സ്വയം പറക്കുന്ന ഔഡി ടാക്‌സി വരുന്നു

സ്വയം പറക്കുന്ന ഔഡി ടാക്‌സി വരുന്നു

ആദ്യ പരീക്ഷണപ്പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി

ആംസ്റ്റര്‍ഡാം : ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഔഡിയുടെ സ്വയം പറക്കുന്ന ടാക്‌സി വരുന്നു. ‘പോപ് അപ് നെക്സ്റ്റ്’ എന്ന ഫ്‌ളൈയിംഗ് & ഡ്രൈവിംഗ് പ്രോട്ടോടൈപ്പ് ആംസ്റ്റര്‍ഡാമില്‍ നടക്കുന്ന ‘ഡ്രോണ്‍ വാര’ത്തില്‍ പ്രദര്‍ശിപ്പിച്ചു. ഔഡിയും എയര്‍ബസ്സും ഇറ്റല്‍ഡിസൈനും ചേര്‍ന്നാണ് സ്വയംപറക്കുന്ന ടാക്‌സി സാക്ഷാല്‍ക്കരിക്കുന്നത്. സെല്‍ഫ് ഡ്രൈവിംഗ് ഇലക്ട്രിക് കാറും പാസഞ്ചര്‍ ഡ്രോണും ചേര്‍ന്നതാണ് ഫ്‌ളൈയിംഗ് ടാക്‌സി കണ്‍സെപ്റ്റ്.

ആദ്യ പരീക്ഷണപ്പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ പോപ് അപ് നെക്സ്റ്റിന് സാധിച്ചു. 1:4 അനുപാതത്തിലുള്ള മോഡലാണ് പരീക്ഷണത്തിന് ഉപയോഗിച്ചത്. ഭാവിയില്‍ ഔഡി ഉപയോക്താക്കള്‍ക്ക് വലിയ നഗരങ്ങളില്‍ പറക്കും ടാക്‌സി സര്‍വീസ് ഉപയോഗിക്കാന്‍ കഴിഞ്ഞേക്കും. എയര്‍ബസ്സിന്റെ ഉപകമ്പനിയായ വൂമുമായി ചേര്‍ന്ന് തെക്കേ അമേരിക്കയില്‍ പരീക്ഷണങ്ങള്‍ തുടരുകയാണ് ഔഡി.

പറക്കും ടാക്‌സികള്‍ വൈകാതെ യാഥാര്‍ത്ഥ്യമാക്കുമെന്ന് ഔഡി ബോര്‍ഡ് അംഗവും ഔഡിയുടെ ഉപകമ്പനിയായ ഇറ്റല്‍ഡിസൈന്റെ പ്രസിഡന്റുമായ ഡോ. ബെര്‍ന്‍ഡ് മാര്‍ട്ടെന്‍സ് പറഞ്ഞു. ഭാവിയില്‍ ആബാലവൃദ്ധം ജനങ്ങളും റോബോട്ട് ടാക്‌സികള്‍ ഉപയോഗിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. വരുംകാലങ്ങളില്‍ നഗര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് പറക്കും ടാക്‌സികള്‍ ഏറെ ഉപകാരപ്പെടും. പോപ് അപ് നെക്സ്റ്റില്‍ സാങ്കേതികമായി സാധ്യമാകുന്നതിന്റെ അങ്ങേയറ്റം പ്രയോഗിക്കും. പറക്കാനും ഡ്രൈവ് ചെയ്യാനും കഴിയുന്ന ഫുള്‍ സൈസ് പ്രോട്ടോടൈപ്പ് വൈകാതെ വികസിപ്പിക്കുമെന്നും ഡോ. ബെര്‍ന്‍ഡ് മാര്‍ട്ടെന്‍സ് വ്യക്തമാക്കി.

നിലവില്‍ യൂറോപ്യന്‍ യൂണിയനുമായി ചേര്‍ന്നുള്ള ‘അര്‍ബന്‍ എയര്‍ മൊബിലിറ്റി’ ഫ്‌ളൈയിംഗ് ടാക്‌സി പ്രൊജക്റ്റിനെ പിന്തുണച്ചുവരികയാണ് ഔഡി. ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളുടെ ആസ്ഥാനമായ ഇങ്‌ഗോല്‍ഷ്റ്റാറ്റിലാണ് ഇതുമായി ബന്ധപ്പെട്ട പറക്കും ടാക്‌സിയുടെ പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഔഡി തയ്യാറെടുക്കുന്നത്.

Comments

comments

Categories: Auto
Tags: Audi