ജെറ്റ് എയര്‍വേയ്‌സിന്റെ പ്രവര്‍ത്തനം ഇത്തിഹാദിനു കൈമാറുന്നു

ജെറ്റ് എയര്‍വേയ്‌സിന്റെ പ്രവര്‍ത്തനം ഇത്തിഹാദിനു കൈമാറുന്നു

മുംബൈ: കടബാധ്യത മൂലമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങളിലാണ് ജെറ്റ് എയര്‍വേയ്‌സ്. കടബാധ്യത കുറയ്ക്കുന്നതിന്റെ ഭാഗമായി, ജെറ്റ് എയര്‍വേയ്‌സ് ചെയര്‍മാന്‍ നരേഷ് ഗോയല്‍ കമ്പനിയില്‍ 24 ശതമാനം ഓഹരി പങ്കാളിത്തമുള്ള ഇത്തിഹാദ് എയര്‍വേസിനോട് സഹായം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. കടത്തില്‍ മുങ്ങിത്താഴുന്ന വിമാനക്കമ്പനിയെ രക്ഷിക്കാനായി കമ്പനിയുടെ മുഴുവന്‍ പ്രവര്‍ത്തന നിയന്ത്രണവും ഇത്തിഹാദ് എയര്‍വേയ്‌സിന് കൈമാറാന്‍ നരേഷ് ഗോയല്‍ തയാറായിക്കഴിഞ്ഞു. ഇക്വിറ്റി, പലിശരഹിത വായ്പകള്‍ എന്നിവയിലൂടെ പണം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഇത്. ജെറ്റ് എയര്‍വേയ്‌സിന്റെ ചെയര്‍മാനായി നരേഷ് ഗോയല്‍ തന്നെ തുടരുമെന്നാണ് സൂചന.

കൈമാറ്റം സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി സിഇഒ ചോണി ഡഗ്ലസിന്റെ നേതൃത്വത്തിലുള്ള ഇത്തിഹാദിന്റെ ഉന്നത ഉദ്യോഗസ്ഥ സംഘവുമായി നരേഷ് ഗോയലും സംഘവും ചര്‍ച്ച നടത്തി. ഇതിനു ശേഷം ജെറ്റ് എയര്‍വേയ്‌സിന്റെ മാനേജ്‌മെന്റ് അംഗങ്ങളുമായി ദുബായിയിലെ വസതിയിലും അദ്ദേഹം കൂടിക്കാഴ്ച നടത്തിയെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

നിലവില്‍ ഇത്തിഹാദിന് ജെറ്റ് എയര്‍വേസില്‍ 24 ശതമാനം ഓഹരികളാണുള്ളത്. ഗോയലിനും ഭാര്യ അനിത ഗോയലിനുമായി കമ്പനിയില്‍ 51 ശതമാനം ഓഹരികളാണുള്ളത്. പുതിയ കരാര്‍ നടക്കുകയാണെങ്കില്‍ ഇത്തിഹാദ് എയര്‍ലൈന്‍സ് കൂടുതല്‍ ഓഹരികള്‍ സ്വന്തമാക്കും. നിയമപ്രകാരം 49 ശതമാനം ഓഹരി വരെ ഇത്തിഹാദിന് കൈവശവും വെക്കാം. പണിടപാടിന്റെ വ്യാപ്തി അനുസരിച്ച് ഗോയല്‍ തന്റെ ഓഹരികള്‍ 15 ശതമാനം വരെ കുറയ്ക്കാനും തയാറാണ്.

പൂര്‍ണ ഉടസ്ഥാവകാശം ആവശ്യപ്പെട്ട ടാറ്റ സണ്‍സുമായുള്ള കരാറിനേക്കാള്‍ എന്തുകൊണ്ടും മികച്ച തീരുമാനമായിരിക്കും ഇത്തിഹാദിന് നിയന്ത്രണാധികാരം നല്‍കുന്നത് എന്നാണ് വിലയിരുത്തല്‍. നേരത്തെ നിരവധി നിക്ഷേപകരുമായി നടത്തിയ ചര്‍ച്ചകള്‍ കമ്പനിയുടെ നിയന്ത്രണം കൈമാറാന്‍ ഗോയല്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് പരാജയപ്പെട്ടിരുന്നു.

ഇത്തിഹാദിനും തങ്ങളുടെ നയങ്ങള്‍ക്കുമനുസരിച്ച് ജെറ്റ് എയര്‍വേയ്‌സിനെ ഏറ്റെടുക്കുന്നതിന് താല്‍പ്പര്യമുണ്ട്. പല ഡെസ്റ്റിനേഷനുകളിലേക്കും പോകുന്ന ഇത്തിഹാദിന്റെ 11 ശതമാനം യാത്രക്കാരും ഇന്ത്യയില്‍ നിന്നുള്ളവരാണ്.

Comments

comments

Tags: Jet Airways