അസീം പ്രേംജിക്ക് ഫ്രാന്‍സിലെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം

അസീം പ്രേംജിക്ക് ഫ്രാന്‍സിലെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം

ബെംഗളൂരു: വിപ്രോ ചെയര്‍മാനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ അസീം പ്രേംജിക്ക് പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ ‘നൈറ്റ് ഓഫ് ദ ലീജിയന്‍ ഓഫ് ഓണര്‍’ പുരസ്‌കാരം ലഭിക്കും. ഇന്ത്യയിലെ ഐടി വ്യവസായത്തെ പരിപോഷിപ്പിക്കാന്‍ നല്‍കിയ സംഭാവനകളും ഫ്രാന്‍സിലേക്ക് നടത്തിയ സാമ്പത്തിക നിക്ഷേപങ്ങളും സംരംഭകത്വവും പരിഗണിച്ചാണ് അദ്ദേഹത്തിന് പുരസ്‌കാരം പ്രഖ്യാപിച്ചത്. അസീം പ്രേജി ഫൗണ്ടഷന്‍ ആന്‍ഡ് യൂണിവേഴ്‌സിറ്റിയിലൂടെ നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെയും അംഗീകരിക്കുന്നെന്ന് ഫ്രാന്‍സില്‍ നിന്നുള്ള ഔദ്യോഗിക കുറിപ്പ് വ്യക്തമാക്കുന്നു. ‘ഷെവലിയാര്‍ ഡിലാ ലീജിയണ്‍ ഡി’ഓണര്‍’ എന്ന് കൂടി അറിയപ്പെടുന്ന പുരസ്‌കാരം അടുത്ത ദിവസം ബെംഗളൂരുവില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ഇന്ത്യയിലെ ഫ്രഞ്ച് അംബാസിഡറായ അലക്‌സാന്ദ്രെ സീജ്‌ലെറാവും സമ്മാനിക്കുക.

ഇന്നും നാളെയുമായി ബെംഗളൂരുവില്‍ നടക്കുന്ന ഐടി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഫ്രഞ്ച് അംബാസിഡര്‍ എത്തുന്നുണ്ട്. ഇതിനോടനുബന്ധിച്ചാണ് അവാര്‍ഡ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഫ്രഞ്ച് ടെക്‌നോളജി ബിസിനസിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന 30 സ്ഥാപന മേധാവികളെയും സീജ്‌ലര്‍ കാണും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബിഗ് ഡാറ്റ, ക്ലൗഡ് കംപ്യൂട്ടിംഗ്, സൈബര്‍ സുരക്ഷ, മെഷീന്‍ ലേണിംഗ്, സൂപ്പര്‍ കംപ്യൂട്ടിംഗ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനികള്‍ മുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ വരെ ഉച്ചകോടിയുടെ ഭാഗമായി പങ്കെടുക്കുന്നുണ്ട്. സാങ്കേതിക വിദ്യ, ഇന്നൊവേഷന്‍ തുടങ്ങിയ മേഖലകളില്‍ ഇന്ത്യ-ഫ്രാന്‍സ് സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താനാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യയില്‍ കരുത്തുറ്റ സാന്നിധ്യമുള്ള ഫ്രഞ്ച് ടെക്‌നോളജി കമ്പനികള്‍ 1.3 ലക്ഷം ആളുകള്‍ക്ക് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് മേഖലയില്‍ തൊഴില്‍ കൊടുക്കുന്നുണ്ട്.

‘ഫ്രാന്‍സും ഇന്ത്യയും തമ്മിലുള്ള ഇന്നൊവേഷന്‍ പങ്കാളിത്തത്തെ പരിപോഷിപ്പിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന ഫ്രഞ്ച് കമ്പനി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുന്നതിനെ ഏറെ ആവേശത്തോടെയാണ് കാണുന്നത്,’ സീജ്‌ലര്‍ പ്രതികരിച്ചു. അസിം പ്രേംജിയെപ്പോലെ ഒരു ഉന്നത ടെക് സംരംഭകനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ വ്യക്തിക്ക് ഫ്രാന്‍സിന്റെ പരമോന്നത പുരസ്‌കാരം സമര്‍പ്പിക്കാന്‍ ലഭിച്ച അവസരം ഏറെ അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. ബോളിവുഡ് നടന്‍ ഷാരുഖ് ഖാനും ബംഗാളി അഭിനേതാവ് സൗമിത്ര ചാറ്റര്‍ജിക്കും നേരത്തെ ഈ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

Comments

comments

Categories: Current Affairs
Tags: Azim Premji