ശിശുക്കളുടെ ശവപ്പറമ്പായി മാറിയ യെമന്‍

ശിശുക്കളുടെ ശവപ്പറമ്പായി മാറിയ യെമന്‍

മനുഷ്യ ജീവന് തരിമ്പും വിലയില്ലാത്ത മണ്ണായി മാറിയിരിക്കുകയാണ് അറബ് രാജ്യത്തെ യെമന്‍. ഇറാന്റെ പിന്തുണയുള്ള ഷിയ വിമത സംഘടനയായ ഹൂതികളും സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സുന്നി കക്ഷികളും അല്‍ക്വയ്ദയുടെ അവശിഷ്ട വിഭാഗമായ എക്യുഎപിയും ചേര്‍ന്ന് അക്ഷരാര്‍ഥത്തില്‍ യെമനെ ചോരക്കളമാക്കി മാറ്റിയിരിക്കുന്നു. ഓരോ പത്ത് മിനിറ്റിലും ഒരു കുട്ടി വീതം കൊല്ലപ്പെടുന്ന, കുട്ടികളുടെ ശവപ്പറമ്പായും ഈ ദരിദ്ര രാജ്യം ഇന്ന് കുപ്രസിദ്ധിയാര്‍ജിച്ചു. ഹൊദൈദ തുറമുഖത്തിന്റെ നിയന്ത്രണം ഹൂതികളില്‍ നിന്ന് പിടിച്ചെടുക്കാന്‍ സൗദി സഖ്യം ആരംഭിച്ച നടപടികള്‍ രാജ്യത്തെ കൂടുതല്‍ പ്രതിസന്ധികളിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.

കുട്ടികളുടെ ശവപ്പറമ്പ് എന്ന് അറിയപ്പെടുന്ന രാജ്യമേത് എന്ന ചോദ്യം വന്നാല്‍ കണ്ണും പൂട്ടി ഇപ്പോള്‍ യെമന്‍ എന്ന് ഉത്തരം പറയാം. യെമന്റെ സമീപകാല ദുരവസ്ഥ ഈ വിളിപ്പേരില്‍ നിന്ന് വ്യക്തമാണ്. നാലാം വര്‍ഷത്തിലേക്ക് കടക്കുന്ന യെമന്‍ ആഭ്യന്തര സംഘര്‍ഷത്തിന്റെ ഫലമായി ഓരോ പത്ത് മിനിറ്റിലും ഒരു കുട്ടി വീതം മരിക്കുന്നു. 18 ലക്ഷത്തിലധികം കുട്ടികള്‍ അതീവ ദുരിതങ്ങളിലൂടെ കടന്ന് പോകുന്നു. 30,000 കുട്ടികളുടെ നില അതിശോചനീയമാണ്. എപ്പോള്‍ വേണമെങ്കിലും മരിച്ച് വീണേക്കാം അവരൊക്കെ.

അറബ് രാജ്യമായ യെമനെ അടിമുടി ഉലച്ചിരിക്കുന്ന ആഭ്യന്തര സംഘര്‍ഷത്തില്‍ ഇതിനകം 80,000 ല്‍ അധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരിക്കാമെന്നാണ് അനൗദ്യോഗിക കണക്ക്. 2014 സെപ്റ്റംബറില്‍ ആഭ്യന്തര സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട പാടെ വിമത സൈന്യമായ ഹൂതികള്‍ തലസ്ഥാനമായ സനാ പിടിച്ചെടുത്തിരുന്നു. ഇപ്പോഴും സനായുടെ നിയന്ത്രണം ഷിയാ വിഭാഗക്കാരായ ഹൂതികളുടെ കൈവശം തന്നെയാണ്. ഷിയാ ലോകത്തെ നയിക്കുന്ന ഇറാന്‍ തന്നെയാണ് ഹൂതികള്‍ക്ക് ആളും അര്‍ഥവും നല്‍കി പിന്നണിയില്‍ ഉള്ളതെന്നാണ് യെമനിലെ ഔദ്യോഗിക സര്‍ക്കാരിന്റെ പക്ഷം.

സൗദി അറേബ്യയുടെ എക്കാലത്തേയും ഉറ്റമിത്രമായ സുന്നി വിഭാഗക്കാരനായ മന്‍സൂര്‍ ഹൈദിനെ, യമനിലെ രണ്ടാമത്തെ വലിയ നഗരമായ ഏദനിലേക്ക് തുരത്തിയാണ് ഹൂതികള്‍ തലസ്ഥാനം പിടിച്ചെടുത്തത്. കഴിഞ്ഞ നാല് വര്‍ഷമായി കൊട്ടാരവും ഓഫീസും ഉപേക്ഷിച്ച് ഏദനില്‍ കഴിയുകയാണ് യെമന്‍ പ്രസിഡന്റ് മന്‍സൂര്‍. സുന്നി ലോകത്തെ നയിക്കുന്ന സൗദി അറേബ്യയുടെ അചഞ്ചല പിന്തുണയില്‍ ഔദ്യോഗികമായി യെമന്‍ പ്രസിഡന്റ് പദവി മന്‍സൂര്‍ അലങ്കരിക്കുന്നുണ്ടെങ്കിലും രാജ്യത്തിന്റെ മുക്കാല്‍ പങ്കും വിമതരുടെ നിയന്ത്രണത്തിലാണ്. രാജ്യത്തിന്റെ 36 ശതമാനം പ്രവിശ്യയും നിയന്ത്രിക്കുന്നത് എക്യുഎപി (അല്‍ക്വയ്ദ ഇന്‍ ദി അറേബിയന്‍ പെനിന്‍സുല ആന്‍ഡ് ഇസ്ലാമിക് സ്റ്റേറ്റ്) എന്ന ഇസ്ലാമിക തീവ്രവാദ വിഭാഗക്കാരാണ്. ഔദ്യോഗിക സര്‍ക്കാരിനേയും ഹൂതികളേയും എതിര്‍ത്തുകൊണ്ട് എക്യുഎപി നിലയുറപ്പിച്ചിരിക്കുന്നത് കാര്യങ്ങള്‍ ഏറെ സങ്കീര്‍ണ്ണമാക്കിയിരിക്കുകയാണ്.

സൗദി അറേബ്യയുമായി ഏറ്റവുമധികം അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് യെമന്‍. അറേബ്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ദരിദ്ര രാജ്യവും ഇതുതന്നെയാണ്. നാല് വര്‍ഷത്തെ ആഭ്യന്തര സംഘര്‍ഷങ്ങളുടെ ഫലമായി പല നഗരങ്ങളും തകര്‍ന്ന് തരിപ്പണമായി മാറിയിരിക്കുന്നു. ഓരോ ദിവസവും കൊല്ലപ്പെടുന്നത് ശരാശരി 130 കുട്ടികളാണ്. 30 ലക്ഷം ആള്‍ക്കാര്‍ പിറന്ന മണ്ണില്‍ നിന്നും പറിച്ചെറിയപ്പെട്ട് ആഭ്യന്തര അഭയാര്‍ഥികളായി മാറിയിരിക്കുന്നു. കടുത്ത പകര്‍ച്ചാ വ്യാധി ഭീഷണികളാണ് ഈ ജനത നേടിടേണ്ടി വന്നിരിക്കുന്നത്. കോളറ അടക്കമുള്ള പകര്‍ച്ചാ വ്യാധികള്‍ മൂലം 12 ലക്ഷം ജനങ്ങള്‍ ദുരിതം അനുഭവിക്കുന്നുണ്ട്.

പശ്ചിമേഷ്യയിലെ രണ്ടാമത്തെ വലിയ രാജ്യമാണ് യെമന്‍. രണ്ട് കോടി 83 ലക്ഷം ജനസംഖ്യയുള്ള രാജ്യത്ത് പാതിയിലേറെ ജനങ്ങളും കടുത്ത ദാരിദ്ര്യമനുഭവിക്കുന്നു. സൗദി അറേബ്യയും ഇറാനും ഭൗമരാഷ്ട്രീയത്തില്‍ മേല്‍ക്കൈ നേടുന്നതിനായി അടരാടുമ്പോള്‍ ലക്ഷക്കണക്കിന് യെമനികളാണ് തീവ്ര ദുരിതത്തിലേക്ക് എടുത്തെറിയപ്പെടുന്നത്. സൗദിയിലെ മൊഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ തികച്ചും വൈരാഗ്യ ബുദ്ധിയോടെയാണ് ഹൂതികളോട് പെറുമാറുന്നത്. യുഎഇയും സൗദിയും കൂടുതല്‍ സൈന്യത്തെ അയച്ച് ഷിയാകളെ അടിച്ചമര്‍ത്തുന്നു എന്നതാണ് ഹൂതികളുടെ പ്രധാന ആക്ഷേപം. ഇറാനാകട്ടെ മേഖലയിലെ ബലതന്ത്രത്തില്‍ പ്രധാനപ്പെട്ട നാല് പശ്ചിമേഷ്യന്‍ തലസ്ഥാനങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണ്. സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസ്, ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദ്, ലെബനനിലെ ബെയ്‌റൂട്ട് എന്നിവക്ക് പുറമെ ഷിയാ വിഭാഗക്കാരായ ഹൂതികളിലൂടെ യെമന്‍ തലസ്ഥാനമായ സനായും ഇന്ന് ടെഹ്‌റാന്റെ ചൂണ്ടുവിരലിലാണ്.

ലെബനനിലെ ഹിസ്ബുള്ള എന്ന ഷിയാ സംഘടനയ്ക്ക് സമാനമായി തന്നെ യെമനിലെ ഹൂതികളേയും ഇറാന്‍ സഹായിക്കുന്നു എന്നതാണ് സൗദിയുടേയും അമേരിക്കയുടേയും ആരോപണം. ഇറാനില്‍ നിന്ന് ആയുധങ്ങളുമായെത്തിയ കപ്പല്‍ ഹൂതികള്‍ക്ക് യുദ്ധ മുഖത്ത് ഏറെ സഹായകമാവുന്നുമുണ്ട്. ചാവുകടലിനോട് ചേര്‍ന്നുള്ള ഹൊദൈദ തുറമുഖത്തിന്റെ നിയന്ത്രണം പിടിച്ചടക്കാനും കടുത്ത പോരാട്ടം നടക്കുകയാണ്. കാരണം യെമനിലേക്കുള്ള ഇറക്കുമതിയുടെ 70 ശതമാനവും നടക്കുന്നത് ഹൊദൈദ തുറമുഖം വഴിയാണ്. തയ്‌സ് എന്ന മൂന്നാമത്തെ നഗരം പിടിക്കാനും കടുത്ത പോരാട്ടമാണ് നടക്കുന്നത്. പ്രസിഡന്റ് മന്‍സൂര്‍ ഹൈദ്, മുന്‍ പ്രസിഡന്റ് കൂടിയായ ഹൂതി നേതാവ് അലി അബ്ദുള്ള സലോഗ് എന്നിവരുടെ നേതൃത്വത്തിലാണ് ഈ കൂട്ടക്കുരുതികള്‍ എല്ലാം അരങ്ങേറുന്നത്.

ഷിയാ-സുന്നി ലോകത്തെ മേധാവിത്തം സ്ഥാപിക്കാന്‍ ഇറാനും സൗദി അറേബ്യയും ആളും ആയുധവും കൊടുത്ത് യെമന്‍, സിറിയ, ലെബനന്‍, ഇറാഖ് എന്നിവിടങ്ങളിലെല്ലാം സംഘര്‍ഷങ്ങള്‍ അഴിച്ച് വിടുകയാണ്. ജനാധിപത്യത്തില്‍ തീരെ വിശ്വാസമില്ലാത്ത ഭരണകൂടങ്ങള്‍ ജനങ്ങളെ വറുതിയുടേയും പട്ടിണിയുടേയും ലോകത്തേക്ക് നയിക്കുന്ന ഭീതിദമായ കാഴ്ചകളാണ് ഇവിടെയെല്ലാം കാണാനാവുന്നത്. യെമന്‍ എന്ന കുട്ടികളുടെ നരകം അടുത്തിടെയൊന്നും ആ പദവി കൈവിടില്ലെന്നു തോന്നുന്നു. പശ്ചിമേഷ്യയിലെ ഏറ്റവും ദരിദ്ര രാജ്യത്തെ എണ്ണപ്പണം കൊണ്ട് പുളയ്ക്കുന്ന രണ്ട് വമ്പന്മാര്‍ അക്ഷരാര്‍ത്ഥത്തില്‍ ശവപ്പറമ്പാക്കി മാറ്റിയിരിക്കുകയാണ്.

Comments

comments

Categories: Editorial, Slider
Tags: Yemen