കരുതല്‍ മൂലധനത്തില്‍ നിലപാടിലുടറച്ച് റിസര്‍വ് ബാങ്ക്

കരുതല്‍ മൂലധനത്തില്‍ നിലപാടിലുടറച്ച് റിസര്‍വ് ബാങ്ക്

ബേസല്‍ 3 മാനദണ്ഡങ്ങള്‍ ജി 20 രാജ്യങ്ങളോടുള്ള ഇന്ത്യയുടെ ഉറപ്പിന്റെ ഭാഗമാണെന്നും ഉര്‍ജിത് പട്ടേല്‍

ന്യൂഡെല്‍ഹി: ആഗോള സാമ്പത്തിക അനിശ്ചിതാവസ്ഥയുടെ പശ്ചാത്തലത്തില്‍ കേന്ദ്രബാങ്കിന് സുരക്ഷിതമായ കരുതല്‍ മൂലധനം അത്യാവശ്യമാണെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ) ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ ആവര്‍ത്തിച്ചു. സാമ്പത്തിക കാര്യ പാര്‍ലമെന്ററി സമിതിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഉര്‍ജിത് പട്ടേല്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി വ്യക്തമാക്കിയത്. കരുതല്‍ ധനത്തിന്റെ വിനിയോഗവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരുമായുള്ള വിയോജിപ്പുകള്‍ തുടരുന്നുവെന്ന് ഇതിലൂടെ വ്യക്തമാക്കിയെങ്കിലും സര്‍ക്കാരിനെതിരേ നേരിട്ടുള്ള പരാമര്‍ശങ്ങള്‍ കേന്ദ്ര ബാങ്ക് ഗവര്‍ണര്‍ നടത്തിയിട്ടില്ല. കേന്ദ്ര ബാങ്കിന്റെ മൂലധന വിനിയോഗം സംബന്ധിച്ച ഒരു ചട്ടക്കൂട് നിശ്ചയിക്കാനായി ആര്‍ബിഐയും കേന്ദ്ര സര്‍ക്കാരും തമ്മില്‍ ചര്‍ച്ചകള്‍ തുടരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ നിലപാട് ശ്രദ്ധേയമാകുന്നത്.

സ്വയംഭരണാവകാശവുമായി ബന്ധപ്പെട്ടും ആര്‍ബിഐ നിയമത്തിലെ സെക്ഷന്‍ 7 കേന്ദ്ര സര്‍ക്കാര്‍ പ്രയോഗിച്ചക്കുന്നതു സംബന്ധിച്ചും 31 അംഗ കമ്മിറ്റിക്ക് രേഖാമൂലം മറുപടി നല്‍കുമെന്ന് പട്ടേല്‍ പറഞ്ഞു. 15 ദിവസത്തെ സമയമാണ് ഈ വിഷയങ്ങളിലെ പ്രതികരണമറിയിക്കാന്‍ പാനല്‍ ഉര്‍ജിത് പട്ടേലിനു നല്‍കിയിരിക്കുന്നതെന്ന് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ചൊവ്വാഴ്ച്ചത്തെ കൂടിക്കാഴ്ചയില്‍ പാര്‍ലമന്ററി സമിതിയുടെ വിവാദപരമായ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാനാണ് അദ്ദേഹം ശ്രമിച്ചത്.

ഇന്ത്യന്‍, ആഗോള സമ്പദ്‌വ്യവസ്ഥയുടെ നിലവിലെ സാഹചര്യം സംബന്ധിച്ച് പട്ടേല്‍ അവതരണം നടത്തി. സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയില്‍ പട്ടേല്‍ ശുഭപ്രതീക്ഷ പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിക്കുന്നു. നാല് വര്‍ഷത്തെ ഉയര്‍ന്ന വിലയില്‍ നിന്നും ഇന്ധന വില താഴുന്നത് സ്മ്പദ്ഘടനയുടെ വളര്‍ച്ചയ്ക്ക് കാരണമാകുമെന്ന് അദ്ദേഹം സമിതിയോട് സംസാരിക്കവെ പറഞ്ഞു. അടിസ്ഥാന സാമ്പത്തിക ഘടകങ്ങള്‍ ശക്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.

വായ്പാവളര്‍ച്ച 15 ശതമാനമാണെന്ന് ചൂണ്ടിക്കാണിച്ച ഉര്‍ജിത് പട്ടേല്‍ 2016 നവംബറിലെ നോട്ടുനിരോധനം സമ്പദ്‌വ്യവസ്ഥയില്‍ താല്‍ക്കാലികമായ പ്രതിഫലനം മാത്രമാണ് സൃഷ്ടിച്ചതെന്നും പറഞ്ഞു.

ബാങ്കുകള്‍ക്കുള്ള ബേസല്‍ 3 മൂലധന പര്യാപ്തത മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ചും പാനലില്‍ ചോദ്യം ഉയര്‍ന്നു. ആഗോള മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് ആര്‍ബിഐ ഇത് നിഷ്‌കര്‍ഷിക്കുന്നതെന്നും ജി-20 രാജ്യങ്ങളോടുള്ള ഇന്ത്യയുടെ പ്രതിജ്ഞാബന്ധമായ നിലപാടിന്റെ കൂടി ഭാഗമാണിതെന്നും ഉര്‍ജിത് പട്ടേല്‍ വിശദീകരിച്ചു.

Comments

comments

Categories: Business & Economy, Slider
Tags: RBI