മാര്‍ച്ചോടെ ഉപകമ്പനിയായ എഐഎടിഎസ്എല്‍ വിറ്റഴിക്കാന്‍ എയര്‍ ഇന്ത്യയുടെ ശ്രമം

മാര്‍ച്ചോടെ ഉപകമ്പനിയായ എഐഎടിഎസ്എല്‍ വിറ്റഴിക്കാന്‍ എയര്‍ ഇന്ത്യയുടെ ശ്രമം

ന്യൂഡെല്‍ഹി: എയര്‍പോര്‍ട്ട് ഹാന്‍ഡ്‌ലിംഗിന് ഉപയോഗിക്കുന്ന ഉപകമ്പനിയായ എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡ് (എഐഎടിഎസ്എല്‍) വിറ്റഴിക്കാന്‍ കടക്കെണിയിലായ പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ ശ്രമം ഊര്‍ജിതമാക്കി. മാര്‍ച്ച് മാസത്തോടെ എഐഎടിഎസ്എല്‍ കൈയൊഴിഞ്ഞ് വമ്പന്‍ കടത്തിന് ആശ്വാസം കണ്ടെത്താനാണ് നീക്കം. വിമാനക്കമ്പനിയുടെ 76 ശതമാനം ഓഹരികള്‍ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ വില്‍പ്പനക്ക് വെച്ചിരുന്നെങ്കിലും ആരും ഏറ്റെടുക്കാന്‍ സന്നദ്ധമാവാഞ്ഞതോടെ ലേല നടപടി പിന്‍വലിച്ചിരുന്നു. കമ്പനിയുടെ അപ്രധാന ആസ്തികളായ അനുബന്ധ കമ്പനികളും മറ്റും വിറ്റഴിച്ച് കടം വീട്ടാമെന്ന തീരുമാന പ്രകാരമാണ് എഐഎടിഎസ്എല്ലും വില്‍പ്പനക്ക് വെക്കുന്നത്. 50,000 കോടി രൂപയിലേറെ കടമാണ് ദേശീയ വിമാനക്കമ്പനിക്കുള്ളത്. ‘നടപ്പ് സാമ്പത്തിക വര്‍ഷം തന്നെ എഐഎടിഎസ്എലിന്റെ തന്ത്രപരമായ വില്‍പ്പന പൂര്‍ത്തിയാക്കാനാവുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. വില്‍പ്പന നടപടികള്‍ ഏകോപിപ്പിക്കുന്നതിന് വാണിജ്യ ബാങ്കുകളില്‍ നിന്ന് വൈകാതെ താല്‍പ്പര്യപത്രം ക്ഷണിക്കും,’ കമ്പനിയുടെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു.

സര്‍ക്കാരിന്റെ ഓഹരി വിറ്റഴിക്കല്‍ നീക്കങ്ങള്‍ക്ക് ഭേദപ്പെട്ട പ്രോത്സാഹനം നല്‍കുന്നതാവും എഐഎടിഎസ്എല്ലിന്റെ കൈമാറ്റമെന്ന് വിലയിരുത്തപ്പെടുന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിലൂടെ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 15,200 കോടി രൂപ സര്‍ക്കാര്‍ നേടിയിട്ടുണ്ട്. നടപ്പ് വര്‍ഷം 80,000 കോടി രൂപ ഓഹരി വില്‍പ്പനയിലൂടെ സമാഹരിക്കാനാണ് ബഡ്ജറ്റില്‍ ലക്ഷ്യമിട്ടിരുന്നത്. നവംബര്‍ 27ന് ഒരു എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് (ഇടിഎഫ്) സര്‍ക്കാര്‍ പ്രഖ്യാപിക്കാനാരിരിക്കുകയാണ്. 14,000 കോടി രൂപ ഇതിലൂടെ സമാഹരിക്കാമെന്നാണ് കണക്കുകൂട്ടല്‍.

പൊതുമേഖലാ സ്ഥാപനങ്ങളുടെ അപ്രധാന ആസ്തികള്‍ വിറ്റഴിച്ച് ധനസമാഹരണം നടത്തുകയെന്ന നയത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഡിപ്പാര്‍ട്ടമെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റാണ് (ഡിഐപിഎഎം) ഇത്തരത്തിലുള്ള അപ്രധാന ആസ്തികള്‍ കണ്ടെത്തി ശുപാര്‍ശകള്‍ നല്‍കാന്‍ നിയോഗിക്കപ്പെട്ട ഔദ്യോഗിക ഏജന്‍സി.

എയര്‍ ഇന്ത്യയുടെ ലാഭമുണ്ടാക്കുന്ന ഉപകമ്പനികളില്‍ ഒന്നാണ് എഐഎടിഎസ്എല്‍. 2016-17 സാമ്പത്തിക വര്‍ഷം 61.66 കോടി രൂപയാണ് എഐഎടിഎസ്എല്‍ ലാഭമുണ്ടാക്കിയത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ലിമിറ്റഡാണ് ലാഭമുണ്ടാക്കിയ രണ്ടാമത്തെ ഉപ സ്ഥാപനം. 297 കോടി രൂപ ലാഭമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് നേടിയത്. കാറ്ററിംഗ് സേവന ദാതാവായ എഐഎസ്എടിഎസും 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 66.06 കോടി രൂപയുടെ നേട്ടമുണ്ടാക്കിയിട്ടുണ്ട്. എയര്‍ ഇന്ത്യയും സാറ്റ്‌സ് ലിമിറ്റഡും തമ്മില്‍ 50:50 അനുപാതത്തില്‍ നിക്ഷേപം നടത്തിയുണ്ടാക്കിയ പങ്കാളിച്ച സ്ഥാപനമാണിത്. 2003 ല്‍ സ്ഥാപിതമായ ഈ കമ്പനിയാണ് എയര്‍പോര്‍ട്ടിലെ എയര്‍പോര്‍ട്ട് ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ്, പാസഞ്ചര്‍, റാംപ്, സുരക്ഷ, കാര്‍ഗോ തുടങ്ങി മിക്കവാറും സേവനങ്ങള്‍ നല്‍കുന്നത്. എയര്‍ ഇന്ത്യ ചാര്‍ട്ടേഴ്‌സ് ലിമിറ്റഡ്, ഐഎഎല്‍ എയര്‍പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡ്, എയര്‍ലൈന്‍ അലൈഡ് സര്‍വീസസ്, എയര്‍ ഇന്ത്യ എഞ്ചിനീയറിംഗ് സര്‍വീസസ് ലിമിറ്റഡ്, ഹോട്ടല്‍ കോര്‍പ്പറേന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് തുടങ്ങിയ ഉപകമ്പനികളും പൊതുമേഖലാ വിമാനക്കമ്പനിക്ക് ഉണ്ട്.

ഭൂമിയും ഉപകമ്പനികളും അടക്കം ആസ്തികള്‍ വിറ്റഴിച്ച് കടം കുറക്കാനും മൂലധനം കണ്ടെത്താനുമുള്ള തീരുമാനം ജൂണില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതിയാണ് എടുത്തിരുന്നത്. മേയ് മാസം 31 നകം വിമാനക്കമ്പനിയെ ഏറ്റെടുക്കാന്‍ സ്വകാര്യ കമ്പനികളൊന്നും എത്താതിരുന്നതിനെ തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനം എടുക്കേണ്ടി വന്നിരുന്നത്.

Comments

comments

Categories: Business & Economy, Slider
Tags: Air India