ബജാജ് ഡോമിനര്‍ നോണ്‍ എബിഎസ് നിര്‍ത്തി

ബജാജ് ഡോമിനര്‍ നോണ്‍ എബിഎസ് നിര്‍ത്തി

ഡിമാന്‍ഡ് കുറഞ്ഞതാണ് വില്‍പ്പന അവസാനിപ്പിക്കാന്‍ കാരണമെന്ന് കരുതുന്നു

ന്യൂഡെല്‍ഹി : ബജാജ് ഡോമിനര്‍ 400 മോട്ടോര്‍സൈക്കിളിന്റെ നോണ്‍ എബിഎസ് വേരിയന്റ് ഇനി ലഭിക്കില്ല. ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്) ഇല്ലാത്ത വേരിയന്റ് കമ്പനി തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍നിന്ന് ഒഴിവാക്കി. എബിഎസ് ഇല്ലാത്ത വേരിയന്റിന് ഇപ്പോള്‍ ബുക്കിംഗ് സ്വീകരിക്കുന്നില്ലെന്നും വില്‍പ്പന നടത്തുന്നില്ലെന്നും വിവിധ ഡീലര്‍ഷിപ്പുകള്‍ വ്യക്തമാക്കി. നോണ്‍ എബിഎസ് വേരിയന്റിന് ആവശ്യക്കാര്‍ കുറഞ്ഞതാണ് വില്‍പ്പന അവസാനിപ്പിക്കാന്‍ കാരണമെന്ന് കരുതുന്നു.

ബജാജ് ഡോമിനര്‍ 400 മോട്ടോര്‍സൈക്കിളിന്റെ വില്‍പ്പന കമ്പനി വിചാരിച്ച പോലെ നടക്കുന്നില്ല. വില്‍പ്പന വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പരിഷ്‌കരിച്ച ഡോമിനര്‍ 400 വൈകാതെ വിപണിയിലെത്തിക്കും. ബൈക്ക് പരീക്ഷണ ഓട്ടം നടത്തുന്നത് പലപ്പോഴായി കണ്ടെത്തിയിരുന്നു. 2019 ബജാജ് ഡോമിനര്‍ 400 മോട്ടോര്‍സൈക്കിളിലെ പ്രധാന മാറ്റങ്ങളിലൊന്ന് മുന്നിലെ ഇന്‍വെര്‍ട്ടഡ് ഫോര്‍ക്കുകളായിരിക്കും. കൂടാതെ ബൈക്കിന്റെ എക്‌സോസ്റ്റ് പരിഷ്‌കരിച്ചിട്ടുണ്ട്. എക്‌സോസ്റ്റ് നോട്ട് കുറേക്കൂടി മികച്ചതായിരിക്കുമെന്ന് പ്രതീക്ഷിക്കാം.

നിലവില്‍ 1.63 ലക്ഷം രൂപയാണ് ബജാജ് ഡോമിനര്‍ 400 മോട്ടോര്‍സൈക്കിളിന്റെ വില. പരിഷ്‌കരിച്ച പതിപ്പ് വിപണിയിലെത്തുമ്പോള്‍ വില വര്‍ധിച്ചേക്കും. മോട്ടോര്‍സൈക്കിളിന്റെ വില ഈ വര്‍ഷം നാല് തവണയാണ് വര്‍ധിപ്പിച്ചത്. ഈ വര്‍ഷം ആകെ 7,000 രൂപ വില വര്‍ധിച്ചു. 2016 ഡിസംബറിലാണ് ബജാജിന്റെ ഫ്‌ളാഗ്ഷിപ്പ് മോട്ടോര്‍സൈക്കിളായി ഡോമിനര്‍ 400 വിപണിയില്‍ അവതരിപ്പിച്ചത്.

Comments

comments

Categories: Auto