യുഎസിലെ ഏറ്റവും മൂല്യമേറിയ കമ്പനിയായി മൈക്രോസോഫ്റ്റ്

യുഎസിലെ ഏറ്റവും മൂല്യമേറിയ കമ്പനിയായി മൈക്രോസോഫ്റ്റ്

സാന്‍ഫ്രാന്‍സിസ്‌കോ: ആപ്പിളിനെ പിന്നിലാക്കി 753.3 ബില്യണ്‍ ഡോളര്‍ വിപണി മൂല്യവുമായി മൈക്രോസോഫ്റ്റ് യുഎസിലെ ഏറ്റവും മൂല്യമേറിയ കമ്പനിയായി മാറി. കഴിഞ്ഞ ഓഗസ്റ്റിലാണ് ഒരു ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള ആദ്യ യുഎസ് കമ്പനിയായി ആപ്പിള്‍ മാറിയത്. എന്നാല്‍ പിന്നീട് ഐഫോണുകളുടെ വില്‍പ്പനയിലെ കുറവ് അടക്കമുള്ള കാരണങ്ങളാല്‍ മൂല്യം 746 ബില്യണ്‍ ഡോളറിലേക്ക് ഇടിയുകയും കമ്പനി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയുമായിരുന്നു. 2010 നുശേഷം ആദ്യമായിട്ടാണ് മൈക്രോസോഫ്റ്റ് ആപ്പിളിനു മുന്നിലെത്തുന്നത്. 736.6 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഇ-കൊമേഴ്‌സ് ഭീമന്‍മാരായ ആമസോണാണ് നിലവില്‍ രണ്ടാം സ്ഥാനത്തുള്ളത്. ഗൂഗിള്‍ മാതൃകമ്പനിയായ ആല്‍ഫബെറ്റിന് മൂന്നാം സ്ഥാനമാണുള്ളത്. 725.5 ബില്യണ്‍ ഡോളറാണ് കമ്പനിയുടെ മൂല്യം.

2019 ആദ്യ സാമ്പത്തിക വര്‍ഷം 29.1 ബില്യണ്‍ ഡോളറിന്റെ വരുമാനവും 8.8 ബില്യണ്‍ ഡോളറിന്റെ അറ്റാദായവുമാണ് കമ്പനി നേടിയത്. വരുമാനത്തില്‍ 19 ശതമാനവും അറ്റാദായത്തില്‍ 34 ശതമാനത്തിന്റെയും വളര്‍ച്ചയാണ് കമ്പനി കൈവരിച്ചിരിക്കുന്നത്. ഇക്കാലയളവിലെ പ്രവര്‍ത്തന വരുമാനം 29 ശതമാനം വര്‍ധിച്ച് പത്ത് ബില്യണ്‍ ഡോളറിലെത്തിയിട്ടുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷം മികച്ച തുടക്കമാണ് മൈക്രോസോഫ്റ്റിനു ലഭിച്ചതെന്നും കമ്പനിയുടെ ഇന്നൊവേഷനുകളുടെയും ഡിജിറ്റല്‍ പരിപവര്‍ത്തനത്തിനായി തങ്ങളെ ആശ്രയിച്ച ഉപഭോക്താക്കളുടെ വിശ്വസ്തതയുടെയും ഫലമാണിതെന്ന് മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല പറഞ്ഞു.

മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സേവനമായ അഷുര്‍, ഗെയിമിംഗ്, സര്‍ഫസ് ലാപ്‌ടോപ്പ് വിഭാഗങ്ങള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അഷുര്‍ 76 ശതമാനം വരുമാന വര്‍ധനവ് രേഖപ്പെടുത്തിയപ്പോള്‍ വിന്‍ഡോസിന്റെ വാണിജ്യ ഉല്‍പ്പന്നങ്ങളുടെയും ക്ലൗഡ് സേവനത്തിന്റെയും വരുമാനം 12 ശതമാനം വര്‍ധിച്ചിട്ടുണ്ട്. പേഴ്‌സണല്‍ കംപ്യൂട്ടിംഗ് വരുമാനം 15 ശതമാനം ഉയര്‍ന്ന് 10.7 ബില്യണ്‍ ഡോളറായി. എക്‌സ്‌ബോക്‌സ് സോഫ്റ്റ്‌വെയറും സര്‍ഫസ് വിഭാഗവും മികച്ച പ്രകടനം കാഴ്ച്ചവെച്ച ഗെയിമിംഗ് വിഭാഗത്തില്‍ നിന്നുള്ള വരുമാനത്തില്‍ 44 ശതമാനം വളര്‍ച്ചയാണുണ്ടായത്. സ്വകാര്യ വിവരങ്ങളുടെ ചോര്‍ച്ച സംബന്ധിച്ച് ടെക് ഭീമന്‍മാരായ ഗൂഗിളും ഫേസ്ബുക്കും ഉള്‍പ്പെടെയുള്ള കമ്പനികള്‍ ആരോപണങ്ങള്‍ നേരിടുന്ന ഡിജിറ്റല്‍ പരിവര്‍ത്തന യുഗത്തില്‍ ചെറുകിട-വന്‍കിട സംരംഭങ്ങളുടെ വര്‍ധിച്ച ക്ലൗഡ്, സോഫ്റ്റ് വെയര്‍ സേവനങ്ങള്‍ നിറവേറ്റുന്ന കമ്പനികളില്‍ നിക്ഷേപകര്‍ വലിയ താല്‍പ്പര്യം കാണിക്കുന്നുണ്ട്.

ഇതേ സമയം ഐഫോണ്‍ എക്‌സ്ആറിന്റെ ഷിപ്പ്‌മെന്റില്‍ ആപ്പിള്‍ 30 ദശലക്ഷം കുറവു വരുത്തിയതായിട്ടാണ് കണക്കുകള്‍. വിപണിയില്‍ പ്രതീക്ഷിച്ചത്ര ആവശ്യകത അനുഭവപ്പെടാത്തതിനെ തുടര്‍ന്ന് നേരത്തെ എക്ആര്‍ നിര്‍മാണം വര്‍ധിപ്പിക്കാനുള്ള പദ്ധതി വൈകിപ്പിക്കാന്‍ തങ്ങളുടെ മുന്‍നിര അസംബ്ലര്‍മാരായ ഫോക്‌സ്‌കോണിനോടും പെഗാട്രോണിനോടും കമ്പനി നിര്‍ദേശിച്ചതായിട്ടാണ് അറിയുന്നത്.

Comments

comments

Categories: Business & Economy
Tags: Microsoft