മൊത്ത വില്‍പ്പനയില്‍ ഫ്‌ളിപ്കാര്‍ട്ടിനെ മറികടന്ന് ആമസോണ്‍

മൊത്ത വില്‍പ്പനയില്‍ ഫ്‌ളിപ്കാര്‍ട്ടിനെ മറികടന്ന് ആമസോണ്‍

 ഫ്‌ളിപ്കാര്‍ട്ടിന്റെ ഉപവിഭാഗങ്ങളായ മൈന്ത്ര, ജബോങ് എന്നിവയുടെ വില്‍പ്പന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല

ന്യൂഡെല്‍ഹി: ഇന്ത്യന്‍ മണ്ണില്‍ ചുവടുവെച്ച് അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം യുഎസ് ഓണ്‍ലൈന്‍ റീട്ടെയ്ല്‍ ഭീമനായ ആമസോണ്‍ ആഭ്യന്തര ഇ-കൊമേഴ്‌സ് വിപണിയില്‍ നേതൃ സ്ഥാനത്തെത്തിയെന്ന് റിപ്പോര്‍ട്ട്. മൊത്ത വില്‍പ്പന മൂല്യത്തില്‍ (ജിഎംവി) മുഖ്യ എതിരാളിയായ ഫ്‌ളിപ്കാര്‍ട്ടിനെ ആമസോണ്‍ മറികടന്നിരിക്കുകയാണെന്ന് ബ്രിട്ടീഷ് ധനകാര്യ സ്ഥാപനമായ ബാര്‍ക്ലേയ്‌സ് പുറത്തിറക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ബാര്‍ക്ലൈസ് റിപ്പോര്‍ട്ട് പ്രകാരം മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തികവര്‍ഷത്തില്‍ ആമസോണിന്റെ ഇന്ത്യന്‍ യൂണിറ്റിന്റെ മൊത്തം വില്‍പ്പന 7.5 ബില്യണ്‍ ഡോളറിലെത്തിയിരുന്നു.

അതേസമയം, ഫ്‌ളിപ്കാര്‍ട്ടിന്റെ സാമ്പത്തിക വര്‍ഷത്തിലെ മൊത്തം വില്‍പ്പന 6.2 ബില്യണ്‍ ഡോളറായിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടില്‍ ഫ്‌ളിപ്കാര്‍ട്ടിന്റെ ഉപവിഭാഗങ്ങളായ മൈന്ത്ര, ജബോങ് എന്നിവയുടെ വില്‍പ്പന ഉള്‍പ്പെടുത്തിയിട്ടില്ല. 2016-17 സാമ്പത്തികവര്‍ഷത്തില്‍ ആമസോണും, ഫ്‌ളിപ്കാര്‍ട്ടും മൊത്ത വില്‍പ്പനയില്‍ ഒപ്പത്തിനൊപ്പമായിരുന്നു. എന്നാല്‍ 2017-18ല്‍ ഫ്‌ളിപ്കാര്‍ട്ടിന്റെ ബിസിനസ് ടു കണ്‍സ്യൂമര്‍( ബി2സി) യൂണിറ്റിനേക്കാള്‍ ആമസോണിന്റെ ബിസിനസ് ടു കണ്‍സ്യൂമര്‍ യൂണിറ്റ് വളര്‍ച്ച നേടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

മേയ് മാസത്തില്‍ ഫ്‌ളിപ്കാര്‍ട്ടിനെ യുഎസ് റീട്ടെയ്ല്‍ ഭീമന്‍ വാള്‍മാര്‍ട്ട് ഏറ്റെടുത്തിരുന്നു. കരാര്‍ സമയത്ത് 2017-18 സാമ്പത്തിക വര്‍ഷത്തില്‍ മൈന്ത്ര, ജംബോങ് എന്നിവയുടേത് ഉള്‍പ്പടെ ഫ്‌ളിപ്കാര്‍ട്ട് ഗ്രൂപ്പിന്റെ സംയോജിത വില്‍പ്പന മൂല്യം 7.5 ബില്യണ്‍ ഡോളറാണെന്ന് വാള്‍മാര്‍ട്ട് അറിയിച്ചിരുന്നു.

ആഗോലതലത്തില്‍ നോക്കുകയാണെങ്കില്‍ ഇന്ത്യയില്‍ അല്‍പ്പം വൈകിയാണ് ഇ- കൊമേഴ്‌സ് വിപണി സജീവമായത്. എന്നാല്‍ അതിവേഗത്തിലുള്ള വളര്‍ച്ചയാണ് രാജ്യത്ത് പിന്നീട് ഈ മേഖല കരസ്ഥമാക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ റീട്ടെയ്‌ലറായ വാള്‍മാര്‍ട്ട് ഈ വര്‍ഷം ഫ്‌ളിപ്കാര്‍ട്ടിന്റെ 77 ശതമാനം ഓഹരികള്‍ 16 ബില്യണ്‍ ഡോളറിന് ഏറ്റെടുത്തുകൊണ്ട് ഇന്ത്യന്‍ വിപണിയിലേക്ക് കടന്നുവന്നു. വാള്‍മാര്‍ട്ടാകാട്ടെ ഇന്ത്യയില്‍ പ്രഖ്യാപിച്ചിട്ടുള്ള 5 ബില്യണ്‍ ഡോളറിന്റെ നിക്ഷേപത്തില്‍ ഏറെയും നടപ്പാക്കി കഴിഞ്ഞു.

ഇന്ത്യന്‍ ഓണ്‍ലൈന്‍ റീട്ടെയല്‍ ശൃംഖലയില്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളിലും മുന്നില്‍ നില്‍ക്കുക ആമസോണും ഫ്‌ളിപ്കാര്‍ട്ടുമായിരിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2020 ആകുമ്പോഴേക്കും ഇരുകമ്പനികളുടെയും വളര്‍ച്ച രണ്ട് മടങ്ങ് വര്‍ധിച്ച് 40-45 ബില്യണ്‍ ഡോളറാകുമെന്ന് ബാര്‍ക്ലെയ്‌സ് പ്രവചിക്കുന്നു.

നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ആമസോണിന്റെ വില്‍പ്പനയും ഫ്‌ളിപ്കാര്‍ട്ടിനേക്കാള്‍ മുന്നിലാണെന്നാണ് കണക്കാക്കുന്നത്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ അറ്റ വില്‍പ്പന 11.2 ബില്യണ്‍ ഡോളര്‍ ആയി ഉയരുമെന്ന് ബാര്‍ക്ലൈസ് വിലയിരുത്തുന്നു. വില്‍പ്പന വളര്‍ച്ചയുടെ ഇപ്പോഴത്തെ വേഗം കണക്കാക്കുമ്പോള്‍ ഫ്‌ളിപ്കാര്‍ട്ടിന്റെ മൊത്ത വില്‍പ്പന നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 8.7 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് നിഗമനം.

എന്നാല്‍ വരുമാനം കണക്കിലെടുത്താല്‍ ആമസോണിനേക്കാള്‍ മുകളില്‍ ഫ്‌ളിപ്കാര്‍ട്ടാണ് നില്‍ക്കുന്നത്. 2018 സാമ്പത്തിക വര്‍ഷത്തില്‍ ഫ്‌ളിപ്കാര്‍ട്ട് 3.7 ബില്യണ്‍ ഡോളര്‍ വരുമാനം നേടിയപ്പോള്‍ ആമസോണിന്‍രെ വരുമാനം 3.1 ബില്യണ്‍ ഡോളറായിരുന്നുവെന്ന് ബാര്‍ക്ലെയ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Comments

comments

Categories: Business & Economy
Tags: Amazon