അടിസ്ഥാന ശമ്പള വര്‍ധനയില്‍ ഇന്ത്യ ദക്ഷിണേഷ്യയില്‍ മുന്നില്‍

അടിസ്ഥാന ശമ്പള വര്‍ധനയില്‍ ഇന്ത്യ ദക്ഷിണേഷ്യയില്‍ മുന്നില്‍

ന്യൂഡെല്‍ഹി: 2008 മുതല്‍ 2017 വരെയുള്ള ഒരു ദശാബ്ദ കാലത്തില്‍ ശരാശരി അടിസ്ഥാന ശമ്പള വര്‍ധനയുടെ കാര്യത്തില്‍ ഇന്ത്യ മറ്റ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേക്കാള്‍ മുമ്പിലായിരുന്നുവെന്ന് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ( ഐഎല്‍ഒ) റിപ്പോര്‍ട്ട്. ലോകത്തിലെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് ഏഷ്യ-പസഫിക് മേഖലയിലെ തൊഴിലാളികളുടെ അടിസ്ഥാന ശമ്പളത്തില്‍ 2008- 17 കാലഘട്ടത്തിലുണ്ടായ വന്‍ വര്‍ധന ഈ മേഖലയിലെ വേഗത്തിലുള്ള സാമ്പത്തിക വളര്‍ച്ചയുടെ പ്രതിഫലനമായാണ് വിലയിരുത്തപ്പെടുന്നത്. ചൈന, ഇന്ത്യ, തായ്‌ലന്റ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളാണ് ഈ മുന്നേറ്റത്തെ നയിക്കുന്നതെന്നും ഐഎല്‍ഒയുടെ ഗ്ലോബല്‍ വേജ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

5.5 ശതമാനം ശരാശരി അടിസ്ഥാന ശമ്പള വളര്‍ച്ചയാണ് 2008-17 കാലഘട്ടത്തില്‍ ഇന്ത്യ രേഖപ്പെടുത്തിയത്. 4.7 ശതമാനം വളര്‍ച്ചയോടെ നേപ്പാളാണ് ദക്ഷിണേഷ്യയില്‍ രണ്ടാം സ്ഥാനത്തുള്ളത്. ശ്രീലങ്ക-4 ശതമാനം, ബംഗ്ലാദേശ്-3.4, പാക്കിസ്ഥാന്‍-1.8, ഇറാന്‍-0.4 എന്നിങ്ങനെയാണ് പിന്നീടുള്ള സ്ഥാനങ്ങള്‍. ശരാശരി 3.7 ശതമാനം വര്‍ധനയാണ് അടിസ്ഥാന ശമ്പളത്തില്‍ ദക്ഷിണേഷ്യയില്‍ മൊത്തമായി രേഖപ്പെടുത്തിയിട്ടുള്ളത്.
മെക്‌സിക്കോ ഒഴികെ വളര്‍ന്നു വരുന്ന എല്ലാ ജി20 വിപണികളും അടിസ്ഥാന ശമ്പള വര്‍ധനയില്‍ ശുഭകരമായ വളര്‍ച്ച പ്രകടമാക്കിയിട്ടുണ്ട്. സൗദി അറേബ്യ, ഇന്ത്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ ശമ്പള വര്‍ധന തുടര്‍ന്നപ്പോള്‍ തുര്‍ക്കിയില്‍ ഒരു ശതമാനം ഇടിവാണ് രേഖപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

2012-16 കാലയളവില്‍ ശമ്പള വളര്‍ച്ചയില്‍ മാന്ദ്യം നേരിട്ട ദക്ഷിണാഫ്രിക്കയും 2015-16ല്‍ നെഗറ്റിവ് വളര്‍ച്ച പ്രകടമാക്കിയ ബ്രസീലും 2016 മുതല്‍ അടിസ്ഥാന ശമ്പളത്തില്‍ വര്‍ധന പ്രകടമാക്കി തുടങ്ങിയിട്ടുണ്ട്.
വികസിത വിപണികളേക്കാള്‍ വളരേ വേഗത്തിലാണ് വികസ്വര വിപണികളിലെ ശമ്പളം വര്‍ധിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ വികസ്വര വിപണികളിലെ ശമ്പളം ഏറെ ഉയരത്തിലാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ആഗോള തലത്തില്‍ 2016ല്‍ ശരാശരി 2.4 ശതമാനം ശമ്പള വര്‍ധന രേഖപ്പെടുത്തിയപ്പോള്‍ 2017ല്‍ അത് 1.8 ശതമാനമായി ഇടിഞ്ഞു. ജി 20 രാജ്യങ്ങളിലെ ശരാശരി അടിസ്ഥാന ശമ്പളം 20 വര്‍ഷം കൊണ്ട് മൂന്നിരട്ടി വര്‍ധിച്ചെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ശമ്പളത്തിലെ ലിംഗ അസമത്വത്തെ കുറിച്ചും റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു. സ്ത്രീ തൊഴിലാളികളെ അപേക്ഷിച്ച് ശരാശരി 20 ശതമാനം ഉയര്‍ന്ന ശമ്പളമാണ് പുരുഷ തൊഴിലാളികള്‍ക്ക് ലഭിക്കുന്നത്. ഇക്കാര്യത്തില്‍ വിവിധ മേഖലകളില്‍ വ്യത്യാസമുണ്ട്.

ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളിലെ സീനിയര്‍ എക്‌സിക്യൂട്ടിവ് തലത്തിലാണ് ലിംഗ അസമത്വം ഏറ്റവും പ്രകടമാകുന്നതെങ്കില്‍ ഇടത്തരം-താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലെ കുറഞ്ഞ ശമ്പളക്കാരിലാണ് ഈ അസമത്വം ഏറ്റവും രൂക്ഷമായിട്ടുള്ളത്.

Comments

comments

Categories: Current Affairs, Slider