മെട്രോകളില്‍ എയര്‍ടെല്ലിനും വോഡഫോണ്‍ ഐഡിയക്കും മുന്നേറ്റം; ഗ്രാമങ്ങളില്‍ ജിയോ തന്നെ

മെട്രോകളില്‍ എയര്‍ടെല്ലിനും വോഡഫോണ്‍ ഐഡിയക്കും മുന്നേറ്റം; ഗ്രാമങ്ങളില്‍ ജിയോ തന്നെ

കൊല്‍ക്കത്ത: നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ സെപ്റ്റംബറിലവസാനിച്ച രണ്ടാം പാദത്തില്‍ വരുമാന വിപണി വിഹിതത്തില്‍ മെട്രോ നഗരങ്ങളിലും വമ്പന്‍ സംസ്ഥാനങ്ങളിലും റിലയന്‍സ് ജിയോ നടത്തിയ ആക്രമണോല്‍സുക മുന്നേറ്റത്തെ ഭാരതി എയര്‍ടെലും വോഡഫോണ്‍ ഐഡിയയും പ്രതിരോധിച്ചതായി റിപ്പോര്‍ട്ട്.
നഗര വിപണികളില്‍ 4ജി കവറേജ് വര്‍ധിപ്പിക്കുന്നതിനുള്ള മറ്റ് ടെലികോം കമ്പനികളുടെ പരിശ്രമങ്ങള്‍ വിജയത്തിലേക്ക് എത്തിയതായാണ് വിശകലന വിദഗ്ധര്‍ വ്യക്തമാക്കുന്നത്. എങ്കിലും രണ്ടാം നിര സംസ്ഥാനങ്ങളിലും ഗ്രാമീണ വിപണികളിലും കാഴ്ചവെച്ച ശക്തമായ മുന്നേറ്റത്തിലൂടെ മെട്രോ നഗരങ്ങളിലെ മോശം പ്രകടനത്തെ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ജിയോ പരിഹരിച്ചു. ഇതോടെ മൊത്ത വരുമാന വിപണി വിഹിതത്തിലും കമ്പനിക്ക് കാര്യമായ മുന്നേറ്റം നടത്താനായി. അതേസമയം വോഡഫോണ്‍ ഐഡിയ കമ്പനിയുടെ മൊത്ത വിപണി വരുമാനം ഇടിയുകയും എയര്‍ടെലിന്റേത് സ്ഥായിയായി നിലനില്‍ക്കുകയും ചെയ്തു.

ഡെല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ വോഡഫോണ്‍ ഐഡിയ നില മെച്ചപ്പെടുത്തിയപ്പോള്‍ മുംബൈ, ഡെല്‍ഹി, കൊല്‍ക്കത്ത, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലെ വരുമാന വിപണി വിഹിതത്തിലാണ് ഭാരതി എയര്‍ടെല്‍ മുന്നേറ്റം കുറിച്ചിരിക്കുന്നത്. ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) സാമ്പത്തിക വിവരങ്ങള്‍ വിശകലനം ചെയ്താണ് ഐസിഐസിഐ സെക്യൂരിറ്റീസ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം ഇക്കാലയളവില്‍ ഡെല്‍ഹിയില്‍ 113 ബേസിസ് പോയിന്റും കൊല്‍ക്കത്തയില്‍ 752 ബേസിസ് പോയിന്റും നഷ്ടമാണ് വരുമാന വിപണി വിഹിതത്തില്‍ ജിയോ രേഖപ്പെടുത്തിയിരിക്കുന്നത്.

ബ്രോക്കറേജ് സ്ഥാപനമായ യുബിഎസും പരിവര്‍ത്തനങ്ങളെ കുറിച്ച് പ്രതികരിച്ചു. ജൂണ്‍ പാദത്തില്‍ മെട്രോ നഗരങ്ങളില്‍ നിന്നുള്ള എയര്‍ടെലിന്റെ 27 ശതമാനം വിപണി വരുമാന വിഹിതം സെപ്റ്റംബര്‍ പാദമായപ്പോഴേക്കും 30 ശതമാനമായി ഉയര്‍ന്നതായി യുബിഎസ് ചൂണ്ടിക്കാട്ടി. വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്റെ വിപണി വരുമാന വിഹിതം പരിക്കേല്‍ക്കാതെ 32 ശതമാനത്തില്‍ തന്നെ നിലനിന്നു. തിരിച്ചടിയേറ്റ ജിയോയുടെ വരുമാനം 26.3 ശതമാനത്തില്‍ നിന്ന് 24.9 ശതമാനത്തിലേക്ക് ഇടിഞ്ഞു.

ജിയോയുടെ കടന്നു വരവോടെ കഴിഞ്ഞ രണ്ട് വര്‍ഷമായി എയര്‍ടെലും വോഡഫോണ്‍ ഐഡിയ ലിമിറ്റഡും തുടര്‍ച്ചയായി വരുമാന നഷ്ടം അഭിമുഖീകരിച്ചു വരികയായിരുന്നു. ഇരു കമ്പനികളുടെയും തിരിച്ചു വരവ് ആരംഭിച്ചെന്ന സൂചനയാണ് മെട്രോ നഗരങ്ങളില്‍ നിന്നുള്ള കണക്കുകള്‍ കാണിക്കുന്നതെന്നും 4ജി വിന്യാസം കാര്യക്ഷമമാണെന്ന് വ്യക്തമായെന്നും യുബിഎസ് വിലയിരുത്തുന്നു. എങ്കിലും ദേശീയ വിപണി വരുമാനത്തിന്റെ 48 ശതമാനം വരുന്ന ഗ്രാമീണ, രണ്ടാം നിര നഗര മേഖലകളില്‍ ജിയോക്ക് നിര്‍ണായകമായ വിപണി വിഹിതമുണ്ടെന്ന് ബ്രോക്കറേജ് സ്ഥാപനമായ എസ്ബിഐകാപ് നിരീക്ഷിക്കുന്നു.

Comments

comments

Categories: Business & Economy, Slider
Tags: Airtel, Idea, Jio, Vodafone