കൊറിയന്‍-ഇറ്റാലിയന്‍ കരുത്തുമായി മഹീന്ദ്ര വരുന്നു

കൊറിയന്‍-ഇറ്റാലിയന്‍ കരുത്തുമായി മഹീന്ദ്ര വരുന്നു

മുംബൈ: ഏഴ് വര്‍ഷം മുന്‍പ് സ്വന്തമാക്കിയ ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാണ കമ്പനിയായ സാംഗ്‌യോംഗിനെ പരമാവധി പ്രയോജനപ്പെടുത്തി ഉല്‍പ്പന്ന നിര വിപുലീകരിക്കാന്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തീരുമാനിച്ചു. രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര 2011 ലാണ് ദക്ഷിണകൊറിയയിലെ നാലാമത്തെ വലിയ വാഹന നിര്‍മാതാക്കളായ സാംഗ്‌യോംഗിനെ ഏറ്റെടുത്തിരുന്നത്. കൊറിയന്‍ ഉപകമ്പനിയുടെയും ഇറ്റാലിയന്‍ കാര്‍ രൂപകല്‍പ്പന സംരംഭമായ പിനിന്‍ഫരീനയുടേയും സഹായത്തോടെ ഉല്‍പ്പന്ന നിര ശക്തമാക്കാനാണ് പദ്ധതി. മൂന്ന് വര്‍ഷം മുന്‍പാണ് പിനിന്‍ഫരീനയെ മഹീന്ദ്ര സ്വന്തമാക്കിയിരുന്നത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ മൂന്ന് പുതിയ വാഹനങ്ങള്‍ പുറത്തിറക്കി പ്രതിമാസം 9,000 യൂണിറ്റുകള്‍ വിറ്റഴിക്കാനാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്.

‘സാംഗ്‌യോംഗിന്റെ പങ്കാളിത്തത്തോടെ ആഗോള ഉല്‍പ്പന്നങ്ങളുടെ പുതിയ ശ്രേണി തന്നെ കമ്പനി പുറത്തിറക്കും. മാത്രമല്ല വരും വര്‍ഷങ്ങളില്‍ ഫോര്‍ഡുമായും കമ്പനി സഖ്യമുണ്ടാക്കും,’ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ മാനേജിംഗ് ഡയറക്റ്ററായ പവന്‍ ഗോയങ്ക വ്യക്തമാക്കി. ഉല്‍പ്പന്നങ്ങള്‍ പങ്ക് വെക്കുന്നതിന് പുറമെ ഹൈബ്രിഡ് സൊലുഷന്‍ അടക്കം എന്‍ജിന്‍, സാങ്കേതികവിദ്യ, കണ്ക്റ്റിവിറ്റി സൊലുഷന്‍സ് എന്നിവയും പങ്ക് വയ്ക്കാന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാഹന നിര്‍മാണ കേന്ദ്രങ്ങള്‍ പരസ്പരം പങ്ക് വെക്കുന്നത് വഴി പുതിയ ഉല്‍പ്പന്നങ്ങള്‍ വളരെ കുറഞ്ഞ ചെലവില്‍ വിപണിയിലെത്തിക്കാന്‍ സാധിക്കുമെന്നും ഗോയങ്ക അഭിപ്രായപ്പെട്ടു.

ഓള്‍ട്ടുറാസ് പോലെ ലിമിറ്റഡ് എഡിഷന്‍ വാഹനങ്ങള്‍ പുറത്തിറക്കാന്‍ സ്വന്തമായി മഹീന്ദ്രക്ക് സാധിക്കുകയില്ലായിരുന്നെന്നും സാംഗ്‌യോംഗിന്റെ സഹകരണമാണ് ഇത്തരമൊരു സാഹചര്യമൊരുക്കിയതെന്നും ഗോയങ്ക ചൂണ്ടിക്കാട്ടി. സാംഗ്‌യോംഗും ഫോര്‍ഡുമായുള്ള സഹകരണത്തില്‍ നാല് മുതല്‍ ആറ് വരെ പുതിയ വാഹനങ്ങള്‍ വിപണിയിലെത്തിക്കാന്‍ പദ്ധതിയിട്ടിരുന്നതില്‍ ആദ്യത്തേതാണ് ഓള്‍ട്ടുറാസ്. രാജ്യത്തെ പ്രിമീയം എസ്‌യുവി ശ്രേണിയില്‍ അവതരിപ്പിക്കപ്പെട്ട വാഹനത്തിന് 26.95 ലക്ഷം രൂപ മുതലാണ് വില.

Comments

comments

Categories: Auto