രാഷ്ട്രീയ അരക്ഷിതാവസ്ഥ വീണ്ടും; അശാന്തിയുടെ ദ്വീപായി ലങ്ക

രാഷ്ട്രീയ അരക്ഷിതാവസ്ഥ വീണ്ടും; അശാന്തിയുടെ ദ്വീപായി ലങ്ക

സിംഹളരും ന്യൂനപക്ഷങ്ങളും തമ്മിലുള്ള വംശീയവിദ്വേഷങ്ങളാണ് ശ്രീലങ്കയിലെ പ്രധാനപ്രശ്‌നം. തമിഴ് വംശജരുടെ വിഷയത്തില്‍ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ കൈക്കൊണ്ട നിലപാടുകളാണ് ലങ്കയെ പലപ്പോഴും കുരുതിക്കളമാക്കിയത്. വംശീയത കരുക്കളാക്കി രാഷ്ട്രീയപ്പാര്‍ട്ടികള്‍ അധികാരത്തിലെത്തുമ്പോള്‍ സമാധാനശ്രമത്തിന് ഒരു സര്‍ക്കാരും കാര്യമായ നടപടികളെടുത്തില്ല. വംശീയ വിഷയങ്ങളില്‍ ശാശ്വതമായ പരിഹാരം കണ്ടെത്തിയാല്‍ മാത്രമേ ലങ്കയില്‍ സമാധാനം പുലരുകയുള്ളു.

ഇന്ത്യയുടെ കണ്ണുനീര്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ശ്രീലങ്ക ഇന്ന് അശാന്തമാണ്. ഒരു മാസത്തോളമായി ലങ്കയില്‍ ഉടലെടുത്തിരിക്കുന്ന രാഷ്ട്രീയ അരക്ഷിതാവസ്ഥ ഈ ദക്ഷിണേഷ്യന്‍ ദ്വീപ് രാഷ്ട്രത്തെ വീണ്ടും കുരുതിക്കളമാക്കുമോ എന്ന ആശങ്കയിലാണ് ലോകമിപ്പോള്‍. മുപ്പതാണ്ടുകളോളം നീണ്ടുനിന്ന ആഭ്യന്തരയുദ്ധത്തിന്റെ കെടുതികളില്‍ നിന്ന് ഇതുവരെ കരകയറാത്ത ശ്രീലങ്ക ഇപ്പോള്‍ മറ്റൊരു പ്രതിസന്ധിയിലമരുമ്പോള്‍ ഇന്ത്യ ഏറെ കരുതലോടെ നീങ്ങേണ്ടിയിരിക്കുന്നു, കാരണം ശ്രീലങ്കയില്‍ പിടിമുറുക്കാനുള്ള തന്ത്രങ്ങളുമായി ചൈന പരസ്യമായി രംഗത്തെത്തിയിരിക്കുന്നു.

ആഭ്യന്തരയുദ്ധങ്ങളും രാഷ്ട്രീയ അനിശ്ചിതത്വങ്ങളും ശ്രീലങ്കയില്‍ പുതിയ കാര്യമല്ല. സ്വാതന്ത്ര്യകാലം തൊട്ടേ സിംഹളരും തമിഴ്ജനതയും തമ്മിലുള്ള വംശീയ ഏറ്റുമുട്ടലുകള്‍ ലോകത്തെ ഏറ്റവും കുപ്രസിദ്ധ കുരുതിക്കളങ്ങളിലൊന്നെന്ന ദുഷ്‌പേര് നേരത്തെ തന്നെ ശ്രീലങ്കയ്ക്ക് ചാര്‍ത്തിയിട്ടുണ്ട്. കാലകാലങ്ങളില്‍ നിലവില്‍ വന്ന സര്‍ക്കാരുകള്‍ക്ക് ശ്രീലങ്കയെ പൂര്‍ണമായി ശാന്തമാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്ന് മാത്രമല്ല പ്രത്യേക വിഭാഗങ്ങളോടുള്ള രാഷ്ട്രീയപ്പാര്‍ട്ടികളുടെ അനുഭാവം അതത് സര്‍ക്കാരുകള്‍ നിലവില്‍ വരുമ്പോള്‍ പരസ്യമായി പ്രകടമാകുകയും അക്രമസംഭവങ്ങള്‍ തുടര്‍ക്കഥയാകുകയും ചെയ്തു.

ലങ്ക: അറിയേണ്ട കാര്യങ്ങള്‍

രാമായണത്തിലെ രാവണരാജ്യമായ ലങ്ക 1972 വരെ സിലോണ്‍ എന്ന ഔദ്യോഗികനാമത്തിലാണ് അറിയപ്പെട്ടത്. ജനസംഖ്യയിലെ 74 ശതമാനം പേരും സിഹളരായ ലങ്കയിലെ പ്രധാന ന്യൂനപക്ഷം തമിഴ് വംശജരാണ്. കൊളംബോയാണ് ശ്രീലങ്കന്‍ തലസ്ഥാനം. സിംഹള, തമിഴ് എന്നിവയാണ് ഔദ്യോഗിക ഭാഷകള്‍. ബുദ്ധമത വിശ്വാസികളാണ് ശ്രീലങ്കയില്‍ അധികവും. നാണയം ശ്രീലങ്കന്‍ രൂപ.

ലങ്കന്‍ ചരിത്രം

പതിനാറാം നൂറ്റാണ്ടിന് ശേഷം പോര്‍ച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് സാമ്രാജ്യങ്ങളുടെ നിയന്ത്രണത്തിലായിരുന്ന സിലോണിലെ വിവിധ ചെറുരാജ്യങ്ങള്‍ 1815ല്‍ ബ്രിട്ടീഷ് നിയമത്തിന് കീഴില്‍ ഒന്നായി. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെയുള്ള സമരങ്ങളുടെ ഫലമായി 1948ല്‍ സ്വാതന്ത്ര്യം ലഭിച്ചെങ്കിലും 1972 വരെ രാജ്യം ബ്രിട്ടന്റെ ഡൊമനിയന്‍ പദവിയില്‍ തുടര്‍ന്നു. സേനനായകെ ആണ് ആദ്യ പ്രധാനമന്ത്രി. 1956ല്‍ലെ സോളമന്‍ ഭണ്ഡാരനായകെയുടെ ശ്രീലങ്ക ഫ്രീഡം പാര്‍ട്ടിയുടെയും ഫിലിപ്പ് ഗുണവര്‍ധനയുടെ വിപ്ലവകാരി ലങ്ക സമസമാജി പാര്‍ട്ടിയുടെയും സഖ്യമായ മഹാജന ഏക്‌സാത്ത് പെരുമന അധികാരത്തിലെത്തി. ഭണ്ഡാരനായകെ പ്രധാനമന്ത്രിയായി. തമിഴ് വിഭാഗത്തിന് അവകാശങ്ങള്‍ നല്‍കാനുള്ള ഭണ്ഡാരനായകെയുടെ ശ്രമത്തിനെതിരെ യുഎന്‍പി നേതാവ് ജെ ആര്‍ ജയവര്‍ധന രംഗത്തെത്തി. ഇത് കലാപത്തിന് കാരണമാകുകയും 1959 സെപ്റ്റംബറില്‍ ഭണ്ഡാരനായകെ വധിക്കപ്പെടുകയും ചെയ്തു. തുടര്‍ന്ന് 1960ല്‍ ലോകത്തിലെ തന്നെ ആദ്യ വനിത പ്രധാനമ്ന്ത്രിയായി സിരിമാവോ ഭണ്ഡാരനായകെ അധികാരത്തിലെത്തി.

1972ല്‍ ശ്രീലങ്ക റിപ്പബ്ലിക്കായി. ഇതേവര്‍ഷം തന്നെ തമിഴ് ജനതയ്‌ക്കെതിരെ നടപടികളുടെ ഫലമായി വേലുപ്പിള്ള പ്രഭാകരന്റെ നേതൃത്വത്തില്‍ എല്‍ടിടിഇ(ലിബറേഷന്‍ ഓഫ് തമിഴ് ടൈഗേഴ്‌സ് ഈഴം) എന്ന സായുധ സംഘടന നിലവില്‍ വന്നു.

1977ലെ തെരഞ്ഞെടുപ്പില്‍ യുഎന്‍പി അധികാരത്തിലെത്തി, ജയവര്‍ധനെ പ്രധാനമന്ത്രിയായി. സിരിമാവോയുടെ പൗരാവകാശങ്ങള്‍ റദ്ദ് ചെയ്തു. 1978ല്‍ നിലവില്‍ വന്ന ഭരണഘടന പ്രസിഡന്റിനെ ഭരണാധികാരിയായി അവരോധിച്ചു. തമിഴര്‍ക്കെതിരെ സര്‍ക്കാര്‍ നടപടികള്‍ ശക്തമായതോടെ തമിഴ് ജനത പ്രക്ഷോഭം ആരംഭിച്ചു. തുടര്‍ന്ന് തമിഴ് തീവ്രവാദി സംഘടനകളും പട്ടാളവും തമ്മിലുള്ള ഏറ്റുമുട്ടല്‍ ആരംഭിച്ചു. 1983ല്‍ സിംഹളര്‍ നടത്തിയ കൂട്ടക്കൊലയില്‍ മൂവായിരത്തിലധികം തമിഴര്‍ കൊല്ലപ്പെട്ടു. സര്‍ക്കാരും സിംഹളരും തമിഴരുടെ ശത്രുക്കളായി. ജയവര്‍ധനെ സ്ഥാപിച്ച സിംഹളക്കോളനികള്‍ തമിഴര്‍ അക്രമിച്ചു.സര്‍ക്കാര്‍ തിരിച്ചടിച്ചു. ഇതോടെശ്രീലങ്ക ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങി.

ഇന്ത്യ ശ്രീലങ്കയിലേക്ക് പട്ടാളത്തെ അയച്ചത് തമിഴരെ ചൊടിപ്പിച്ചു. തത്ഫലമായി 1991ല്‍ തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ നടന്ന തെരഞ്ഞെടുപ്പ് സമ്മേളനത്തില്‍ തമിഴ്പുലികള്‍ നടത്തിയ ചാവേറാക്രമണത്തില്‍ രാജീവ്ഗാന്ധി കൊല്ലപ്പെട്ടു.

1989ല്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രിയായ രണസിംഗെ പ്രേമദാസ 1993ല്‍ ഒരു ചാവേര്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു. 1994ല്‍ ഭണ്ഡാരനായകെ ദമ്പതിമാരുടെ മകള്‍ ചന്ദ്രിക കുമാരതുംഗെ ആദ്യം പ്രധാനമന്ത്രിയും പിന്നീട് പ്രസിഡന്റുമായി. 2001ല്‍ കുമാരതുംഗയ്ക്ക് അധികാരം നഷ്ടമായി. റനില്‍ വിക്രമസിംഗെ അധികാരത്തിലെത്തി. 2005ല്‍ മഹിന്ദ രാജപക്‌സെ വിക്രമസിംഗയെ പരാജയപ്പെടുത്തി അധികാരത്തിലെത്തി. രാജപക്‌സെ കാലത്ത് ആഭ്യന്തരയുദ്ധം രൂക്ഷമായി. 2009ല്‍ പ്രഭാകരനടക്കമുള്ള തമിഴ്പുലികളെ വധിച്ച് രാജപക്‌സെ സര്‍ക്കാര്‍ എല്‍ടിടിഇയെ അടിച്ചമര്‍ത്തി യുദ്ധം അവസാനിപ്പിച്ചു. രാജപക്‌സെ കാലത്ത് നാല്‍പതിനായിരം തമിഴര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. രണ്ട് തവണ തുടര്‍ച്ചയായി അധികാരത്തിലെത്തിയ രാജപക്‌സെയെ അട്ടിമറിച്ച് റനില്‍ വിക്രമസിംഗയുടെയും സിരിസേനയുടെയും നേതൃത്വത്തിലുള്ള ഐക്യസര്‍ക്കാര്‍ 2015ല്‍ അധികാരത്തിലെത്തി. മൈത്രിപാല സിരിസേന പ്രസിഡന്റായും വിക്രമസിംഗെ പ്രധാനമന്ത്രിയായും അധികാരത്തിലെത്തി.

നിലവിലെ രാഷ്ട്രീയ അനിശ്ചിതത്വം

ശ്രീലങ്കയെ വീണ്ടുമൊരു രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടുകൊണ്ടാണ് പ്രസിഡന്റായ മൈത്രിപാല സിരിസേന ഒക്ടോബറില്‍ പ്രധാനമന്ത്രി വിക്രമസിംഗയെ അയോഗ്യനാക്കുന്നത്. മുന്‍ പ്രസിഡന്റ് കൂടിയായ രാജപക്‌സെയെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിച്ച സിരിസേന പാര്‍ലമെന്റ് പിരിച്ചുവിടുകയും ചെയ്തു. എന്നാല്‍ ഭരണഘടനാ വിരുദ്ധമായ ഈ തീരുമാനം 26 വര്‍ഷം നീണ്ടുനിന്ന ആഭ്യന്തരയുദ്ധത്തിന്റെ കെടുതികളില്‍ നിന്നും ഇനിയും മുക്തരാകാത്ത 21 മില്യണ്‍ ജനങ്ങളുടെ ജീവിതം വീണ്ടും അനിശ്ചിതത്വത്തിലാക്കി.

ഒക്ടോബര്‍ 26നാണ് റെനില്‍ വിക്രമസിംഗയെ സിരിസേന പ്രധാനമന്ത്രി പദത്തില്‍ നിന്നും അയോഗ്യനാക്കിയത്. തനിക്കെതിരായ വധശ്രമം അന്വേഷിക്കുന്നതില്‍ വിക്രമസിംഗെ വീഴ്ചവരുത്തിയെന്നായിരുന്നു സിരിസേനയുടെ പ്രധാന ആരോപണം. വിക്രമസിംഗെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ദുര്‍വ്യയം ചെയ്തുവെന്നും സിരിസേന പറയുന്നു. എന്നാല്‍ ഇരുവരും തമ്മില്‍ നാളുകളായി തുടരുന്ന അസ്വാരസ്യവും ഫെബ്രുവരിയില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ശക്തി തെളിയിച്ച രാജപക്‌സെയുമായി ഉണ്ടായ അപ്രതീക്ഷിത അടുപ്പവുമാണ് നാടകീയ സംഭവങ്ങള്‍ക്ക് വഴിതെളിച്ചത്.

ഭരണഘടനയുടെ 42(4) വകുപ്പ് പ്രകാരമാണ് രാജപക്‌സെയെ പ്രധാനമന്ത്രിയായി നിയമിച്ചതെന്ന് സിരിസേന അവകാശപ്പെടുന്നുണ്ടെങ്കിലും ഒരു പ്രധാനമന്ത്രിയെ ഏകപക്ഷീയമായി പുറത്താക്കാന്‍ ഈ വകുപ്പ് അനുവദിക്കുന്നില്ല എന്നതാണ് സത്യം. അതേസമയം ഭരണഘടനയുടെ 19ാം ഭേദഗതിയുടെ ലംഘനമാണ് പ്രസിഡന്റ് നടത്തിയിരിക്കുന്നത് വിക്രമസിംഗെയും വാദിക്കുന്നു. അധികാരത്തിലിരിക്കെ അന്തരിക്കുകയോ രാജിവെക്കുകയോ അതുമല്ലെങ്കില്‍ പാര്‍ലമെന്റിന്റെ പിന്തുണ നഷ്ടപ്പെടുകയോ ബജറ്റ് പാര്‍ലമെന്റ് തള്ളുകയോ ചെയ്‌തെങ്കില്‍ മാത്രമേ പ്രധാനമന്ത്രി അയോഗ്യനാകുകയുള്ളു എന്നതാണ് 19ാം ഭേദഗതി.

രാജപക്‌സെയെ പ്രധാനമന്ത്രിയായി അവരോധിച്ച വിക്രമസിംഗെയുടെ നടപടി തികച്ചും നിയമവിരുദ്ധമാണെന്നാണ് വിക്രമസിംഗെയും രാഷ്ട്രീയ നിരീക്ഷകരും പറയുന്നത്. പാര്‍ലമെന്റിന്റെ ഭൂരിപക്ഷമില്ലാതെ ഒരു വ്യക്തിയെ പ്രധാനമന്ത്രിയാക്കാന്‍ കഴിയില്ലെന്നും അതിനാല്‍ തന്നെ താനിപ്പോഴും പ്രധാനമന്ത്രിയാണെന്നും വിക്രമസിംഗെ പ്രസിഡന്റിനെ അറിയിച്ചിട്ടുണ്ട്. രാജപക്‌സെയ്ക്കും സിരിസേനയ്ക്കും കൂടി 95 സീറ്റുകള്‍ മാത്രമാണ് നിലവില്‍ പാര്‍ലമെന്റില്‍ ഉള്ളത്. എന്നാല്‍ വിക്രമസിംഗയ്ക്കാകട്ടെ 106 സീറ്റുകളും ഈ സാഹചര്യത്തില്‍ രാജപക്‌സെയ്ക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കില്ലെന്നത് വ്യക്തമാണ്. ഭൂരിപക്ഷം തെളിയിക്കാന്‍ ഇതിനോടകം രണ്ട് വോട്ടെടുപ്പുകള്‍ നടന്നെങ്കിലും രണ്ടും രാജപക്‌സെയ്ക്ക് തിരിച്ചടിയായിരുന്നു. വോട്ടെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും താന്‍ രാജിവെക്കില്ലെന്ന നിലപാടിലാണ് രാജപക്‌സെ. ശരിയായ പാര്‍ലമെന്ററി നടപടികളിലൂടെ അല്ല വോട്ടെടുപ്പ് നടന്നതെന്ന് ചൊല്ലി സിരിസേനയും ഫലം തള്ളിക്കളഞ്ഞിട്ടുണ്ട്.

ഭൂരിപക്ഷം തെളിയിക്കും വരെ രാജപക്‌സെയെ പ്രധാനമന്ത്രിയായി അംഗീകരിക്കില്ലെന്ന് സ്പീക്കര്‍ കരു ജയസൂര്യ നിലപാടെടുത്തിട്ടുണ്ട്. അതേസമയം തെരഞ്ഞെടുപ്പിനായി വിക്രമസിംഗയെ വെല്ലുവിളിക്കുകയാണെന്നും ആര് പ്രധാനമന്ത്രി ആകണമെന്നത് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നുമാണ് രാജപക്‌സെ പറയുന്നത്.

ഇതിനിടെ നവംബര്‍ 16 വരെ പാര്‍ലമെന്റ് പിരിച്ചുവിട്ട സിരിസേനയുടെ നടപടി വലിയ നാണക്കേടിന് ഇടയാക്കിയിട്ടുണ്ട്. വിക്രമസിംഗയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനുള്ള അവസരം ഇല്ലാതാക്കുന്നതിനും ഈ സമയത്തിനുള്ളില്‍ കുതിരക്കച്ചവടത്തിലൂടെ പരമാവധി എംപിമാരെ രാജപക്‌സെ പക്ഷത്തെത്തിക്കുന്നതിനുമുള്ള നടപടി ആയിട്ടാണ് സിരിസേനയുടെ ഈ നടപടി വിലയിരുത്തപ്പെടുന്നത്. അധികാരത്തിലെത്തി നാലര വര്‍ഷം പൂര്‍ത്തിയാകാതെ പാര്‍ലമെന്റ് പിരിച്ചുവിടാന്‍ പ്രസിഡന്റിന് അധികാരമില്ലെന്നതും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

പാര്‍ലമെന്റ് പിരിച്ചുവിട്ട സിരിസേനയുടെ നടപടി സുപ്രീംകോടതി ഡിസംബര്‍ ഏഴ് വരെ സ്റ്റേ ചെയ്തിരിക്കുകയാണ്. ജനുവരി 5ന് തെരഞ്ഞെടുപ്പ് നടത്താനുള്ള ഒരുക്കങ്ങള്‍ നിര്‍ത്തിവെക്കാനും കോടതി ഉത്തരവിട്ടു. സിരിസേനയുടെ നടപടിക്കെതിരായ ഹര്‍ജികളില്‍ വിശദമായ വാദം കേട്ട ശേഷം കോടതിയില്‍ നിന്നും അന്തിമവിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിരിസേനയുടെ നടപടി ഭരണഘടന വിരുദ്ധമാണെന്ന് കോടതി കണ്ടെത്തിയാല്‍ കാര്യങ്ങള്‍ ഏത് ദിശയില്‍ നീങ്ങുമെന്ന് വ്യക്തമല്ല. അതേസമയം നടപടി ഭരണഘടനാപരമാണെങ്കില്‍ സിരിസേനയ്ക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ സാധിക്കും.

ഇതിനിടെ പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കുകയാണെങ്കില്‍ കൂടി റെനില്‍ വിക്രമസിംഗയെ പ്രധാനമന്ത്രിയായി തിരിച്ചെടുക്കില്ലെന്നാണ് വിദേശമാധ്യമങ്ങളോട് കഴിഞ്ഞ ദിവസം സിരിസേന പറഞ്ഞത്. താനും വിക്രമസിംഗയും അടങ്ങുന്ന ഐക്യമുന്നണിയുടെ പ്രഖ്യാപിത നയങ്ങളില്‍ നിന്നും വിക്രമസിംഗെ വ്യതിചലിച്ചതിനാലും രാജ്യത്ത് അഴിമതി വര്‍ധിച്ചതുമായ സാഹചര്യത്തിലാണ് വിക്രമസിംഗയെ പുറത്താക്കിയതെന്നും സിരിസേന പറഞ്ഞു. അതേസമയം വിക്രമസിംഗയും മുന്‍ പട്ടാള മേധാവിയായിരുന്ന സാറത്ത് ഫോണ്‍സെകയും ഒഴിച്ച് ആ പാര്‍ട്ടിയിലുള്ള മറ്റാരെയെങ്കിലും പ്രധാനമന്ത്രിയാക്കാന്‍ താന്‍ തയ്യാറാണെന്നും പ്രസിഡന്റ് പറഞ്ഞു. എന്നാല്‍ വിക്രമസിംഗെയുടെ നേതൃത്വത്തിലുള്ള യുണൈറ്റഡ് നാഷ്ണല്‍ പാര്‍ട്ടി ഇതുവരെ അങ്ങനെയൊരു ആവശ്യം മുന്നോട്ടുവച്ചിട്ടില്ല.

COLOMBO, Oct. 29, 2018 (Xinhua) — Sri Lanka’s newly appointed Prime Minister Mahinda Rajapaksa (C) attends a ceremony to assume duties at the Prime Minister’s office in Colombo on Oct. 29, 2018. Sri Lanka’s “ousted” Prime Minister Ranil Wickremesinghe on Monday reiterated his call for parliament to be summoned immediately in order to resolve the ongoing political crisis. (Xinhua/A.Hpuarachchi/IANS)

രാജപക്‌സെയെന്ന വിവാദ നായകന്‍

2005 മുതല്‍ 2015 വരെ ശ്രീലങ്കന്‍ പ്രസിഡന്റ് പദവി വഹിച്ച രാജപക്‌സെ ആഭ്യന്തരയുദ്ധകാലത്തെ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ ലോകരാഷ്ട്രങ്ങളുടെ വിമര്‍ശനം ഏറ്റുവാങ്ങിയിട്ടുള്ള വ്യക്തിയാണ്. മാത്രമല്ല ചൈനയുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന രാജപക്‌സെ ആഭ്യന്തരയുദ്ധത്തിന് ശേഷം അടിസ്ഥാന സൗകര്യ വികസനത്തിനായി വന്‍തുകയാണ് ചൈനയില്‍ നിന്നും കടമെടുത്തത്. ഇന്ന് രാജ്യവരുമാനത്തിന്റെ 80 ശതമാനവും കടമടയ്‌ക്കേണ്ട അവസ്ഥയിലാണ് ശ്രീലങ്ക. എങ്കിലും ശ്രീലങ്കയില്‍ രാജപക്‌സെയ്ക്ക് സിംഹള വിഭാഗത്തിന്റെ വലിയ പിന്തുണയുണ്ട്. 26 വര്‍ഷക്കാലം നീണ്ടുനിന്ന ആഭ്യന്തരയുദ്ധവും അതിനെതുടര്‍ന്ന് കൊളംബോയില്‍ നടമാടിയ ബോംബാക്രമണങ്ങളും കൂട്ടക്കൊലകളും എല്‍ടിടിഇ അക്രമപരമ്പരകളും അവസാനിച്ചത് രാജപക്‌സെ കാലത്തായിരുന്നു എന്നതാണ് അതിന് കാരണം.

സിംഹളതമിഴ് വിദ്വേഷം

സ്വാതന്ത്ര്യകാലം മുതല്‍ക്കേ ശ്രീലങ്കയില്‍ സിംഹളരും തമിഴരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ നിലവിലുണ്ട്. ജനസംഖ്യയുടെ 9.4 ശതമാനം മാത്രം വരുന്ന ഇന്ത്യയില്‍ നിന്നുള്ള തമിഴ് കുടിയേറ്റക്കാരുടെ അവകാശങ്ങള്‍ നിഷേധിക്കണമെന്നതായിരുന്നു സിംഹളരുടെ ആവശ്യം. ബുദ്ധമതമാണ് ശ്രീലങ്കയില്‍ പ്രചാരത്തിലുള്ള മതം. തമിഴ്കുടിയേറ്റക്കാരാകട്ടെ മിക്കവരും ഹിന്ദു വിഭാഗത്തില്‍ പെട്ടവരും. ശ്രീലങ്കയിലെ തമിഴ് വിരുദ്ധതയ്‌ക്കെതിരെ സംഘടിച്ച എല്‍ടിടിഇ വടക്ക്കിഴക്കന്‍ മേഖലയില്‍ തമിഴര്‍ക്കായി സ്വതന്ത്രരാജ്യമെന്ന ആവശ്യവുമായി രംഗത്തെത്തിയതോടെയാണ് രാജ്യത്ത് ആഭ്യന്തരയുദ്ധം ഉടലെടുക്കുന്നത്. തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളില്‍ ശ്രീലങ്ക കുരുതിക്കളമായി. പതിനായിരക്കണക്കിന് ആളുകള്‍ മരിച്ചുവീണു. കുട്ടി സൈനികരെ അടക്കം രംഗത്തിറക്കിയ ആ നരനായാട്ടിന് ശ്രീലങ്കന്‍ സൈനികരും തമിഴ്പുലികളും ഒരുപോലെ കാരണക്കാരായി. 2009ല്‍ തമിഴ്പുലികളെ അമര്‍ച്ച ചെയ്ത് യുദ്ധം അവസാനിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ വിജയം കണ്ടു.

ശ്രീലങ്കയുടെ സാമ്പത്തികരംഗം

ആഭ്യന്തരയുദ്ധത്തിന് ശേഷം ചൈനീസ് സഹായത്തോടെ തുടക്കത്തില്‍ വികസന പ്രവര്‍ത്തനങ്ങളൊക്കെ നടന്നെങ്കിലും വരള്‍ച്ചയും വെള്ളപ്പൊക്കവും അടക്കമുള്ള പ്രകൃതിദുരന്തങ്ങള്‍ ശ്രീലങ്കയെ ദാരിദ്രത്തിലേക്ക് തള്ളിവിട്ടു. എങ്കിലും ഇന്ത്യന്‍ മഹാസമുദ്രത്തിലെ സുപ്രധാന കപ്പല്‍മാര്‍ഗങ്ങള്‍ പ്രയോജനപ്പെടുത്തി ബീച്ചുകളും പുരാതന ക്ഷേത്രങ്ങളും സഞ്ചാരികള്‍ക്ക് തുറന്നുവെച്ച് ടൂറിസത്തിലൂടെ കരകയറാന്‍ ശ്രീലങ്കയ്ക്കായി. സമ്പദ് വ്യവസ്ഥ മെച്ചപ്പെട്ടെങ്കിലും നാല് വര്‍ഷമായി കുതിച്ചുയരുന്ന വിലക്കയറ്റം സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചു. സാമ്പത്തിക മേഖലയിലുണ്ടായ തിരിച്ചടിക്ക് വിക്രമസിംഗയാണ് കാരണക്കാരനെന്ന് സിരിസേന കുറ്റപ്പെടുത്തി.

ശ്രീലങ്കയുടെ വിദേശബന്ധങ്ങള്‍

ചൈനയുമായി കൂട്ടുപിടിച്ച രാജപക്‌സെയുടെ അധികാരകാലത്തിന് ശേഷം ഇന്ത്യയുമായും ജപ്പാനുമായുമുള്ള ബന്ധം പുനസ്ഥാപിക്കാനുള്ള നീക്കങ്ങളിലായിരുന്നു വിക്രമസിംഗെ സര്‍ക്കാര്‍. രാജപക്‌സെ പ്രസിഡന്റ് ആയിരുന്ന കാലത്ത് സ്വന്തം ജില്ലയായ ഹംബണ്‍ടോട്ടയില്‍ ഒരു തുറമുഖവും വിമാനത്താവളവും നിര്‍മ്മിക്കുന്നതിനായി ചൈനയില്‍ നിന്നും വന്‍തുക കടമെടുത്തിരുന്നു. വായ്പാകെണിയെ തുടര്‍ന്ന് 99 വര്‍ഷത്തേക്ക് ആ തുറമുഖം ഒരു ചൈനീസ് കമ്പനിക്ക് പാട്ടത്തിന് നല്‍കിയിരിക്കുകയാണ്.

നിലവിലെ ആശങ്കകള്‍

നവംബര്‍ 16 ശ്രീലങ്കന്‍ പാര്‍ലമെന്റിന്റെ ചരിത്രത്തിലെ കറുത്ത അധ്യായമാണ്. വിക്രമസിംഗയ്‌ക്കെതിരായ എംപിമാര്‍ പാര്‍ലമെന്റില്‍ മുദ്രാവാക്യം വിളികളുമായി അക്രമസംഭവങ്ങള്‍ അഴിച്ചുവിട്ടു. സ്പീക്കറുടെ ചേംബറിലേക്ക് പാഞ്ഞടുത്ത അവര്‍ കുപ്പികളും പുസ്തകങ്ങളും സ്പീക്കര്‍ക്ക് നേരെ വലിച്ചെറിഞ്ഞു. ഇതോടെ സഭ നിര്‍ത്തിവെക്കാന്‍ സ്പീക്കര്‍ നിര്‍ബന്ധിതനാകുകയായിരുന്നു. ഈ സംഭവവികാസങ്ങള്‍ മറ്റൊരു പ്രതിസന്ധിയുടെ തുടക്കമാണോ എന്ന ആശങ്കയിലാണ് ലോകം. അധികാരത്തില്‍ തിരിച്ചെത്തുകയാണെങ്കില്‍ രാജപക്‌സെ സാമുദായിക വംശീയ വികാരങ്ങള്‍ക്ക് തിരി കൊളുത്തുമോ എന്ന ഭയവും നിലവിലുണ്ട്. തന്റെ ഭരണകാലത്തെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങള്‍ക്ക് നേരെ മുഖം തിരിക്കുന്ന രാജപക്‌സെ ബുദ്ധമതത്തിലൂന്നിയ ദേശീയത കരുവാക്കിയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

Comments

comments

Categories: FK Special, Slider, World
Tags: Srilanka