വാര്‍ഷിക അഭിവൃദ്ധി സൂചികയില്‍ ഇന്ത്യ 94-ാം സ്ഥാനത്ത്

വാര്‍ഷിക അഭിവൃദ്ധി സൂചികയില്‍ ഇന്ത്യ 94-ാം സ്ഥാനത്ത്

ന്യൂഡെല്‍ഹി: ലോകത്ത് ഏറ്റവും വേഗതയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയിലൊന്ന് എന്ന നിലയില്‍ ഇന്ത്യ രേഖപ്പെടുത്തപ്പെടുമ്പോഴും സാമൂഹിക സൂചകങ്ങളിലെ പ്രകടനത്തില്‍ വ്യക്തമാക്കുന്നത് ഇന്ത്യയുടെ പിന്നാക്കവസ്ഥ. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ജനസംഖ്യയുള്ള രാജ്യത്തെ പൗരന്‍മാര്‍ക്ക് സുരക്ഷിതവും ആരോഗ്യകരവുമായ ജീവിതാവസ്ഥ പ്രദാനം ചെയ്യുന്നതില്‍ ആഗോളതലത്തിലെയും ഏഷ്യയിലെയും രാജ്യങ്ങള്‍ക്കു പുറകിലാണ് ഇന്ത്യയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഗാട്ടം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്നലെ പുറത്തുവിട്ട വാര്‍ഷിക അഭിവൃദ്ധി സൂചിക പ്രകാരം 149 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 94 -ാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷം നൂറാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഇത്തവണ നേരിയ കയറ്റം രാജ്യത്തിനുണ്ടായി. അഭിവൃദ്ധി സൂചികയുടെ 12-ാം എഡിഷനാണ് ലഗാട്ടം ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയിരിക്കുന്നത്. ഭരണനിര്‍വഹണം, ബിസിനസ് അന്തരീക്ഷം, വ്യക്തി സ്വാതന്ത്ര്യം, ആരോഗ്യം, വിദ്യാഭ്യാസം, പ്രകൃതിയുടെ ഗുണമേന്മ എന്നീ ഒന്‍പത് ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് അഭിവൃദ്ധി സൂചിക തയാറാക്കിയിരിക്കുന്നത്. പട്ടികയില്‍ നോര്‍വേയാണ് ഒന്നാം സ്ഥാനത്ത്. ന്യൂസിലന്‍ഡ്, ഫിന്‍ലന്‍ഡ് എന്നീ രാജ്യങ്ങള്‍ തൊട്ടുപിന്നാലെയുണ്ട്.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഭൂരിഭാഗം ഘടകങ്ങളിലും ഇന്ത്യയുടെ നില മെച്ചപ്പെട്ടിട്ടുണ്ടെന്ന് ലഗാട്ടം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഭരണനിര്‍വഹണമാണ് റാങ്കിംഗില്‍ മുന്നിലുള്ളത്. ഭരണത്തില്‍ വിശ്വാസമര്‍പ്പിക്കുന്ന ജനങ്ങളുടെ എണ്ണത്തിലും വര്‍ധന ഉണ്ടായിട്ടുണ്ട്. ദാരിദ്ര്യ നിര്‍മാര്‍ജനം, ബിസിനസ് അന്തരീക്ഷം എന്നിവയില്‍ മെച്ചപ്പെടല്‍ ഉണ്ടായിട്ടുണ്ടെന്നും ലഗാട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

ലഗാട്ടത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ബിസിനസ് അന്തരീക്ഷം, ഭരണനിര്‍വഹണം, സാമ്പത്തിക ഗുണമേന്‍മ എന്നിവയില്‍ ഇന്ത്യ ശക്തമായ നില തുടരുകയാണ്. കഴിഞ്ഞ ഒരു ദശാബ്ദക്കാലത്ത് ഇന്ത്യ മുന്നോട്ട് വെച്ച സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ പോലുള്ള നിരവധി പരിഷ്‌കരണങ്ങളിലൂടെ ദാരിദ്ര്യത്തില്‍ നിന്നും ഇന്ത്യയിലെ വലിയൊരു വിഭാഗത്തെ മോചിപ്പിക്കാനായിട്ടുണ്ടെന്നും ലഗാട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അതേസമയം,അഭിവൃദ്ധി സൂചികയില്‍ ഇന്ത്യ ഏഷ്യ-പസഫിക് രാജ്യങ്ങള്‍ക്ക് പിന്നിലാണ്. ചൈന(82), തായ്‌ലന്‍ഡ്(74), സിംഗ്പ്പൂര്‍(21) എന്നിങ്ങനെയാണ് അഭിവൃദ്ധി സൂചികയില്‍ രാജ്യങ്ങളുടെ സ്ഥാനം. ശുദ്ധമായ വായു(147), പ്രകൃതിദത്ത അന്തരീക്ഷം(130) എന്നീ വിഭാഗങ്ങളില്‍ കുറഞ്ഞ സ്‌കോറാണ് ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്. ഇത് കൂടാതെ സാമൂഹിക സഹിഷ്ണുത( 139) റാങ്കിംഗില്‍ വളരേ മോശം പ്രകടനം നടത്തി. ഇന്ത്യയില്‍ സ്ത്രീകളോടും ന്യൂനപക്ഷ വിഭാഗങ്ങളോടും അവരുടെ അവകാശങ്ങളോടുമുള്ള മനോഭാവം ചോദ്യം ചെയ്യപ്പെടുന്ന ഒന്നാണെന്ന് ലഗാട്ടം പറയുന്നു.

ബിസിനസ് മേഖലകളും പ്രശ്‌നങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ബിസിനസ് മേഖലകള്‍ക്ക് സര്‍ക്കാര്‍ കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നുണ്ടെങ്കിലും എളുപ്പത്തില്‍ ബിസിനസ് സംരംഭം ആരംഭിക്കുന്നതില്‍ ഇന്ത്യ മോശം പ്രകടനമാണ് കാഴ്ചവെച്ചത്. ഇതില്‍ ഇന്ത്യയുടെ സ്ഥാനം 126-ാം സ്ഥാനത്താണ്.

Comments

comments

Categories: Current Affairs, Slider