നോട്ടുനിരോധനം വളര്‍ച്ചയില്‍ കനത്ത ആഘാതമേല്‍പ്പിച്ചു: അരവിന്ദ് സുബ്രഹ്മണ്യന്‍

നോട്ടുനിരോധനം വളര്‍ച്ചയില്‍ കനത്ത ആഘാതമേല്‍പ്പിച്ചു: അരവിന്ദ് സുബ്രഹ്മണ്യന്‍

നോട്ടു നിരോധനം സൃഷ്ടിക്കാവുന്ന ആഘാതങ്ങളെ കുറിച്ച് കാര്യമായ പ്രായോഗിക ധാരണ മോദിക്കുണ്ടായിരുന്നില്ലെന്നും അക്കാലത്തെ സാമ്പത്തിക ഉപദേഷ്ടാവ് പറയുന്നു

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ സുപ്രധാന പരിഷ്‌കരണങ്ങളില്‍ ഒന്നായ നോട്ട് നിരോധനം നിര്‍ദയമായ സാമ്പത്തിക ആഘാതമുണ്ടാക്കിയെന്നും മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്ണ്യന്‍. നോട്ടുനിരോധനം ഏല്‍പ്പിച്ച ആഘാതം അതിനു ശേഷമുള്ള ആറ് പാദങ്ങളില്‍ സാമ്പത്തിക വളര്‍ച്ച ശരാശരി 6.8 ശതമാനത്തിലേക്ക് ചുരുക്കി. നോട്ടുനിരോധനത്തിനു മുമ്പുള്ള ആറു പാദങ്ങളില്‍ ഇത് ശരാശരി എട്ട് ശതമാനമായിരുന്നു രേഖപ്പെടുത്തിയിരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. 2018 നവംബര്‍ 8 ന് പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ടുനിരോധനം പ്രഖ്യാപിച്ച ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു അദ്ദേഹം.

‘മോദി-ജയ്റ്റ്‌ലി സമ്പദ്‌വ്യവസ്ഥയിലെ വെല്ലുവിളികള്‍'( ഓഫ് കൗണ്‍സുല്‍: ദ ചലഞ്ചസ് ഓഫ് ദ മോദി-ജയ്റ്റ്‌ലി ഇക്കണോമി) എന്ന പുറത്തിരങ്ങാനിരിക്കുന്ന പുസ്തകത്തിലൂടെയാണ് അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ തുറന്നു പറച്ചില്‍. പെന്‍ഗ്വിന്‍ ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. പ്രഖ്യാപിത സദ്ദുദ്യേശങ്ങളല്ലാതെ നോട്ടു നിരോധനം സൃഷ്ടിക്കാവുന്ന ആഘാതങ്ങളെ കുറിച്ച് കാര്യമായ പ്രായോഗിക ധാരണ മോദിക്കുണ്ടായിരുന്നില്ലെന്നും അരവിന്ദ് സുബ്രഹ്മണ്യന്‍ പറയുന്നു. അസംഘടിത മേഖലയിലെ ആഘാതമാണ് ഏറ്റവും കനത്തത്.

നാല് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കി ഈ വര്‍ഷം പദവിയില്‍ നിന്ന് മാറിയ അരവിന്ദ് സുബ്രഹ്മണ്യന്‍ നോട്ടുനിരോധനത്തിനായുള്ള തീരുമാനങ്ങളിലും നടപടികളിലും താനുമായി ആലോചിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ നിശബ്ദത തുടരുകയാണ്. സമ്പദ് വ്യവസ്ഥയെ ഞെട്ടിപ്പിക്കുന്നതായിരുന്നു നോട്ടുനിരോധനമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. വിനിമയത്തിലുണ്ടായിരുന്ന കറന്‍സി മൂല്യത്തിന്റെ 86 ശതമാനമാണ് പിന്‍വലിക്കപ്പെട്ടത്. നോട്ടുനിരോധനത്തിനു മുമ്പും വളര്‍ച്ച മന്ദഗതിയില്‍ തന്നെയായിരുന്നു, അതിനു ശേഷം വളര്‍ച്ചയുടെ ഇഴച്ചില്‍ കൂടുതല്‍ കനക്കുകയായിരുന്നുവെന്ന് ദ്ദേഹം വ്യക്തമാക്കി. നോട്ടുനിരോധനം കൂടാതെ ഉയര്‍ന്ന പലിശ നിരക്ക്, ജിഎസ്ടിയിലേക്കുള്ള മാറ്റം എണ്ണവില വര്‍ധന തുടങ്ങിയ ഘടകങ്ങളെല്ലാം വളര്‍ച്ചയെ ബാധിച്ചു.

നോട്ടു നിരോധനത്തിലൂടെ അനൗപചാരിക മേഖലയിലെ വരുമാനം കുറയുമ്പോള്‍ ഔപചാരിക മേഖലയിലെ ആവശ്യകത കുറയും. നോട്ടുനിരോധനത്തിന ശേഷം ഉപയോക്താക്കള്‍ ഒരു പരിധിവരെ ഡിജിറ്റല്‍ ഇടപാടുകളിലേക്ക് കൂടുതലായി നീങ്ങിയെന്നും അദ്ദേഹം പുസ്തകത്തില്‍ കുറിക്കുന്നു.

2013 സെപ്റ്റംബറില്‍ രഘുറാം രാജന്‍ സാമ്പത്തിക ഉപദേഷ്ടാവ് സ്ഥാനത്ത് നിന്നും രാജിവെച്ച് ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനത്തേക്ക് നിയമിക്കപ്പെട്ടതോടെയാണ് സുബ്രഹ്മണ്യം സാമ്പത്തിക ഉപദേഷ്ടാവ് പദവിയിലേക്കെത്തുന്നത്. 2017 ഒക്‌റ്റോബറില്‍ മൂന്ന് വര്‍ഷം കാലാവധി തികച്ച സുബ്രഹ്മണ്യത്തോട് വീണ്ടും ഒരു വര്‍ഷം കൂടി തുടരാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഈ കാലാവധി പൂര്‍ത്തിയാക്കുന്നതിനിടയിലാണ് അദ്ദേഹം രാജിവെച്ചത്.

Comments

comments

Categories: Current Affairs, Slider