24 മണിക്കൂറും രോഗീ പരിചരണം ഉറപ്പാക്കി ഗരിമയും സംഘവും

24 മണിക്കൂറും രോഗീ പരിചരണം ഉറപ്പാക്കി ഗരിമയും സംഘവും

ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതല്‍ ക്രമക്കേടുകള്‍ നടക്കുന്ന മേഖലയാണ് ആതുരസേവനരംഗം. എത്ര പണം മുടക്കാന്‍ തയ്യറായാലും ആശുപത്രിവിട്ട് വീട്ടിലെത്തുന്ന രോഗികളെ പരിചരിക്കാന്‍ ആളില്ല.അണുകുടുംബങ്ങള്‍ നേരിടുന്ന ഈ പ്രശ്‌നത്തിന് ഒരു പരിഹാരം എന്ന നിലയിലാണ് മുംബൈ സ്വദേശിനി ഗരിമ ത്രിപാഠിയും സംഘവും കെയര്‍ 24 എന്ന സ്ഥാപനത്തിന് തുടക്കം കുറിച്ചത്. എന്‍ജിനീയറിംഗ് പശ്ചാത്തലമുള്ള ഗരിമ മെഡിക്കല്‍ രംഗത്ത് നിക്ഷേപം നടത്താന്‍ ഒരുങ്ങിയപ്പോള്‍ തടസ്സം നിന്നവര്‍ നിരവധി. എന്നാല്‍ തന്റെ തീരുമാനമായിരുന്നു ശരിയെന്ന് പ്രവര്‍ത്തനമികവ് കൊണ്ട് ഗരിമ തെളിയിച്ചു. 2014 ല്‍ പ്രവര്‍ത്തനം തുടങ്ങിയ കെയര്‍ 24 മുംബൈ നഗരത്തിലും പരിസരപ്രദേശത്തുമായി പ്രതിദിനം 1000 ല്‍ പരം രോഗികള്‍ക്കാണ് പരിചരണം നല്‍കുന്നത്. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുടെ സഹായത്തോടെ ഏത് സമയത്തും സ്വന്തം വീടിനുള്ളില്‍ വച്ച് തന്നെ രോഗികളെ പരിചരിക്കുന്ന കെയര്‍ 24 ഇന്ത്യന്‍ ആതുരസേവന രംഗത്തെ തന്നെ വേറിട്ട ചിത്രമാണ്

വ്യത്യസ്തമായി ചിന്തിക്കുന്ന വ്യക്തികള്‍ക്ക് മാത്രമേ സംരംഭകത്വത്തില്‍ ശോഭിക്കാന്‍ കഴിയൂ. ഇതിനുള്ള ഏറ്റവും മികച്ച ഉദാഹരണങ്ങളില്‍ ഒന്നാണ് ഗരിമ ത്രിപാഠിയെന്ന ഉത്തര്‍പ്രദേശ് സ്വദേശിയായ സംരംഭകയുടെ ജീവിതം. ഒരിക്കലും സംരംഭകയാകണം എന്ന ആഗ്രഹം മനസ്സില്‍ സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നില്ല ഗരിമ.എന്നാല്‍ സാഹചര്യങ്ങള്‍ ഗരിമയെ സംരംഭകത്വത്തിലേക്ക് എത്തിച്ചു. ഇന്ന്, മുംബൈ നഗരത്തിലെ ആതുരസേവനരംഗത്തിന്റെ ഓരോ സ്പന്ദനവും അടുത്തറിയുന്ന കെയര്‍ 24 എന്ന സ്ഥാപനത്തിന്റെ ഉടമയാണ് ഗരിമ. വാര്‍ധക്യത്തിന്റെ പടവുകളില്‍ ഒറ്റപ്പെട്ടു പോയവര്‍ക്കും കിടപ്പിലായ രോഗികള്‍ക്കും ഓട്ടിസം ബാധിച്ചര്‍ക്കുമെല്ലാം ആശ്വാസമാണ് കെയര്‍ 24 എന്ന ഈ സ്ഥാപനം. വേറിട്ട വഴികളിലൂടെ സഞ്ചരിച്ച് ഇന്ത്യയിലെ മികച്ച വനിതാ സംരംഭകാരില്‍ ഒരാളായി മാറിയ ഗരിമ ത്രിപാഠിയുടെ സംരംഭകജീവിതം ഏതൊരുവ്യക്തിക്കും പ്രചോദനകരമാണ്.

എന്‍ജീയറിംഗ് പഠിച്ചവര്‍ ആ മേഖലയില്‍ മാത്രം ജോലി ചെയ്യണം, എംബിബിഎസ് കഴിഞ്ഞവര്‍ക്ക് പറഞ്ഞിട്ടുള്ളത് മികച്ച ചികിത്സകനാകുക എന്നതാണ്, എംബിഎ ബിരുദധാരികള്‍ മാനേജ്‌മെന്റ് മേഖലയില്‍ തൊഴില്‍കണ്ടെത്തണം തുടങ്ങിയ പ്രഖ്യാപിത നിലപാടുകളെ മാറ്റിമറിക്കുന്ന ഒന്നായിരുന്നു ഗരിമയുടെ ജീവിതം. ഗരിമ പഠിച്ചത് എന്‍ജിനീയറിംഗ് ആയിരുന്നു. അതും ആരും ആഗ്രഹിക്കുന്ന ഇന്ത്യയിലെ പ്രീമിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ഒന്നയ ഐഐടി കാണ്‍പൂരില്‍. മികച്ച മാര്‍ക്കോടെ ഐഐടിയില്‍ നിന്നും പഠിച്ചിറങ്ങിയ കറിമക്ക് മികച്ച ഒരു കോര്‍പ്പറേറ്റ ജോലി ലഭിക്കുന്നതിനായി അധികം കാത്തിരിക്കേണ്ടി വന്നില്ല.

ഡെലോയിറ്റ് കണ്‍സള്‍ട്ടിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലെ ബിസിനസ് അനലിസ്റ്റായി പഠിച്ചിറങ്ങിയ ഉടനെ തന്നെ ഗരിമക്ക് ജോലി ലഭിച്ചു. കോര്‍പറേറ്റ് ബിസനസിന്റെ ഭാഗമാകണമെന്ന ഉദ്ദേശത്തോടെയാണ് ഗരിമ ഡെലോയിറ്റില്‍ ബിസിനസ് അനലിസ്റ്റായി പ്രവേശിച്ചത്.എന്നാല്‍ കുറച്ചുകാലം കഴിഞ്ഞപ്പോഴേക്കും ആ തൊഴില്‍ മടുപ്പുളവാക്കുനന് ഒന്നായിമാറി. തന്റെ മേഖല അതല്ല എന്ന ചിന്ത ജോലിയില്‍ പ്രവേശിച്ച് അധികം വൈകാതെ ഗരിമയുടെ മനസ്സില്‍ ഉടലെടുത്തു.പിന്നീട് തനിക്കെന്താണ് ചേരുന്നത് എന്നത് തേടിയുള്ള അന്വേഷണമായിരുന്നു. ജോലിയില്‍ നിന്നും ഒരു ഇടവേളയെടുത്ത് വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹം കശാലായപ്പോഴാണ് ഗരിമ തനിക്ക് ഏറെ ഇഷ്ട്ടപ്പെട്ട സെറാമിക് ആര്‍ട്ട്‌സിനെ പറ്റി ഓര്‍ത്തത്.

ചെറുപ്പം മുതല്‍ക്ക് മണ്‍പാത്ര നിര്‍മാണത്തോടു വലിയ താല്‍പര്യമായിരുന്നു കറിമക്ക്. ഈ താല്‍പര്യമാണ് സെറാമിക് സംബന്ധമായ പഠനത്തിലേക്ക് വഴിതെളിച്ചത്.ആര്‍ട്ട് ഹിസ്റ്ററി എന്ന വിഷയത്തില്‍ പഠനം തുടരാന്‍ ആഗ്രഹിച്ച ഗരിമ ഡെലോയിറ്റ് കണ്‍സള്‍ട്ടിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലെ ജോലി രാജിവച്ച് അമേരിക്കയിലേക്ക് പറന്നു. ബോസ്റ്റണിലെ എസ് എം എഫ് എയിലും ഹാര്‍വേര്‍ഡ് സെറാമിക്‌സിലും തുടര്‍പഠനം നടത്തുക എന്നതായിരുന്നു ലക്ഷ്യം. ഗരിമയുടെ ഇഷ്ടം പോലെ തന്നെ സെറാമിക് മേഖലയിലെ നൂതന പരീക്ഷണങ്ങളെയും ട്രെന്‍ഡുകളെയും പറ്റിയുള്ള പഠനം പുരോഗമിച്ചു. അപ്പോഴും മനസ്സില്‍ മറ്റൊരു കോര്‍പ്പറേറ്റ് ജോലി തന്നെയായിരുന്നു ലക്ഷ്യം. വീട്ടുകാരും സദാസമയവും ഇത് തന്നെ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു.

ഏകദേശം രണ്ടുവര്‍ഷക്കാലം ഗരിമ സെറാമിക് മേഖലയിലെ പഠനത്തിനായി വിനിയോഗിച്ചു. ബോസ്റ്റണില്‍ വളരെ മികച്ച അധ്യാപകരും സംരംഭകരും ചരിത്രകാരന്മാരം അക്കാഡമീഷ്യന്‍സുമെല്ലമാണുണ്ടായിരുന്നത്. മസാച്യുസെറ്റ്‌സിലുള്ള ഒരു സെറാമിക് സ്റ്റുഡിയോയിലെ പഠനത്തോടെയാണ് ഈ മേഖലയിലുള്ള പഠനം അവസാനിപ്പിച്ചത്. പഠനം അവസാനിപ്പിച്ച്‌നാട്ടിലേക്ക് മടങ്ങാന്‍ ഗരിമയെ പ്രേരിപ്പിച്ചത് നാട്ടില്‍ ഒറ്റക്കായി മാതാപിതാക്കളെയും അവരുടെ ആരോഗ്യപരിചരണത്തെയും പറ്റിയുള്ള ചിന്തയായിരുന്നു.

ഒറ്റക്കായ മാതാപിതാക്കളുടെ ആരോഗ്യപരിചരണം

വിദേശത്ത് പഠിക്കാന്‍ പോയകാലത്തൊക്കെ ഗരിമയെ ഏറെ അലട്ടിയിരുന്ന ചിന്ത വീട്ടില്‍ മാതാപിതാക്കള്‍ തനിച്ചാണ് എന്നതായിരുന്നു. പരസ്പരം ശ്രദ്ധിച്ചും പരിചരിച്ചതും അച്ഛനും അമ്മയും മുന്നോട്ട് പോകും എന്ന ഉറപ്പുണ്ടായിരുന്നിട്ടും ഗരിമ അസ്വസ്ഥയായിരുന്നു. ഒരിക്കല്‍ അച്ഛന് പനികൂടി കിടപ്പിലായപ്പോള്‍ സഹായിക്കാന്‍ കൂട്ടിന് ആളില്ലാതെ ‘അമ്മ ഏറെ കഷ്ട്ടപ്പെട്ടു. ഈ അവസ്ഥയാണ് സമാനമായ ജീവിതസാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന ആളുകളെപ്പറ്റി ചിന്തിക്കാന്‍ ഗരിമയെ പ്രേരിപ്പിച്ചത്. തന്റെ സുഹൃത്തുക്കളുടെ കാര്യം പരിശോധിച്ചപ്പോള്‍ തന്നെ ഇന്ത്യയിലെ ആരോഗ്യപരിചരണ രംഗത്തെ പറ്റിയുള്ള വ്യക്തമായ ചിത്രം ഗരിമക്ക് ലഭിച്ചു.നാട്ടിലുള്ള മാതാപിതാക്കളുടെ ആരോഗ്യകാര്യത്തിലും അവരെ പരിചരിക്കാനും കൃത്യസമയങ്ങളില്‍ മെഡിക്കല്‍ ചെക്കപ്പ് നടത്തുന്നതിനും മരുന്ന് നല്‍കുന്നതിനുമൊക്കെയായി അരികില്‍ ആരുമില്ലാത്തതിന്റെ വിഷമം അനുഭവിക്കുന്നവരായിരുന്നു കൂട്ടുകാരില്‍ പലരും .

ഇന്ത്യന്‍ നഗരങ്ങളിലെ ആതുരസേവനത്തിന്റെയും രോഗീ പരിചരണത്തിന്റെയും ഡാറ്റ കൂടി പരിശോധിച്ചപ്പോള്‍ ഗരിമക്ക് വ്യക്തമായ ഒരു ചിത്രം ലഭിച്ചു. പലയിടങ്ങളിലും ആവശ്യത്തിന് ഹോംനഴ്‌സുമാരെ പോലും ലഭിക്കാനില്ലാത്ത അവസ്ഥ. പരിചരിക്കാന്‍ ആളില്ലാത്തതിനാല്‍ മെഡിക്കല്‍ ചെക്കപ്പ് നടത്താനോ കൃത്യമായി മരുന്നുകഴിക്കാനോ ശ്രമിക്കാതെ രോഗം മൂര്‍ച്ഛിപ്പിക്കുന്നവര്‍ നിരവധി. ഇത്രയെല്ലാമായപ്പോള്‍, തന്റെ മേഖല എന്‍ജിനീയറിംഗും സെറാമിക് ആര്‍ട്ട്‌സും ഒന്നുമല്ല,സംരംഭകത്വമാണ് എന്ന് ഗരിമ ത്രിപാഠി തിരിച്ചറിഞ്ഞു.

കെയര്‍ 24 എന്ന ആശയം പിറവിയെടുക്കുന്നു

അമേരിക്കയില്‍ നിന്നും തിരിച്ചു സ്വന്തം നാടായ ഉത്തര്‍പ്രദേശിലെത്തുമ്പോള്‍ ഗരിമയുടെ മനസ്സില്‍ വ്യക്തമായ പദ്ധതികള്‍ ഉണ്ടായിരുന്നു. ആശുപത്രിക്ക് പുറത്ത് രോഗികള്‍ക്കും വാര്‍ധക്യസഹജമായ കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നവര്‍ക്കും അവരുടെ വീടുകളില്‍ വച്ച് ആശുപത്രിക്ക് തുല്യമായ പരിചരണം നല്‍കുന്ന ഒരു സ്ഥാപനം ആരംഭിക്കുക. ഇത്തരത്തില്‍ സേവനം നല്‍കുന്ന ഏജന്‍സികള്‍ നാട്ടില്‍ ധാരാളമായുണ്ട്. എന്നാല്‍ ഹോംനേഴ്‌സുമാരെ നല്‍കി കമ്മീഷന്‍ വാങ്ങുന്ന അത്തരം ഏജന്‍സികള്‍ക്ക് ബദലായി ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, തെറാപ്പിസ്റ്റുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ദിവസത്തില്‍ 24 മണിക്കൂറും ലഭ്യമാക്കുന്ന ഒരു സ്ഥാപനമായിരുന്നു ഗരിമയുടെ മനസ്സില്‍. എന്നാല്‍ തന്റെ ആഗ്രഹം വീട്ടില്‍ പറഞ്ഞപ്പോള്‍ തികഞ്ഞ എതിര്‍പ്പാണ് ആ സംരംഭകമോഹിക്ക നേരിടേണ്ടി വന്നത്.

എന്‍ജിനീയറിംഗ് പഠിച്ച ഒരു വ്യക്തിക്ക് മെഡിക്കല്‍ മേഖലയില്‍ എങ്ങനെ നിക്ഷേപം നടത്താന്‍ കഴിയും എന്നതായിരുന്നു വീട്ടുകാരുടെ ആദ്യത്തെ ചോദ്യം. ശരിയാണ്, മെഡിക്കല്‍ രംഗത്തെപ്പറ്റിയും രോഗങ്ങളെപ്പറ്റിയും രോഗീപരിചരണത്തെപ്പറ്റിയും എല്ലാം വിശദമായ അറിവില്ലാതെ എങ്ങനെ ഒരു വ്യക്തിക്ക് ഈ രംഗത്ത് നിക്ഷേപം നടത്താന്‍ കഴിയും? ഗരിമയുടെ പക്കല്‍ ഈ ചോദ്യത്തിനുള്ള ഉത്തരമുണ്ടായിരുന്നു. എംബിബിഎസ് പശ്ചാത്തലവും പ്രാക്ടീസുമുള്ള ഒരു ഡോക്ടറെ തന്റെ ടീമില്‍ ഉള്‍പ്പെടുത്തിയാണ് ഗരിമ ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടത്.

സംരംഭം എന്ന ആശയവുമായി മുന്നോട്ട്‌പോകാം എന്ന ഉറച്ച ബോധ്യം വന്നപ്പോള്‍ ഗരിമ തന്റെ അടുത്ത സുഹൃത്തുക്കളായ വിപിന്‍ പഥക് , അഭിഷേക് തിവാരി എന്നിവരുമായി തന്റെ ആശയം പങ്കുവച്ചു. എന്‍ജിനീയറിംഗ്, മെഡിക്കല്‍ പശ്ചാത്തലമുളള ആ സുഹൃത്തുക്കളും കറിമയ്‌ക്കൊപ്പം സംരംഭകത്വത്തിലേക്ക് ഇറങ്ങാന്‍ തീരുമാനിച്ചതോടെ കെയര്‍ 24 എന്ന പേരില്‍ 24 മണിക്കൂറും ആരോഗ്യപരിചരണം ഉറപ്പു നല്‍കുന്ന സ്ഥാപനത്തിന് 2014 ല്‍ തുടക്കമായി.

ഉത്തര്‍പ്രദേശായിരുന്നു ഗരിമയുടെ സ്ഥലമെങ്കിലും സംരംഭം തുടങ്ങുന്നതിനായി തെരെഞ്ഞെടുത്തത് മുംബൈ നഗരമായിരുന്നു. ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ നഗരം, ആശുപത്രികളുടെ എണ്ണത്തില്‍ ഏറെ മുന്നില്‍, അണുകുടുംബങ്ങള്‍, മികച്ച പ്രതിശീര്‍ഷ വരുമാനമുളള ആളുകള്‍ തുടങ്ങി നിരവധി കാര്യങ്ങളാണ് മുംബൈ നഗരത്തെ കെയര്‍ 24 ന്റെ തട്ടകമാക്കുന്നതിന് വഴിതെളിച്ചത്. ലോണ്‍ എടുത്ത തുകയുള്‍പ്പെടെ രണ്ടരക്കോടി രൂപയുടെ നിക്ഷേപത്തിലാണ് സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചത്. തളര്‍ന്നുകിടക്കുന്ന രോഗികള്‍, വൃദ്ധര്‍, അപകടം പറ്റി ചികിത്സയിലുള്ളവര്‍, ഓപ്പറേഷന്‍ കഴിഞ്ഞു കിടക്കുന്നവര്‍ തുടങ്ങിയവരുടെ പരിചരണമാണ് കെയര്‍ 24 ലക്ഷ്യമിട്ടത്. ഇത്തരം രോഗികളെ പരിചരിക്കുന്നതിനു വേണ്ട ഉപകരണങ്ങളും ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ എന്നിവരുടെ സഹകരണവും തുടക്കത്തിലേ ഉറപ്പുവരുത്തി.

ഓരോ കാര്യവും സുതാര്യമാകണം

വീടുകളില്‍ ചെന്നുള്ള രോഗീപരിചരണം എന്നത് വിചാരിച്ചത്ര എളുപ്പമുള്ള കാര്യമല്ല എന്ന് പ്രവര്‍ത്തനം തുടങ്ങിയപ്പോഴാണ് ഗരിമാക്കും സംഘത്തിനും മനസിലായത്.വീടുകളില്‍ പ്രവേശനവും സ്വീകാര്യതയും ലഭിക്കണം എങ്കില്‍ ആളുകളില്‍ വിശ്വാസ്യത വളരണം. വീടുകളിലേക്ക് വരുന്ന നഴ്‌സ്മാരെക്കുറിച്ചോ പരിചാരകരെക്കുറിച്ചോ ഉള്ള വിവരങ്ങളൊന്നും രോഗികള്‍ക്ക് ലഭിക്കാറില്ല. ഈ രീതിക്ക് മാറ്റം വരുത്തുകയാണ് കെയര്‍ 24 ആദ്യം ചെയ്തത്. എല്ലാ പ്രവര്‍ത്തനവും കൂടുതല്‍ സുതാര്യമാക്കി.പരിചാരകരുടെ സംരക്ഷണത്തില്‍ നമ്മള്‍ സംതൃപ്തരല്ലെങ്കില്‍ പണം മടക്കി നല്‍കുന്നതിനുള്ള സംവിധാനവും നടപ്പിലാക്കി. ഇതോടെ മുംബൈ നഗരത്തില്‍ പയ്യനെ പയ്യെ കെയര്‍ 24 അംഗീകരിക്കപ്പെട്ടു. വൃദ്ധരായ മാതാപിതാക്കളുടെയും അപകടത്തില്‍പെട്ടുകിടക്കുന്ന കുട്ടികളുടേയുമെല്ലാം സംരക്ഷണ ചുമതല കെയര്‍ 24 നെ ഏല്‍പ്പിക്കാന്‍ ആളുകള്‍ തയ്യാറായതോടെ ഗരിമയുടെ ലക്ഷ്യം വിജയം കാണുകയായിരുന്നു.

ഇന്‍ജക്ഷനുകള്‍ എടുക്കുക, മരുന്നുകള്‍ കൃത്യസമയത്ത് നല്‍കുക, സര്‍ജറിക്ക് ശേഷമുള്ള സംരക്ഷണം, മുറിവുകള്‍ ശുശ്രൂഷിക്കുക, രോഗികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും മാനസികമായ ധൈര്യം പകര്‍ന്ന് നല്‍കുക തുടങ്ങിയ കാര്യങ്ങളില്‍ എല്ലാം തന്നെ കെയര്‍ 24 പുത്തന്‍ മാതൃക തന്നെ സൃഷ്ടിച്ചു. വീട്ടില്‍നിന്നും അകന്ന് താമസിക്കേണ്ടി വരുന്നവരുടെ ബന്ധുക്കള്‍ക്കാണ് കൂടുതലായും പരിചരണം നല്‍കി വരുന്നത്. ഏത് അര്‍ദ്ധരാത്രി വിളിച്ചാലും രോഗീപരിചരണത്തിനായി സുസജ്ജമായ കെയര്‍ 24 ടീം വീട്ടുപടിക്കലെത്തും. ആശുപത്രി ബില്ലുകളുമായി തട്ടിച്ചു നോക്കുമ്പോള്‍ വളരെ മിതമായ ഫീസ് മാത്രമേ കെയര്‍ 24 ഈടാക്കുന്നുള്ളൂ. ഒരു ദിവസത്തേക്കോ, ഒരാഴ്ചത്തേക്കോ അനിശ്ചിതകാലത്തേക്കോ സേവനം ലഭ്യമാണ്.സേവനം ലഭ്യമാക്കുന്ന കുടുംബത്തില്‍ നിന്നും നിശ്ചിത കാലയളവില്‍ അഭിപ്രായശേഖരണവും നടത്തുന്നുണ്ട്.

പ്രവര്‍ത്തനം തുടങ്ങി നാളിതുവരെ മുംബൈ നഗരത്തില്‍ മാത്രം 100000 ലേറെ കേസുകള്‍ കെയര്‍ 24 കൈകാര്യം ചെയ്തുകഴിഞ്ഞു. ഇപ്പോള്‍ പ്രതിദിനം 600 ലേറെ പേരാണ് കെയര്‍ 24 ലേക്ക് സഹായത്തിനായി വിളിക്കുന്നത്.വിശ്വസ്തരായ ജോലിക്കാരെ കണ്ടെത്തുക എന്നതായിരുന്നു ആദ്യഘട്ടത്തില്‍ ഏറെ വെല്ലുവിളി . എന്നാല്‍ സ്ഥാപനം അംഗീകരിക്കപ്പെട്ടതോടെ അതൊരു പ്രശ്‌നമല്ലാതായി മാറി. മുംബൈക്ക് പുറത്ത് മറ്റു നഗരങ്ങളിലേക്കും കെയര്‍ 24 ന്റെ സേവനം ദീര്‍ഘിപ്പിക്കുന്നതിനുള്ള ഒരുക്കത്തിലാണ് ഗരിമ ത്രിപാഠിയും സംഘവും

Comments

comments

Categories: Slider, Top Stories