ടിസിഎസില്‍ വംശീയ വിവേചനമില്ലെന്ന് യുഎസ് കോടതി

ടിസിഎസില്‍ വംശീയ വിവേചനമില്ലെന്ന് യുഎസ് കോടതി

കാലിഫോര്‍ണിയ: ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) തങ്ങളുടെ അമേരിക്കന്‍ ജീവനക്കാരോട് വിവേചനം കാണിക്കുന്നതായുള്ള പരാതി കാലിഫോര്‍ണിയന്‍ ജൂറി തള്ളി. യുഎസിലെ ഓക്‌ലന്റ്, കാലിഫോര്‍ണിയ എന്നിവിടങ്ങളിലേക്ക് കൂടുതല്‍ ഇന്ത്യന്‍ എന്‍ജിനിയര്‍മാരെ അയയ്ക്കുന്ന ഇന്ത്യന്‍ കമ്പനിയായ ടിസിഎസിന് വിധി ഏറെ ആശ്വാസകരമാണ്.

സൗത്ത് ഏഷ്യക്കാരല്ലാത്തതിനാല്‍ തങ്ങളെ കമ്പനി അവഗണിക്കുയും ഒഴിവാക്കുകയും ചെയ്‌തെന്ന് ആരോപച്ച് നാല് അമേരിക്കന്‍ ജീവനക്കാരാണ് വംശീയ വിവേചനത്തിന് കേസ് നല്‍കിയത്. എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ഇന്‍ഫോസിസ്, വിപ്രോ എന്നീ കമ്പനികളും സമാന പരാതികള്‍ നേരിട്ടിരുന്നു. എന്നാല്‍ ഇവയില്‍ ആദ്യത്തെ പരാതിയായിരുന്നു ടിസിഎസിന് എതിരേ വന്നത്.

ഏറെനാളുകള്‍ക്ക് ശേഷം അമേരിക്കയില്‍ നിന്നും വിദേശ കമ്പനികള്‍ക്കു ലഭിച്ച പോസിറ്റീവായ സമീപനമാണ് വിധിയെന്ന് ബ്ലൂംബര്‍ഗ് ഇന്റലിജന്‍സ് നിരീക്ഷകന്‍ വിശേഷിപ്പിച്ചു. യുഎസിലേക്ക് വിദേശ തൊഴിലാളികളെ കൊണ്ടുവരാന്‍ കമ്പനികളുപയോഗിക്കുന്ന തൊഴില്‍ വിസ പദ്ധതികളില്‍ പരിശോധന നടക്കുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിസചട്ടങ്ങള്‍ കടുപ്പിച്ചതിനെ തുടര്‍ന്നാണിത്. ഏഷ്യയിലെ ഏറ്റവും വലിയ ഔട്‌സോഴ്‌സിങ് കമ്പനിയായ ടിസിഎസിനു പുറമേ എതിരാളികളായ ഇന്‍ഫോസിസ്, വിപ്രോ എന്നിവയ്ക്കും യുഎസില്‍ കൂടുതല്‍ അമേരിക്കക്കാരെ നിയമിക്കുന്നതിന് ട്രംപ് ഭരണകൂടത്തിന്റെ സമ്മര്‍ദ്ദമുണ്ട്.

ടിസിഎസിന്റെ യുഎസിലെ ഓഫിസുകളിലെ ഒഴിവുകളില്‍ ഇന്ത്യയില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് അനുകൂലമായാണ് കമ്പനി പ്രവര്‍ത്തിക്കുന്നതെന്ന് മുന്‍ ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു. അമേരിക്കന്‍ കമ്പനികളിലെ ദക്ഷിണേഷ്യക്കാര്‍ക്ക് അനുവദിച്ചിരിക്കുന്ന 12 ശതമാനം പ്രാതിനിധ്യത്തേക്കാള്‍ വളരെ കൂടുതലാണ് ടിസിഎസിലെ ഈ വിഭാഗത്തിന്റെ പ്രാതിനിധ്യമെന്നായിരുന്നു പരാതിക്കാര്‍ ചൂണ്ടിക്കാണിച്ചത്. 2011 ന് ശേഷം ഒരു ശതമാനം ഇന്ത്യക്കാരെ മാത്രം കമ്പനി പുറത്താക്കിയപ്പോള്‍ 12.6 ശതമാനം വിദേശ ജീവനക്കാരെയാണ് പുറത്താക്കിയതെന്ന് ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ യുഎസ് ജീവനക്കാര്‍ക്കായി ലോക്കല്‍ ടാലന്റ് പൂള്‍ ഒരുക്കുന്നതിന് വന്‍തുക ചെലവഴിച്ചതായും അമേരിക്കയിലെ മറ്റ് സ്ഥലങ്ങളിലേക്ക് മാറാന്‍ തയ്യാറാകാത്തവരെയാണ് പുറത്താക്കിയതെന്നും ടിസിഎസ് വാദിച്ചു. കേസ് അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ടിസിഎസ് വക്താവ് ബെന്‍ ട്രോണ്‍സന്‍ അറിയിച്ചു.

 

Comments

comments

Categories: Current Affairs, Slider
Tags: TCS