പുതിയ എര്‍ട്ടിഗ ഭാരത് എന്‍ക്യാപ് പാലിക്കും

പുതിയ എര്‍ട്ടിഗ ഭാരത് എന്‍ക്യാപ് പാലിക്കും

നിലവിലുണ്ടായിരുന്ന എര്‍ട്ടിഗയേക്കാള്‍ ദൃഢഗാത്രനും കായബലമുള്ളവനുമാണ് പുതിയ എര്‍ട്ടിഗ.

ന്യൂഡെല്‍ഹി : പുതിയ എര്‍ട്ടിഗ ഭാരത് എന്‍ക്യാപ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതാണെന്ന് മാരുതി സുസുകി. ഭാരം കുറഞ്ഞതും അതേസമയം കരുത്തുറ്റതുമായ ഹാര്‍ട്ടെക്റ്റ് പ്ലാറ്റ്‌ഫോമാണ് പുതിയ എര്‍ട്ടിഗ അടിസ്ഥാനമാക്കിയിരിക്കുന്നത്. കൂടാതെ മള്‍ട്ടി പര്‍പ്പസ് വാഹനത്തിന്റെ എല്ലാ വേരിയന്റുകളിലും കൂടുതല്‍ സുരക്ഷാ ഫീച്ചറുകള്‍ നല്‍കി. വിപണി വിടുന്ന എര്‍ട്ടിഗയേക്കാള്‍ സുരക്ഷിതമാണ് പുതിയ എര്‍ട്ടിഗ. ഭാരത് എന്‍ക്യാപിന്റെ ഫ്രണ്ട് ഓഫ്‌സെറ്റ് ഇംപാക്റ്റ്, സൈഡ് ഇംപാക്റ്റ്, പെഡസ്ട്രിയന്‍ പ്രൊട്ടക്ഷന്‍ ടെസ്റ്റുകളില്‍ വിജയിക്കുന്നവനാണ് പുതിയ എര്‍ട്ടിഗയെന്ന് മാരുതി അവകാശപ്പെട്ടു.

ഹാര്‍ട്ടെക്റ്റ് എന്ന പുതിയ പ്ലാറ്റ്‌ഫോം ഉപയോഗിച്ചതോടെ പുതിയ എര്‍ട്ടിഗയുടെ ഭാരം മുന്‍ഗാമിയേക്കാള്‍ 10-20 കിലോഗ്രാം (വിവിധ വേരിയന്റുകള്‍ക്കനുസരിച്ച്) കുറഞ്ഞു. അതേസമയം നിലവിലുണ്ടായിരുന്ന എര്‍ട്ടിഗയേക്കാള്‍ ദൃഢഗാത്രനും കായബലമുള്ളവനുമാണ് പുതിയ എര്‍ട്ടിഗ.

മുന്‍ തലമുറ എര്‍ട്ടിഗയില്‍നിന്ന് വ്യത്യസ്തമായി ഇരട്ട ഫ്രണ്ട് എയര്‍ബാഗുകള്‍, ഇബിഡി സഹിതം എബിഎസ്, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, സ്പീഡ് സെന്‍സിറ്റീവ് ഡോര്‍ ലോക്കുകള്‍, സ്പീഡ് വാണിംഗ് സിസ്റ്റം, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേഡായി നല്‍കി. ഉയര്‍ന്ന വേരിയന്റുകളുടെ മുന്‍ സീറ്റില്‍ ഉയരം ക്രമീകരിക്കാവുന്ന സീറ്റ് ബെല്‍റ്റുകള്‍, ടോപ് വേരിയന്റിന് റിയര്‍ പാര്‍ക്കിംഗ് കാമറ എന്നിവ അധികമായി ലഭിച്ചു. ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം (ഇഎസ്പി), ഹില്‍-ഹോള്‍ഡ് ഫംഗ്ഷന്‍ എന്നിവയാണ് ഓട്ടോമാറ്റിക് വേരിയന്റുകളില്‍ നല്‍കിയ അധിക സുരക്ഷാ ഫീച്ചറുകള്‍.

Comments

comments

Categories: Auto