവയെ ആശ്രയിച്ചാണ് ബ്രെക്‌സിറ്റിന്റെ ആഘാതം അനുഭവപ്പെടുക.


രണ്ട് വര്‍ഷം മുമ്പ് ബ്രിട്ടണ്‍, യൂറോപ്യന്‍ യൂണിയനില്‍ നില്‍ക്കണമെന്ന് സമ്മതിച്ചിരുന്നെങ്കില്‍പ്പോലും ഉണ്ടാകുമായിരുന്നതിനേക്കാള്‍ മോശം ഫലങ്ങളാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന് ബാങ്ക് പറയുന്നു. യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന് വോട്ട് ചെയ്തിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്ന ഏതു സാഹചര്യത്തേക്കാളും ജിഡിപി ഒരു ശതമാനത്തോളം താഴ്ന്നു നില്‍ക്കുകയാണിപ്പോള്‍. നോ ഡീല്‍ബ്രെക്‌സിറ്റ് ബ്രിട്ടീഷ് കമ്പനികള്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് കുത്തതായിരിക്കുമെന്ന് ബാങ്ക് പറയുന്നു. കാരണം അവയില്‍ ഭൂരിഭാഗവും യൂറോപ്യന്‍ യൂണിയനുമായി ബ്രിട്ടണ്‍ വേര്‍പിരിയാന്‍ എടുക്കുന്ന നിശ്ചിത കാലകാലഘട്ടത്തെയോ പുതിയ സാമ്പത്തിക പങ്കാളിത്തപദ്ധതിയെക്കുറിച്ചോ ചിന്തിച്ചിട്ടില്ലായിരുന്നു.

ബ്രെക്‌സിറ്റ് സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുകയാണെങ്കില്‍ അഞ്ചുവര്‍ഷം കൊണ്ട് ജിഡിപി മൂന്നു ശതമാനത്തിലേക്കു കൂപ്പുകുത്തുകയും 2022 ആകുമ്പോള്‍ ആസ്തിവില 14 ശതമാനം ഇടിയുകയും തൊഴിലില്ലായ്മ 5.75 ശതമാനമെന്ന മെച്ചപ്പെട്ട നിലയിലേക്ക് എത്തുകയും ചെയ്യുമെന്നാണ് അനുമാനിക്കുന്നത്. എന്നാല്‍ മെച്ചപ്പെട്ട
ഉഭയകക്ഷി ബന്ധം അംഗീകരിക്കപ്പെടുകയാണെങ്കില്‍ ബ്രിട്ടീഷ് സമ്പദ്‌രംഗത്തിന്റെ വളര്‍ച്ച യൂറോപ്യന്‍ യൂണിയനില്‍ തുടരുമായിരുന്നതിനേക്കാള്‍ ഒരു ശതമാനമെങ്കിലും കുറവു രേഖപ്പടുത്തുമായിരുന്നു. എന്നാലിത് ബാങ്ക് കണക്കാക്കിയിരുന്നതിനേക്കാള്‍ 1.5% കൂടുതലാണ്.

എന്നാല്‍ ഉഭയകക്ഷിബന്ധം അത്രകണ്ടു മെച്ചമല്ലെങ്കില്‍ യൂണിയനില്‍ തുടരുമായിരുന്നതിനേക്കാള്‍ 3.75 ശതമാനം താഴെയായിരിക്കും ബ്രിട്ടന്റെ വളര്‍ച്ച. അത് മുന്‍കാല നാണ്യപ്പെരുപ്പ റിപ്പോര്‍ട്ട് കണക്കാക്കിയിരുന്നതിനേക്കാള്‍ 0.75 ശതമാനം കുറവുമായിരിക്കും. 2023 വരെ ഈ നില തുടരുമെന്നാണു ബാങ്കിന്റെ വിലയിരുത്തല്‍. പണപ്പെരുപ്പ് നിരക്ക് കുറയ്ക്കാന്‍ സര്‍ക്കാര്‍ പലിശനിരക്കുകള്‍ താഴ്ത്താന്‍ നിര്‍ബന്ധിതരാണെന്ന് ബാങ്ക് പറയുന്നു. നോ ഡീല്‍ ബ്രെകിസ്റ്റ് ബ്രിട്ടീഷ് സമ്പദ്‌രംഗത്തിന് നല്‍കുന്ന ഞെട്ടല്‍ വലുതായിരിക്കും. വിതരണശൃംഖലയിലെ ആഘാതം ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും ഏല്‍പ്പിക്കുന്ന ക്ഷാമം പണപ്പെരുപ്പ നിരക്ക് ഉയര്‍ത്തും. പലിശ നിരക്കുകള്‍ ഉയര്‍ത്തി ഇതിനെ നേരിടേണ്ടി വരും.

എന്നാല്‍ രാഷ്ട്രീയപരമായി വെല്ലുവിളികള്‍ ഉണ്ടായിയട്ടും ബ്രെക്‌സിറ്റ് നിലപാടില്‍ ഉറച്ചു നില്‍ക്കുമെന്ന നിലപാടിലാണ് തെരേസ മേയ്. ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടണുമായി വാണിജ്യ ഇടപാടുകള്‍ ഉണ്ടാകില്ലെന്നു ഭയക്കുന്നവരാണ് ഉപജാപങ്ങള്‍ക്കു ശ്രമിക്കുന്നതെന്ന് അവര്‍ ആരോപിക്കുന്നു. ബ്രിട്ടണുമായി വാണിജ്യ വിലക്കുണ്ടായാല്‍ അത് തങ്ങളുടെ സാമ്പത്തികതാല്‍പര്യങ്ങള്‍ക്കു ദോഷകരമാണെന്ന് ഇവര്‍ മനസിലാക്കുന്നു. വരും മാസങ്ങള്‍ രാജ്യത്തിന്റെ ഭാവിയെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായകമാകുകയാണെന്ന് മേയ് പറയുന്നു, അതേസമയം, ബ്രിട്ടീഷ് ജനതയുടെ ജനാധിപത്യപരമായ തീരുമാനം നടപ്പാക്കുന്നതില്‍ തന്നില്‍ നിക്ഷിപ്തമായ കടമയെക്കുറിച്ച് തികഞ്ഞ ബോധ്യമുണ്ടെന്നും അവര്‍ അവകാശപ്പെടുന്നു.

പീപ്പിള്‍സ് വോട്ട് എന്ന പേരില്‍ രൂപീകരിച്ച എംപിമാരുള്‍പ്പെടെയുള്ള സംഘടന, അന്തിമബ്രെക്‌സിറ്റ് കരാറിനെക്കുറിച്ച് പൊതുവോട്ടെടുപ്പ് നടത്തുന്നുണ്ട്. യൂണിയനില്‍ തുടരാന്‍ ആഹ്വാനം ചെയ്യുന്ന സംഘടനയാണ് പീപ്പിള്‍സ് വോട്ട്. അന്ധമായ ബ്രെക്‌സിറ്റ് അനുകൂലനയത്തിനെതിരേ മുന്നറിയിപ്പു നല്‍കുകയും വിഷയത്തില്‍ പുതിയ ഹിതപരിശോധന ആവശ്യപ്പെടുകയുമാണ് ഇവര്‍ ചെയ്യുന്നത്. 2019 മാര്‍ച്ച് 29- ന് യൂറോപ്യന്‍ യൂണിയനുമായി ബന്ധം വേര്‍പെടുത്തുമെന്നാണു ബ്രിട്ടന്റെ തീരുമാനം. ഇക്കാര്യത്തില്‍ ഇനിയൊരു ജനഹിതപരിശോധനയുണ്ടാകില്ലെന്നു സര്‍ക്കാര്‍ അസന്ദിഗ്ധമായി വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇതൊരു രാഷ്ട്രീയപോരാട്ടമായി മാറും.

രാഷ്ട്രീയ പ്രത്യാഘാതം

പൗണ്ടിന്റെ മൂല്യം കുറയുമെന്ന കാര്‍നിയുടെ പ്രസ്താവന ബ്രിട്ടിഷ് സമ്പദ്‌രംഗത്തിലുള്ള വിശ്വാസ്യത തകര്‍ക്കുമെന്ന് കണ്‍സര്‍വേറ്റീവ് എംപിയും ബ്രിക്‌സിറ്റ് അനുകൂലിയുമായ ജേക്കബ് റീസ് മോഗ് ആരോപിക്കുന്നു. ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ ഉപയോഗിക്കപ്പെട്ട പദമാണ് പ്രൊജക്റ്റ് ഫിയര്‍. യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന് ആഗ്രഹിച്ചിരുന്നവര്‍ പരത്തിയിരുന്ന അകാരണഭയത്തെയും അശുഭാപ്തിവിശ്വാസത്തെയുമാണ് ഇത് സൂചിപ്പിക്കുന്നത്. പ്രൊജക്റ്റ് ഫിയര്‍ ഇപ്പോള്‍ പ്രൊജക്റ്റ് ഹിസ്റ്റീരിയ ആയിരിക്കുകയാണെന്നു റീസ് മോഗ് ചൂണ്ടിക്കാട്ടുന്നു.

പ്രൊജക്റ്റ് ഫിയര്‍ ഇന്ന് കൈവിട്ടു പോയിരിക്കുന്നുവെന്ന് മുന്‍ കണ്‍സര്‍വേറ്റീവ് നേതാവ് ഐയാന്‍ ഡങ്കന്‍ സ്മിത്ത് ചൂണ്ടിക്കാട്ടുന്നു. പ്രൊജക്റ്റ് ഫിയര്‍ പുനരാവിഷ്‌കരിക്കപ്പെടുകയും ഭൂമി തഴച്ചുവളരുകയും ചെയ്തിരിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു. നോ ഡീല്‍ ബ്രെക്‌സിറ്റ് ബ്രിട്ടന്റെ സ്ഥിതി കൂടുതല്‍ വഷളാക്കുമെന്നാണ് ഷാഡോ ചാന്‍സലര്‍ ജോണ്‍ മക്‌ഡൊണല്‍ അഭിപ്രായപ്പെട്ടത്. 10 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സാമ്പത്തിക മാന്ദ്യത്തേക്കാള്‍ പരിതാപകരമാകും സാഹചര്യം. തെരേസ മേയുടെ കരാര്‍ നില കൂടുതല്‍ വഷളാക്കുമെന്നും അദ്ദേഹം പറയുന്നു.

ബാങ്കിന്റെ നിലപാട്

വിപണികളെ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ആവശ്യമെങ്കില്‍ ബാങ്കുകള്‍ക്ക് വായ്പ നല്‍കാന്‍ തയ്യാറാണെന്നും കാര്‍നി വ്യക്തമാക്കി. അപകടസാധ്യത കൂടുതലായാലും വളരെ കുറഞ്ഞ മൂലധനം നിലനിര്‍ത്താന്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. എങ്കിലും ബാങ്കുകള്‍ക്ക് ഇക്കാര്യത്തില്‍ പരിമിതിയുണ്ടെന്ന് അദ്ദേഹം പറയുന്നു. ബ്രെക്‌സിറ്റിനു പ്രദാനം ചെയ്യാന്‍ കഴിയുന്ന ഉല്‍പ്പാദനക്ഷമതയ്ക്കും വിതരണത്തിനും സവിശേഷ പ്രാധാന്യം നല്‍കാന്‍ സാമ്പത്തികനയങ്ങള്‍ക്ക് കാര്യമായൊന്നും ചെയ്യാനില്ല. ബ്രിട്ടിഷ് സമ്പദ്‌വ്യവസ്ഥയുടെ ഭാവിസാധ്യതകള്‍ കണ്ടെത്തലും തൊഴിലവസരങ്ങളും, യഥാര്‍ഥ വേതനവും സമ്പത്തും, കേന്ദ്രബാങ്കുകളുടെ സമ്മാനമല്ലെന്നും അദ്ദേഹം പറയുന്നു.

അന്തിമ ബ്രെക്‌സിറ്റ് കരാറിനായി പീപ്പിള്‍സ് വോട്ട് വര്‍ഷാദ്യം തന്നെ പ്രചാരണപരിപാടികളുമായി രംഗത്തു വന്നിരുന്നു. ഇതിന് സര്‍ പാട്രിക് സ്റ്റീവാര്‍ട്ട്, ഗാരി ലിനേക്കര്‍ എന്നിവരുള്‍പ്പടെ നിരവധി പ്രമുഖരുടെ പിന്തുണയുമുണ്ടായിരുന്നു. ബ്രെക്‌സിറ്റ് വിരുദ്ധരായ ചില ടോറി അംഗങ്ങള്‍ യൂറോപ്യന്‍യൂണിയനുമായി സാമ്പത്തിക സഹകരണം നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇക്കൂട്ടത്തിലൊരാളായ മുന്‍ വിദ്യാഭ്യാസ സെക്രട്ടറി നിക്കിമോര്‍ഗന്‍ പറയുന്നത് രാജ്യതാല്‍പര്യത്തിനായി പാര്‍ട്ടിവിപ്പ് ലംഘിക്കാനും തയാറാണെന്നാണ്. പാര്‍ട്ടി നേതൃത്വം തങ്ങളെ കബളിപ്പിക്കുകയായിരുന്നു. ബ്രെക്‌സിറ്റ് ഫലങ്ങള്‍ തീര്‍ത്തും കഠിനമായ വൈഷമ്യങ്ങളാണുണ്ടാക്കിയതെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ഏതായാലും ചുരുങ്ങിയ കാലത്തിനുള്ളില്‍ വ്യാപാരസംബന്ധമായ തിരിച്ചടികള്‍ മനസിലാക്കിയ ഇരുവിഭാഗവും തീരുവ ചുമത്തുന്നതു സംബന്ധിച്ചു പങ്കാളിത്തം വേണമെന്ന് ആശിക്കുന്നു. എന്നാല്‍ ബ്രെക്‌സിറ്റ് അനുകൂലികളായ യാഥാസ്ഥിതികര്‍ ഈ ആശയത്തെ അതിശക്തമായി എതിര്‍ക്കുന്നു. ഈ എതിര്‍പ്പ് നിയമം പ്രാബല്യമാക്കുന്നതിനു വിഘാതമായിരിക്കുകയാണ്. ബ്രെക്‌സിറ്റ് ബ്രിട്ടന്റെ വളര്‍ച്ചയ്ക്കുള്ള അവസരമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് പ്രതികരിച്ചു. ഉഭയകക്ഷി വ്യാപാരബന്ധം ശക്തിപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം. മിക്കവാറും വിപണികള്‍ ഇതിനെ തരണം ചെയ്യുമെങ്കിലും ബ്രെക്‌സിറ്റ് ഉത്തരത്തേക്കാള്‍ ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്നുവെന്നതാണ് വാസ്തവം.

Comments

comments

Categories: FK Special, World