എസ്ബിഐ സ്ഥിരം നിക്ഷേപത്തിന്റെ പലിശനിരക്ക് വര്‍ധിപ്പിച്ചു

എസ്ബിഐ സ്ഥിരം നിക്ഷേപത്തിന്റെ പലിശനിരക്ക് വര്‍ധിപ്പിച്ചു

ന്യൂഡെല്‍ഹി: കേന്ദ്ര ബാങ്കിന്റെ ധനനയ അവലോകനം നടക്കാനിരിക്കെ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ) സ്ഥിര നിക്ഷേപത്തിന്റെ(എഫ്ഡി) പലിശനിരക്ക് വര്‍ധിപ്പിച്ചു. ഒരു കോടിയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് 0.05-0.10 അടിസ്ഥാന പോയ്ന്റാണ് പലിശ നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. പുതിയ നിരക്കുകള്‍ ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു.

ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷം കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് പത്ത് ബേസിസ് പോയ്ന്റ് വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഈ കാലാവധിയിലുള്ള സ്ഥിര നിക്ഷേപത്തിന് 6.8 ശതമാനം പലിശ ലഭിക്കും. നേരത്തെ ഇത് 6.7 ശതമാനമായിരുന്നു. രണ്ട് മുതല്‍ മൂന്ന് വര്‍ഷത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 6.75 ശതമാനത്തില്‍ നിന്നും 6.80 ശതമാനമായി ഉയര്‍ത്തി, 5 ബേസിസ് പോയ്ന്റ് വര്‍ധനയാണ് ഉണ്ടായത്. ഈ കാലാവധികളിലെല്ലാം മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.30 ശതമാനം പലിശ നിരക്കാണ് ലഭിക്കുക. നേരത്തെ മുതിര്‍ന്ന പൗരന്മാരുടെ സ്ഥിരനിക്ഷേപത്തിന്റെ പലിശനിരക്ക് 7.2 ശതമാനമായിരുന്നു.

ജൂലൈയിലായിരുന്നു ഇതിനു മുമ്പ് എസ്ബിഐ സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്ക് വര്‍ധിപ്പിച്ചത്.
വര്‍ഷംതോറും സ്വകാര്യ-പൊതുമേഖലാ ബാങ്കുകള്‍ സ്ഥിര നിക്ഷേപങ്ങളിലെ പലിശ നിരക്ക് വര്‍ധിപ്പിക്കാറുണ്ട്. എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഇന്‍ഡസ്‌ലാന്‍ഡ് ബാങ്ക് എന്നിവയും ഈ വര്‍ഷം സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.

Comments

comments

Categories: Current Affairs