125 സിസി സെഗ്‌മെന്റില്‍ ഒന്നാമനാകാന്‍ കെടിഎം 125 ഡ്യൂക്ക്

125 സിസി സെഗ്‌മെന്റില്‍ ഒന്നാമനാകാന്‍ കെടിഎം 125 ഡ്യൂക്ക്

ന്യൂഡെല്‍ഹി : ഇന്ത്യയിലെ 125 സിസി സെഗ്‌മെന്റില്‍ പുതിയ ഉണ്ണി പിറന്നു. കെടിഎം 125 ഡ്യൂക്ക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1.18 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ഇന്ത്യയിലെ 450 കെടിഎം ഷോറൂമുകളിലും 125 ഡ്യൂക്ക് ലഭ്യമായിത്തുടങ്ങിയെന്ന് കെടിഎം അറിയിച്ചു. മോട്ടോര്‍സൈക്കിളിന്റെ ബുക്കിംഗ് ഒരു മാസം മുമ്പ് ആരംഭിച്ചിരുന്നു.

ഇന്ത്യയില്‍ 125 സിസി സെഗ്‌മെന്റിലെ ഏറ്റവും കരുത്തുറ്റ മോട്ടോര്‍സൈക്കിളുകളിലൊന്ന് എന്ന പെരുമ പേറിയാണ് കെടിഎം 125 ഡ്യൂക്ക് വരുന്നത്. 125 സിസി പെര്‍ഫോമന്‍സ് ബൈക്ക് തേടുന്നവര്‍ക്ക് ഒന്നാന്തരം ചോയ്‌സായിരിക്കും കെടിഎം 125 ഡ്യൂക്ക്. ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭിക്കുന്നതും ഏറ്റവും കരുത്ത് കുറഞ്ഞതുമായ കെടിഎം ബൈക്കാണ് 125 ഡ്യൂക്ക്.

124.7 സിസി, സിംഗിള്‍ സിലിണ്ടര്‍ മോട്ടോറാണ് 125 ഡ്യൂക്കില്‍ നല്‍കിയിരിക്കുന്നത്. ഈ എന്‍ജിന്‍ 9250 ആര്‍പിഎമ്മില്‍ 14.3 ബിഎച്ച്പി കരുത്തും 8000 ആര്‍പിഎമ്മില്‍ 12 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് ഗിയര്‍ബോക്‌സ് എന്‍ജിനുമായി ഘടിപ്പിച്ചു. ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്) സ്റ്റാന്‍ഡേഡ് ഫിറ്റ്‌മെന്റാണ്.

കെടിഎം 125 ഡ്യൂക്ക് ഉപയോഗിക്കുന്ന ട്രെല്ലിസ് ഫ്രെയിം, അലുമിനിയം സ്വിംഗ്ആം, മുന്നില്‍ 43 എംഎം അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ എന്നിവ സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകളില്‍ ചിലതാണ്. അതായത് 125 സിസി സെഗ്‌മെന്റില്‍ മറ്റൊരു ബൈക്കിനും ഇവയൊന്നും ലഭിച്ചിട്ടില്ല. പിന്നില്‍ 10 സ്റ്റെപ്പ് അഡ്ജസ്റ്റബിള്‍ മോണോഷോക്കാണ് നല്‍കിയിരിക്കുന്നത്. മുന്‍ ചക്രത്തില്‍ 300 എംഎം ഡിസ്‌ക്കും പിന്‍ ചക്രത്തില്‍ 230 എംഎം ഡിസ്‌ക്കും ബ്രേക്കിംഗിന് സഹായിക്കും.

Comments

comments

Categories: Auto