എച്ച്ഡിഎഫ്‌സി ബാങ്ക് പുതിയ മൊബീല്‍ ബാങ്കിംഗ് ആപ്പ് പുറത്തിറക്കി

എച്ച്ഡിഎഫ്‌സി ബാങ്ക് പുതിയ മൊബീല്‍ ബാങ്കിംഗ് ആപ്പ് പുറത്തിറക്കി

ന്യൂഡെല്‍ഹി: എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വാര്‍ഷിക സമ്മേളനമായ ഡിജിറ്റല്‍ ഇന്നൊവേഷന്‍ ഉച്ചകോടിയുടെ മൂന്നാം പതിപ്പില്‍ പുതിയ മൊബീല്‍ ബാങ്കിംഗ് ആപ്പ് പുറത്തിറക്കി. ഉപഭോക്താക്കള്‍ക്ക് ലളിതമായി തങ്ങളുടെ എക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന നവീകരിച്ച ആപ്പില്‍ പേ, സേവ്, ഇന്‍വെസ്റ്റ് എന്നീ മൂന്നു വിഭാഗങ്ങളാണുള്ളത്. വര്‍ധിച്ച സുരക്ഷ നല്‍കുന്ന ബയോമെട്രിക് ലോഗിന്‍ ഉള്‍പ്പെടയുള്ള മികച്ച നാവിഗേഷന്‍ ഫീച്ചറുകള്‍ ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഐഫോണ്‍എക്‌സില്‍ ഫേഷ്യല്‍ റെക്‌ഗ്നൈസേഷന്‍ സൗകര്യവും ലഭ്യമാകുന്നതാണ്.

ഉപഭോക്താക്കളുടെ ആവശ്യത്തിനനുസരിച്ചുള്ള ബില്‍, യൂട്ടിലിറ്റി പേമെന്റുകളുടെ വ്യക്തിഗതമായ നോട്ടിഫിക്കേഷന്‍, സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ക്കു സമാനമായി ആപ്പില്‍ പ്രൊഫൈല്‍ ചിത്രം ഉള്‍പ്പെടുത്താനുള്ള സൗകര്യം എന്നിവയും ആപ്ലിക്കേഷന്റെ പ്രത്യേകതകളാണ്. കൂടാതെ കടബാധ്യതകളുടെയും ആസ്തികളുടെയും സാമ്പത്തിക നില സൂചിപ്പിക്കുന്ന 360 ഡിഗ്രി ഡാഷ്‌ബോര്‍ഡും കാണാന്‍ കഴിയുന്നതാണ്. നിലവിലെ നാവിഗേഷന്‍ സൗകര്യങ്ങളെയും ഉപയോഗ രീതികളെയുംകുറിച്ച് ആഴത്തില്‍ പഠിച്ചശേഷമാണ് ആപ്പ് രൂപകല്‍പ്പന ചെയ്തതെന്ന് ബാങ്ക് അറിയിച്ചു.

ഉപഭോക്താക്കള്‍ മൊബീലിനെ ഉപയോഗിക്കുന്ന വിധം തുടര്‍ച്ചയായി മാറികൊണ്ടിരിക്കുകയാണെന്നും ബാങ്കിന്റെ അടുത്ത തലമുറയിലെ ആപ്പുകളില്‍ ഈ മാറ്റം പ്രകടമാകുമെന്നും എച്ച്ഡിഎഫ്‌സി ബാങ്ക് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഇന്ത്യന്‍ തലവന്‍ നിതിന്‍ ചുഗ് പറഞ്ഞു. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ മനസിലാക്കി അവര്‍ക്ക് തല്‍സമയ അനുഭവം നല്‍കുന്ന ഉല്‍പ്പന്നങ്ങളും സേവനങ്ങളും നല്‍കിക്കൊണ്ട് അവരുടെ ജീവിതത്തിലെ ഒരു സ്ഥിരം അംഗമാകുന്നതിനുള്ള ബാങ്കിന്റെ പദ്ധതിയുടെ ചുവടുവെപ്പാണ് പുതിയ ആപ്ലിക്കേഷന്‍ തലമുറയെന്നും അദ്ദേഹം വ്യക്തമാക്കി.

ബാങ്കിന് തങ്ങളുടെ ഇന്നൊവേറ്റീവ് ഉല്‍പ്പന്നങ്ങളും സേവനങ്ങളും ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കാനുള്ള ഉച്ചകോടി സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുമായി സഹകരിച്ചാണ് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഉച്ചകോടിയില്‍ ബാങ്ക് ഹ്യുമനോയ്ഡ് ഇന്റലിജന്റ് റോബോട്ടിക് അസിസ്റ്റന്റ്ിനെ അവതരിപ്പിച്ചിരുന്നു. ഇതിനോടനുബന്ധിച്ച് ആഗോളതലത്തിലുള്ള ഫിന്‍ടെക് കമ്പനികള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ബാങ്കിനു മുന്നില്‍ തങ്ങളുടെ ഇന്നൊവേറ്റീവ് ആശയങ്ങള്‍ അവതരിപ്പിക്കാനും അവസരമുണ്ട്.

Comments

comments

Categories: Business & Economy
Tags: HDFC Bank