ഇരുപത് ലക്ഷം വില്‍പ്പന താണ്ടി സ്വിഫ്റ്റ് കുതിക്കുന്നു

ഇരുപത് ലക്ഷം വില്‍പ്പന താണ്ടി സ്വിഫ്റ്റ് കുതിക്കുന്നു

ന്യൂഡെല്‍ഹി : ഇരുപത് ലക്ഷം യൂണിറ്റ് വില്‍പ്പനയെന്ന നാഴികക്കല്ല് മാരുതി സുസുകി സ്വിഫ്റ്റ് താണ്ടി. 2005 ല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച സ്വിഫ്റ്റിന്റെ മൂന്നാം തലമുറ മോഡലാണ് ഇപ്പോള്‍ വിറ്റുവരുന്നത്. ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളുടെ ഭാഗധേയം മാറ്റിമറിച്ച മോഡലാണ് സ്വിഫ്റ്റ്. വിപണിയില്‍ എത്തിയതുമുതല്‍ തുടര്‍ച്ചയായി മാരുതി സുസുകിയുടെ ബെസ്റ്റ് സെല്ലര്‍ വാഹനമാണ് സ്വിഫ്റ്റ് ഹാച്ച്ബാക്ക്.

മുമ്പ് പറഞ്ഞതുപോലെ, 2005 ലാണ് മാരുതി സുസുകി സ്വിഫ്റ്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. അഞ്ച് ലക്ഷം യൂണിറ്റ് വില്‍പ്പനയെന്ന നേട്ടം 2010 സെപ്റ്റംബറില്‍ കൈവരിച്ചു. 2013 സെപ്റ്റംബറില്‍ പത്ത് ലക്ഷം വില്‍പ്പനയും 2016 മാര്‍ച്ചില്‍ പതിനഞ്ച് ലക്ഷം യൂണിറ്റ് വില്‍പ്പനയും താണ്ടി. ഈ വര്‍ഷത്തെ ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയിലാണ് പുതിയ സ്വിഫ്റ്റ് പുറത്തിറക്കിയത്.

പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ വേര്‍ഷനുകളില്‍ മാരുതി സുസുകി സ്വിഫ്റ്റ് ലഭിക്കും. 1.2 ലിറ്റര്‍ കെ12 പെട്രോള്‍ എന്‍ജിന്‍ 82 ബിഎച്ച്പി പരമാവധി കരുത്തും 1.3 ലിറ്റര്‍ ഡിഡിഐഎസ് മോട്ടോര്‍ 74 ബിഎച്ച്പി പരമാവധി കരുത്തും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാന്വല്‍, 5 സ്പീഡ് എഎംടി എന്നിവയാണ് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍. യഥാക്രമം 22 കിലോമീറ്റര്‍, 28.4 കിലോമീറ്ററാണ് പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ നല്‍കുന്ന ഇന്ധനക്ഷമത.

രണ്ട് കോടി വാഹനങ്ങള്‍ വില്‍ക്കുകയെന്ന നേട്ടം ഈ വര്‍ഷമാദ്യമാണ് മാരുതി സുസുകി കൈവരിച്ചത്. 35 ലക്ഷം ഓള്‍ട്ടോ കാറുകള്‍ വില്‍ക്കുകയെന്ന നാഴികക്കല്ല് താണ്ടിയതും 2018 തുടക്കത്തില്‍ തന്നെ. ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പന നേടാന്‍ സാധിച്ച കാറാണ് മാരുതി സുസുകി ഓള്‍ട്ടോ. ഓള്‍ട്ടോ, ഡിസയര്‍ എന്നിവ പോലെ സ്വിഫ്റ്റും എല്ലായ്‌പ്പോഴും മാരുതി സുസുകിയുടെ ബെസ്റ്റ് സെല്ലറാണ്. ഡിസയറിന്റെ ആദ്യ രണ്ട് തലമുറ സ്വിഫ്റ്റ് ഡിസയര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്.

Comments

comments

Categories: Auto
Tags: Maruti Swift