ജാക്ക് മാ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമെന്ന് സ്ഥിരീകരണം

ജാക്ക് മാ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമെന്ന് സ്ഥിരീകരണം

ബീയ്ജിംഗ്: ചൈനയിലെ ഏറ്റവും മൂല്യമേറിയ കമ്പനിയായ ആലിബാബയുടെ സഹസ്ഥാപകന്‍ ജാക്ക് മാ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പത്രത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തിന്റെ വികസനത്തിനായി സംഭാവനകള്‍ നല്‍കിയ ബിസിനസ് നേതാക്കളെക്കുറിച്ച് പരാമര്‍ശിക്കവെയാണ, ഇ-കൊമേഴ്‌സ് ഭീമനായ ആലിബാബ ഗ്രൂപ്പ് ഹോള്‍ഡിംഗ് ലിമിറ്റഡിന്റെ ചെയര്‍മാനും സ്ഥാപകനുമായ ജാക്ക് മാ ഭരണകൂടത്തിനു നേതൃത്വം നല്‍കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാണെന്ന് വ്യക്തമാക്കിയിട്ടുള്ളത്.

രാജ്യത്ത് നടപ്പാക്കിയ സാമ്പത്തിക പരിഷ്‌കരണത്തിന്റെ 40-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ചടങ്ങില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ കേന്ദ്ര കമ്മിറ്റി ആദരിക്കുന്ന നൂറ് പേരിലൊരാളാണ് ജാക്ക് മാ. ഇദ്ദേഹത്തെ കൂടാതെ ടെന്‍സെന്റ് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ് സിഇഒ പോണി മാ, ബൈദു ഇന്‍ക് സിഇഒ റോബിന്‍ ലീ, ബാസ്‌കറ്റ് ബോള്‍ താരമായ യാവോ മിംഗ്, വോളിബോള്‍ പരിശീലകന്‍ ലാങ് പിങ് എന്നിവരെയും ചടങ്ങില്‍ പാര്‍ട്ടി ആദരിക്കുന്നുണ്ട്.

ചൈനയില്‍ രാഷ്ട്രീയവും ബിസിനസും തമ്മിലുള്ള അന്തരം കുറഞ്ഞുവരുന്നതിന്റെ സൂചനയാണിതെന്ന് വിലയിരുത്തപ്പെടുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി സമൂഹത്തിന്റെ എല്ലാ മേഖലയിലും നേതൃത്വപരമായ പങ്കുവഹിക്കേണ്ടതുണ്ടെന്ന് കാംണിച്ച് പ്രസിഡന്റ് ഷി ജിംഗ് പിങ് ഒരു പ്രചാരണത്തിന് നേതൃത്വം നല്‍കിയിരുന്നു. നേരത്തേ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബിസിനസ് നേതാക്കളുടെയും വ്യക്തികളുടെയും താല്‍പ്പര്യങ്ങളും ഭരണകൂടത്തിന്റെയും താല്‍പ്പര്യങ്ങളും തമ്മില്‍ പ്രകടമായിരുന്ന അന്തരങ്ങള്‍ കുറയ്ക്കാമാണ് ഷി ജിന്‍ പിംഗിന്റെ ശ്രമം.

പീപ്പിള്‍സ് ഡെയ്‌ലി ന്യൂസ്‌പേപ്പര്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രകാരം നവംബര്‍ 30 വരെ പാര്‍ട്ടി തയാറാക്കിയ 100 പേരുടെ പട്ടിക പൊതുജനങ്ങള്‍ക്ക് വിശകലനം ചെയ്യാനായി പ്രസിദ്ധീകരിക്കും. ഇത് സംബന്ധിച്ച് അഭിപ്രായങ്ങള്‍ ജനങ്ങള്‍ക്ക് അറിയിക്കാം. കായികതാരങ്ങള്‍ക്കും, ബിസിനസ് നേതാക്കള്‍ക്കു പുറമെ ശാസ്ത്രജ്ഞര്‍, കലാ-സാഹിത്യ രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച വ്യക്തികള്‍ എന്നിവരെയും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ബ്ലൂംബെര്‍ഗ് ബില്യണയര്‍ ഇന്‍ഡെക്‌സ് പ്രകാരം ചൈനയിലെ ഏറ്റവും ധനികനായ വ്യക്തിയാണ് ജാക്ക് മാ. 38.4 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ അറ്റ ആസ്തി മൂല്യം. അടുത്തവര്‍ഷത്തോടെ സിഇഒ ഡാനിയേല്‍ ഷാങിന് എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ സ്ഥാനം കൈമാറുമെന്ന് സെപ്റ്റംബറില്‍ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. 2020 ല്‍ നടക്കുന്ന ഓഹരി ഉടമകളുടെ യോഗം വരെ ജാക്ക് മാ ആലിബാബ ഡയറക്റ്ററായി തുടരും.

Comments

comments

Categories: World
Tags: Jack Ma