എയര്‍ഇന്ത്യയുടെ ഉപ കമ്പനി വില്‍ക്കുന്നതിന് അംഗീകാരം

എയര്‍ഇന്ത്യയുടെ ഉപ കമ്പനി വില്‍ക്കുന്നതിന് അംഗീകാരം

ന്യൂഡെല്‍ഹി: എയര്‍ ഇന്ത്യയുടെ ഉപ കമ്പനിയായ എയര്‍ഇന്ത്യ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡിന്റെ (എഐഎല്‍എസ്എല്‍) തന്ത്രപരമായ വില്‍പ്പനയ്ക്ക് മന്ത്രിതല സമിതിയുടെ അംഗീകാരം. 50,000 കോടി രൂപയുടെ കടബാധ്യതയുള്ള എയര്‍ഇന്ത്യയെ കര കയറ്റുന്നതിന് മുഖ്യമല്ലാത്ത ആസ്തികള്‍ വില്‍ക്കുന്നത് ഉള്‍പ്പടെയുള്ള വിവിധ മാര്‍ഗങ്ങള്‍ ആരായുകയാണ് കേന്ദ്ര സര്‍ക്കാര്‍.

എഐഎല്‍എസ്എലിന്റെ വില്‍പ്പനയ്ക്കായുള്ള താല്‍പ്പര്യ പത്രത്തിന് സമിതി അംഗീകാരം നല്‍കി. ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ നേതൃത്വത്തിലാണ് എയര്‍ ഇന്ത്യയുടെ പുനഃക്രമീകരണത്തിനായുള്ള ബദല്‍ സംവിധാനം പ്രവര്‍ത്തിക്കുന്നത്. എഐഎല്‍എസ്എലിന്റെ 100 ശതമാനം ഉടമസ്ഥാവകാശവും വില്‍ക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. വില്‍പ്പനയ്ക്ക് മുന്നോടിയായി എഐഎല്‍എസ്എലിനെ ഒരു പ്രത്യേകോദ്യേശ കമ്പനിയിലേക്ക് മാറ്റും. അതിനു ശേഷമായിരിക്കും താല്‍പ്പര്യ പത്രം പുറത്തിറക്കുന്നത്.

201617 സാമ്പത്തിക വര്‍ഷം എഐഎല്‍എസ്എല്‍ 61.66 കോടി ലാഭം നേടിയിരുന്നു. 2003 ജൂണിലാണ് എയര്‍പോര്‍ട്ടിലെ എല്ലാ തരത്തിലുള്ള സേവനങ്ങളും നടപ്പിലാക്കുന്നതിനായി എയര്‍ ഇന്ത്യക്കു കീഴില്‍ എഐഎല്‍എസ്എല്‍ ആരംഭിച്ചത്. യാത്രക്കാരെ കടത്തിവിടല്‍, റാംപ്, സുരക്ഷ, കാര്‍ഗോ തുടങ്ങിയ എയര്‍പോര്‍ട്ട് ഗ്രൗണ്ട് ഹാന്‍ഡിലിംഗ് സേവനങ്ങളാണ് എഐഎല്‍എസ്എല്‍ വ്യാവസായിക, ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നത്.

നേരത്തേ എയര്‍ ഇന്ത്യയുടെ തന്നെ ഭൂരിപക്ഷ ഓഹരികള്‍ കൈമാറാനുള്ള ശ്രമം കേന്ദ്ര സര്‍ക്കാര്‍ നടത്തിയെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. വില്‍പ്പനയ്ക്കായി വെച്ച മാനദണ്ഡങ്ങള്‍ നിക്ഷേപകര്‍ക്ക് സ്വീകാര്യമാകാതിരുന്നതാണ് ഇതിന്റെ പ്രധാന കാരണം. ഇപ്പോള്‍ വിവിധ ആസ്തികളുടെ വില്‍പ്പനയിലൂടെയും വായ്പാ ക്രമീകരണത്തിലൂടെയും എയര്‍ ഇന്ത്യയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

Comments

comments

Categories: Current Affairs, Slider