എതിരാളികളെ വിറപ്പിച്ച് മഹീന്ദ്ര അള്‍ട്ടുറാസ് ജി4 എത്തി

എതിരാളികളെ വിറപ്പിച്ച് മഹീന്ദ്ര അള്‍ട്ടുറാസ് ജി4 എത്തി

ഓള്‍-ന്യൂ മഹീന്ദ്ര അള്‍ട്ടുറാസ് ജി4 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മഹീന്ദ്രയുടെ പുതിയ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവി രണ്ട് വേരിയന്റുകളില്‍ ലഭിക്കും. 2 വീല്‍ ഡ്രൈവ് വേരിയന്റിന് 26.95 ലക്ഷം രൂപയും 4 വീല്‍ ഡ്രൈവ് വേരിയന്റിന് 29.95 ലക്ഷം രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. അള്‍ട്ടുറാസ് എന്നാല്‍ ഉന്നതി, ഉത്കര്‍ഷം എന്നെല്ലാമാണ് അര്‍ത്ഥം. മഹീന്ദ്ര ഇതുവരെ പുറത്തിറക്കിയതില്‍വെച്ച് ഏറ്റവും വലുതും ഏറ്റവും പ്രീമിയം എസ്‌യുവിയുമാണ് അള്‍ട്ടുറാസ് ജി4. ഈ വര്‍ഷത്തെ ഓട്ടോ എക്‌സ്‌പോയില്‍ അള്‍ട്ടുറാസ് ജി4 പ്രദര്‍ശിപ്പിച്ചിരുന്നു. ഫോഡ് എന്‍ഡവര്‍, ടൊയോട്ട ഫോര്‍ച്യൂണര്‍, ഇസുസു എംയു-എക്‌സ്, സ്‌കോഡ കോഡിയാക്ക് തുടങ്ങിയ കേമന്‍മാരാണ് മഹീന്ദ്ര അള്‍ട്ടുറാസ് ജി4 എസ്‌യുവിയുടെ ഇന്ത്യയിലെ എതിരാളികള്‍.

സാംഗ്‌യോംഗ് റെക്‌സ്ടണ്‍ ജി4 എസ്‌യുവിയുടെ മഹീന്ദ്ര വേര്‍ഷനാണ് അള്‍ട്ടുറാസ് ജി4 (മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഉടമസ്ഥതയിലുള്ള (70 %) ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളാണ് സാംഗ്‌യോംഗ് മോട്ടോര്‍ കമ്പനി). ഇരു എസ്‌യുവികളും തമ്മില്‍ കാഴ്ച്ചയില്‍ വലിയ വ്യത്യാസങ്ങളില്ല. മഹീന്ദ്രയുടെ സവിശേഷ ഗ്രില്‍, അതില്‍ ബോള്‍ഡ് വെര്‍ട്ടിക്കല്‍ ക്രോം സ്ലാറ്റുകള്‍, ഒത്ത നടുവില്‍ മഹീന്ദ്ര ലോഗോ എന്നിവയാണ് എടുത്തുപറയത്തക്ക വ്യത്യാസം.

എച്ച്‌ഐഡി (ഹൈ ഇന്റന്‍സിറ്റി ഡിസ്ചാര്‍ജ്) ഹെഡ്‌ലാംപുകളുടെ കൂട്ടായി എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ നല്‍കിയിരിക്കുന്നു. അഗ്രസീവ് ഫ്രണ്ട് ബംപറിലും എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ കാണാം. ഇവ കോര്‍ണറിംഗ് ലൈറ്റുകളായി സേവനമനുഷ്ഠിക്കും. ഒആര്‍വിഎമ്മുകളില്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ നല്‍കി. റെയ്ന്‍ സെന്‍സിംഗ് വൈപ്പര്‍, വലിയ റൂഫ് റെയിലുകള്‍ എന്നിവയും ലഭിച്ചു. റാപ്എറൗണ്ട് എല്‍ഇഡി ടെയ്ല്‍ലാംപുകള്‍, ബ്രേക്ക് ലൈറ്റുകള്‍ സഹിതം റൂഫ് മൗണ്ടഡ് സ്‌പോയ്‌ലര്‍, സ്മാര്‍ട്ട് പവര്‍ ടെയ്ല്‍ഗേറ്റ് എന്നിവയാണ് പിന്നാമ്പുറ വിശേഷങ്ങള്‍.

ഡുവല്‍ ടോണ്‍ നാപ്പ ലെതര്‍ ഇന്റീരിയര്‍, 7 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവ സഹിതം 8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, സോഫ്റ്റ് ടച്ച് ഡാഷ്‌ബോര്‍ഡ്, ത്രീ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, എല്‍ഇഡി കാബിന്‍ ലൈറ്റുകള്‍, ആന്റി പിഞ്ച് ഫംഗ്ഷന്‍ സഹിതം സണ്‍റൂഫ്, ലെതര്‍ ഫിനിഷ്ഡ് ഡോര്‍ ട്രിമ്മുകള്‍, എട്ട് വിധത്തില്‍ ക്രമീകരിക്കാവുന്ന പവര്‍ ഡ്രൈവര്‍ സീറ്റ് എന്നിവ എസ്‌യുവിയുടെ കാബിന്‍ സവിശേഷതകളാണ്.

18 ഇഞ്ച് അലോയ് വീലുകളിലാണ് മഹീന്ദ്ര അള്‍ട്ടുറാസ് ജി4 വരുന്നത്. ഒമ്പത് എയര്‍ബാഗുകള്‍, എബിഎസ്, എച്ച്എഎസ്, ഇബിഡി (ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍), ഇഎസ്‌സി (ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം), എആര്‍പി (ആക്റ്റീവ് റോളോവര്‍ പ്രൊട്ടക്ഷന്‍), എച്ച്ഡിസി (ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍), ബിഎഎസ് (ബ്രേക്ക് അസിസ്റ്റ് സിസ്റ്റം), ഇഎസ്എസ് (എമര്‍ജന്‍സി സ്‌റ്റോപ്പ് സിഗ്‌നല്‍), ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്കുകള്‍, 3ഡി വ്യൂ കാമറ & റിയര്‍ പാര്‍ക്കിംഗ് അസിസ്റ്റ് എന്നിവയാണ് സുരക്ഷാ ഫീച്ചറുകള്‍.

2.2 ലിറ്റര്‍, 4 സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് മഹീന്ദ്ര അള്‍ട്ടുറാസ് ജി4 എസ്‌യുവിയുടെ ഹൃദയം. ഈ മോട്ടോര്‍ 4,000 ആര്‍പിഎമ്മില്‍ 178 ബിഎച്ച്പി കരുത്തും 1600-2600 ആര്‍പിഎമ്മില്‍ 420 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ബിഎസ് 6 പാലിക്കുന്നതാണ് എന്‍ജിന്‍. മെഴ്‌സീഡീസ് ബെന്‍സില്‍നിന്ന് വാങ്ങിയ 7 സ്പീഡ് ഓട്ടോമാറ്റിക് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ എന്‍ജിനുമായി ചേര്‍ത്തുവെച്ചു. അള്‍ട്ടുറാസ് ജി4 എസ്‌യുവിയുടെ പെട്രോള്‍ എന്‍ജിന്‍ വേര്‍ഷന്‍ തല്‍ക്കാലം ലഭിക്കില്ല.

Comments

comments

Categories: Auto