ഡിജിറ്റല്‍ മാധ്യമരംഗത്ത് സാമ്രാജ്യം തീര്‍ത്ത 22-കാരി

ഡിജിറ്റല്‍ മാധ്യമരംഗത്ത് സാമ്രാജ്യം തീര്‍ത്ത 22-കാരി

അമേരിക്കന്‍ വിനോദരംഗത്തെ താരമാണ് ലിസ കോശി എന്ന പെണ്‍കുട്ടി. വൈന്‍ എന്ന വീഡിയോ ഹോസ്റ്റിംഗ് സര്‍വീസിലൂടെ കോമഡി പരിപാടികള്‍ അവതരിപ്പിച്ച് പിന്നീട് യു ട്യൂബ് ചാനലില്‍ ജനപ്രിയ താരമായി മാറിയ ലിസ നിരവധി സിനിമകളിലും ടിവി പരിപാടികളിലും അഭിനേതാവിന്റെയും അവതാരകയുടെയും വേഷത്തിലെത്തി. എണ്ണമറ്റ പുരസ്‌ക്കാരങ്ങളും ലിസയെ തേടിയെത്തി. യു ട്യൂബിലും, ഇന്‍സ്റ്റാഗ്രാമിലും, ഫേസ്ബുക്കിലും ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങളില്‍ ലിസയെ പിന്തുടരുന്നവര്‍ ലക്ഷക്കണക്കിന് വരും.

ഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി യു ട്യൂബിലെ ഏറ്റവും വലിയ താരങ്ങളിലൊരാളായി മാറിയിരിക്കുകയാണ് 22-കാരിയായ ലിസ. ഭാവിയിലെ വാഗ്ദാനങ്ങളെന്നു കരുതപ്പെടുന്ന 30 വയസിനു താഴെയുള്ള 30 പേരുടെ ഫോബ്‌സ് പട്ടികയില്‍ ലിസ സ്ഥാനം പിടിക്കുകയും ചെയ്തു. അമേരിക്കയില്‍ താമസിക്കുന്ന, ലോകം അറിയപ്പെടുന്ന യു ട്യൂബ് പേഴ്‌സനാലിറ്റിയായ ലിസയ്ക്ക് കേരളവുമായി ബന്ധമുണ്ടെന്നതാണ് ഏറ്റവും കൗതുകകരമായൊരു കാര്യം. ലിസയുടെ പിതാവ് ജോസ് കോശി മലയാളിയും, അമ്മ ജീന്‍ കരോള്‍ വെള്ളക്കാരിയുമാണ്.

എന്റെ ഓഫീസ് അടിസ്ഥാനപരമായി എന്റെ ഫോണ്‍ ആണ്, ‘എന്ന് നടിയും കൊമേഡിയനുമായ ലിസ കോശി പറയുന്നു. തീര്‍ച്ചയായും ലിസയുടെ എല്ലാ ആരാധകരും അവിടെയാണ്. ലിസയുടെ യു ട്യൂബ് ചാനലിന് 16.3 ദശലക്ഷം വരിക്കാരും 2.5 ബില്യന്‍ വ്യൂകളും (views) ഉണ്ട്. വിദൂഷക വേഷം കെട്ടല്‍, ഹാസ്യാനുകരണം എന്നിവയിലാണ് ലിസ സ്‌പെഷ്യലൈസ് ചെയ്യുന്നത്. spoofs the makeup tutorials എന്നത് ലിസയുടെ ഏറ്റവുമധികം പേര്‍ വീക്ഷിച്ച വീഡിയോകളിലൊന്നാണ്. യു ട്യൂബില്‍ വലിയ രീതിയില്‍ പ്രചരിച്ച ഒന്നുകൂടിയായിരുന്നു ആ വീഡിയോ.


വൈനില്‍ നിന്നും തുടക്കം

മറ്റേതൊരു ഡിജിറ്റല്‍ രംഗത്തെ താരങ്ങളെയും പോലെ, യുഎസിലെ ഹൂസ്റ്റണ്‍ സ്വദേശിയായ ലിസ, വൈന്‍ (Vine) എന്ന ഹ്രസ്വ ദൈര്‍ഘ്യമുള്ള വീഡിയോ ഹോസ്റ്റിംഗ് സര്‍വീസിലൂടെയാണ് ഈ മേഖലയിലേക്കു കടന്നുവന്നത്. 2013-ല്‍ വൈന്‍ എന്ന ആപ്പ് ലോഞ്ച് ചെയ്ത് ഏതാനും മാസങ്ങള്‍ക്കു ശേഷം സ്വന്തം സെല്‍ഫോണില്‍ ആറ് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ഷൂട്ട് ചെയ്ത് തുടങ്ങി. കൂടുതലും ഹാസ്യ സ്വഭാവമുള്ളവയായിരുന്നു. Lizzza എന്ന തൂലികാനാമത്തിലായിരുന്നു ആദ്യം വീഡിയോകള്‍ വൈനില്‍ പോസ്റ്റ് ചെയ്തിരുന്നത്. സുഹൃത്തുക്കളുമൊപ്പം കാറിന്റെ മുകളില്‍ കയറുന്ന ദൃശ്യങ്ങളായിരുന്നു ആദ്യ വീഡിയോ ക്ലിപ്പ്. ഇത് വൈനില്‍ പോസ്റ്റ് ചെയ്തു. മെല്ലെ മെല്ലെ ലിസ, കാമറയില്‍ പടം പിടിക്കാനുള്ള കഴിവും, വ്യക്തിയെന്ന നിലയില്‍ കോമഡി അവതരിപ്പിക്കാനുള്ള കഴിവുമൊക്കെ വികസിപ്പിച്ചെടുത്തു. ലിസ വൈനില്‍ പോസ്റ്റ് ചെയ്യുന്ന വീഡിയോകള്‍ക്ക് കാഴ്ചക്കാര്‍ കൂടി വന്നു. ഏഴ് മില്യന്‍ പേര്‍ വൈനില്‍ മാത്രം ലിസയെ പിന്തുടരുന്ന തലത്തിലെത്തി. ഇതോടെ വൈനിലെ ഷോര്‍ട്ട് ക്ലിപ്പുകള്‍ പിന്നിട്ട് മറ്റൊരു തലത്തിലേക്ക് ചുവടുവയ്ക്കണമെന്ന ആഗ്രഹം കൂടിവന്നു.

കുറച്ചുകൂടി വിപുലമായ ഓഡിയന്‍സിലേക്ക് ഇറങ്ങി ചെല്ലണമെന്നും തോന്നിത്തുടങ്ങി. അങ്ങനെ 2015 ജുലൈയില്‍ യു ട്യൂബ് ചാനല്‍ ആരംഭിച്ചു. ഓരോ ആഴ്ചയിലും ഓരോ വീഡിയോ വീതം യു ട്യൂബില്‍ അപ്‌ലോഡ് ചെയ്തു കൊണ്ടിരുന്നു. ‘ലിസ ദി ലിറ്റില്‍ ബ്രൗണ്‍ ഗേള്‍ ‘ എന്നാണ് ലിസ സ്വയം പരിചയപ്പെടുത്തിയത്. ‘ഗ്രോസറി ഷോപ്പിംഗ് വിത്ത് ലിസ’ , ‘ ഡ്രൈവിംഗ് വിത്ത് ലിസ’ തുടങ്ങിയ പരമ്പരകള്‍ ജനപ്രീതി നേടുകയുണ്ടായി.

താര പദവിയിലേക്ക് ഉയര്‍ന്നുക്കൊണ്ടിരിക്കവേ, 2016-ല്‍ ലിസ അന്നത്തെ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയെ സ്വന്തം ചാനലിനു വേണ്ടി ഇന്റര്‍വ്യു ചെയ്യുകയും ചെയ്തു. വോട്ടര്‍ രജിസ്‌ട്രേഷനെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു ഇത്.1996-നും 2000-നും ഇടയില്‍ ജനിച്ച ജനറേഷന്‍ ഇസഡ് (Generation Z) എന്നു വിശേഷിപ്പിക്കുന്നവരാണ് ലിസയുടെ ഏറ്റവും വലിയ ഓഡിയന്‍സ് അഥവാ പ്രേക്ഷകര്‍. ജനറേഷന്‍ ഇസഡ് വിഭാഗത്തില്‍പ്പെട്ടവരില്‍ ഭൂരിഭാഗവും (97 ശതമാനവും) സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തമായുള്ളവരാണെന്നു നീല്‍സന്‍ എന്ന ന്യൂയോര്‍ക്ക് ആസ്ഥാനമായ ആഗോള ഇന്‍ഫര്‍മേഷന്‍, ഡാറ്റ & മെഷര്‍മെന്റ് കമ്പനി പറയുന്നു.ജനറേഷന്‍ ഇസഡ് വിഭാഗക്കാര്‍ക്ക് 44 ബില്യന്‍ ഡോളര്‍ ചെലവഴിക്കാന്‍ ശേഷിയുള്ളവരാണെന്നും നീല്‍സന്‍ പറയുന്നു.

യു ട്യുബില്‍ വന്‍ ജനപ്രീതിയാര്‍ജ്ജിച്ചതോടെ, ലിസ 2016-ല്‍ രണ്ടാമത്തെ ചാനല്‍ ആരംഭിച്ചു. അതിലൂടെ 7.3 മില്യന്‍ വരിക്കാരെ കൂടി അധികമായി കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. 2017 ഒക്ടോബറിലെ കണക്ക്പ്രകാരം, ലിസയ്ക്ക് യു ട്യൂബ് ചാനലില്‍ 1.2 ബില്യന്‍ കാഴ്ചക്കാരും, 12 ദശലക്ഷത്തിലേറെ വരിക്കാരും ഉള്ളതായിട്ടാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2017-ല്‍ 10 ദശലക്ഷം വരിക്കാരെന്ന നേട്ടം ഏറ്റവും വേഗത്തില്‍ നേടിയ യു ട്യൂബ് പേഴ്‌സനാലിറ്റിയായി ലിസ മാറി. ഇന്‍സ്റ്റാഗ്രാമില്‍ 15 മില്യന്‍ പേരും, ഫേസ്ബുക്കില്‍ 2.8 മില്യന്‍ പേരും, ട്വിറ്ററില്‍1.8 മില്യന്‍ പേരും ലിസയെ ഫോളോ ചെയ്യുന്നുണ്ട്. 2018 നവംബര്‍ വരെയുള്ള കണക്ക്പ്രകാരം, ലിസയുടെ യു ട്യൂബ് ചാനലിന് 16 ദശലക്ഷം വരിക്കാരും, 1.8 ബില്യന്‍ കാഴ്ചക്കാരുമുണ്ടെന്നാണ്.

യു ട്യൂബിന്റെ ഏറ്റവുമധികം സബ്‌സ്‌ക്രൈബ് ചെയ്ത ചാനല്‍ ലിസ്റ്റില്‍ ആദ്യ 100-ല്‍ 84-ാം സ്ഥാനം ലിസയുടെ ചാനല്‍ സ്വന്തമാക്കുകയുണ്ടായി. യു ട്യൂബില്‍ പരിപാടി അവതരിപ്പിക്കുമ്പോള്‍ ലഭിക്കുന്ന സ്‌പോണ്‍സര്‍ഷിപ്പ്, ബ്രാന്‍ഡ് പാര്‍ട്ണര്‍ഷിപ്പ്, എന്‍ഡോഴ്‌സ്‌മെന്റ് ഡീല്‍, പരസ്യങ്ങള്‍ എന്നിവയിലൂടെയാണ് ലിസ വരുമാനം കണ്ടെത്തുന്നത്. ഗസറ്റ് റിവ്യുവിന്റെ കണക്ക്പ്രകാരം, ലിസയുടെ കണക്കാക്കപ്പെടുന്ന ആസ്തി 1.5 ദശലക്ഷം ഡോളറാണ്. യു ട്യൂബില്‍ ജനപ്രീതി കൈവരിച്ചതോടെ, പരമ്പരാഗത ടിവി ചാനലുകളുടെ ശ്രദ്ധയാകര്‍ഷിക്കാനും ലിസയ്ക്കു സാധിച്ചു. 2017 മുതല്‍ പ്രമുഖ ടിവി ചാനലുകളില്‍ ലിസ അതിഥി താരമായി പങ്കെടുക്കാന്‍ തുടങ്ങി. ഒറിജിനല്‍ കണ്ടന്റ് സൃഷ്ടിക്കാന്‍ ലിസ എംടിവിയുമായി ഒരു കരാറിലേര്‍പ്പെട്ടതായിട്ടാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

Comments

comments

Categories: Motivation, Slider
Tags: Liza Koshy