കെഎഫ്‌സി ഇന്ത്യ 13 സ്റ്റോറുകള്‍ ആര്‍ജെ കോര്‍പ്പ് കമ്പനിക്ക് കൈമാറുന്നു

കെഎഫ്‌സി ഇന്ത്യ 13 സ്റ്റോറുകള്‍ ആര്‍ജെ കോര്‍പ്പ് കമ്പനിക്ക് കൈമാറുന്നു

ന്യൂഡെല്‍ഹി: യം ബ്രാന്‍ഡ് ഉടമസ്ഥതയിലുള്ള കെഎഫ്‌സി ഇന്ത്യ, ഏറ്റവും വലിയ ഫ്രാഞ്ചൈസി പാര്‍ട്ണറായ ദേവ്‌യാനി ഇന്റര്‍നാഷണലിന് 13 റെസ്റ്റോറന്റുകള്‍ കൂടി നല്‍കാന്‍ തയാറെടുക്കുന്നു. രവി ജയ്പൂരിയയുടെ ഉടമസ്ഥതയിലുള്ള ആര്‍ജെ കോര്‍പ്പ് പിന്തുണയ്ക്കുന്ന കമ്പനിയാണ് ദേവ്‌യാനി ഇന്റര്‍നാഷണല്‍. റെസ്റ്റോറന്റുകളുടെ ഉടമസ്ഥതാവകാശം കുറച്ച് ബ്രാന്‍ഡ് കസ്‌റ്റോഡിയനായി തുടരാനുള്ള ആഗോള തന്ത്രത്തിന്റെ ഭാഗമായാണിതെന്ന് വ്യവസായ നിരീക്ഷകര്‍ പറയുന്നു. ഇന്ത്യന്‍ വിപണിയില്‍ മികച്ച സാധ്യതയാണ് കമ്പനി പ്രതീക്ഷിക്കുന്നത്. കേരളത്തിലും ഗോവയിലുമുള്ള കെഎഫ്‌സി റെസ്റ്റോറന്റുകള്‍ ദേവ്‌യാനി എറ്റെടുത്തിരുന്നു.

വിപണിയില്‍ തങ്ങള്‍ ഇക്വിറ്റി, ഫ്രാഞ്ചൈസി മാതൃകകള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ട് മുന്നോട്ടുപോകുമെന്ന് കെഫ്‌സി എംഡി സമിര്‍ മേനോന്‍ പറഞ്ഞു. കേരളം, ഗോവ എന്നിവടങ്ങളിലെ റെസ്‌റ്റോറന്റുകളെ ദേവ്‌യാനിക്ക് കൈമാറാനുള്ള പദ്ധതി ബ്രാന്‍ഡിന്റെ വളര്‍ച്ചാ തന്ത്രത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരു സംസ്ഥാനങ്ങളിലും ഇതിനകം ദേവ്‌യാനി ഇന്റര്‍നാഷണലിന് സാന്നിധ്യമുണ്ട്. കൂട്ടിച്ചേര്‍ക്കാനുള്ള തീരുമാനം വാണിജ്യപരമായി നല്ല ചുവടുവെപ്പാണ്. ഇന്ത്യയില്‍ യം ബ്രാന്‍ഡിനു വേണ്ടി കെഎഫ്‌സി, പിസ്സ ഹട്ട് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ദേവ്‌യാനി ഏറ്റെടുത്തിട്ടുണ്ട്.

അതേസമയം, കരാറിന്റെ മൂല്യമെത്രയാണെന്ന് ഇരു കമ്പനികളും വ്യക്തമാക്കിയിട്ടില്ല. കെഎഫ്‌സി ഇന്ത്യ 380 സ്റ്റോറുകളാണ് നടത്തിക്കൊണ്ടുപോകുന്നത്. ഇതില്‍ 20 ശതമാനം കമ്പനിയുടെ ഉടമസ്തതയിലുള്ളതാണ്. ബാക്കിയുള്ളവ ദേവ്‌യാനി, സഫെയര്‍ ഫൂഡ്‌സ് എന്നീ കമ്പനികളുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 750 കോടി രൂപയ്ക്ക് 2016 ലാണ് യം ബ്രാന്‍ഡിന്റെ ഫ്രാഞ്ചൈസി ബിസിനസിന്റെ ഒരു ഭാഗം സഫയര്‍ ഫുഡ്‌സ് ഏറ്റെടുക്കുന്നത്. യം ബ്രാന്‍ഡിന്റെ ഇന്ത്യയിലെ മറ്റൊരു ബ്രാന്‍ഡായ പിസ ഹട്ടിന് പൂര്‍ണമായും ഫ്രാഞ്ചൈസി മാതൃകയില്‍ രാജ്യത്ത് 400 ഓളം സ്‌റ്റോറുകളുണ്ട്

Comments

comments

Categories: Business & Economy
Tags: KFC