അനുമതികളില്‍ കുരുങ്ങിയത് 800 കിലോമീറ്റര്‍ റോഡ് നിര്‍മാണം

അനുമതികളില്‍ കുരുങ്ങിയത് 800 കിലോമീറ്റര്‍ റോഡ് നിര്‍മാണം

ന്യൂഡെല്‍ഹി: രാജ്യത്തെ 800 കിലോമീറ്ററോളം വരുന്ന റോഡ് പദ്ധതികള്‍ ഭൂമി ഏറ്റെടുക്കലുകളിലും നിയമപരമായ അനുമതികളിലും കാലതാമസം നേരിടുന്നതിനാല്‍ തടസപ്പെട്ടിരിക്കുകയാണെന്ന് ഗവേഷണ സ്ഥാപനമായ ക്രിസിലിന്റെ റിപ്പോര്‍ട്ട്. ഇത്തവണത്തെ ആകെ റോഡ് നിര്‍മാണ ലക്ഷ്യത്തെ പിന്നോട്ടടിപ്പിക്കുന്നതാണ് സാഹചര്യം. നടപ്പ് വര്‍ഷം 3,600 മുതല്‍ 3800 കിലോമീറ്റര്‍ വരെ റോഡുകള്‍ മാത്രമേ നാഷണല്‍ ഹൈവേ ഓഫ് ഇന്ത്യക്ക് (എന്‍എച്ച്എഐ) നിര്‍മിക്കാനാവുകയുള്ളെന്നാണ് ക്രിസില്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം 4,300 കിലോമീറ്ററോളം റോഡ് എന്‍എച്ച്എഐ നിര്‍മിച്ചിരുന്നു. നിര്‍മാണ പദ്ധതികള്‍ സംബന്ധിച്ച് ഡെവലപ്പര്‍മാര്‍ക്ക് കരാര്‍ അറിയിപ്പ് നല്‍കിയത് മുതല്‍ ഹൈബ്രിഡ് ആന്വിറ്റി മോഡലിന് (എച്ച്എഎം) കീഴിലുള്ള പല പദ്ധതികളും ആരംഭിക്കാനുള്ള തിയതി എപ്പോള്‍ പ്രഖ്യാപിക്കുമെന്ന കാത്തിരിപ്പിലാണ് കരാറുകാര്‍.

മിക്ക പദ്ധതികളുടേയും ഭൂമി ഏറ്റെടുക്കലില്‍ പുരോഗതിയുണ്ട്. എന്നാല്‍ കുറഞ്ഞത് 80 ശതമാനമെങ്കിലും ഭൂമി ഏറ്റെടുക്കല്‍ നടത്തിയാല്‍ മാത്രമേ വായ്പാ ദാതാക്കള്‍ ഫണ്ട് വിതരണം ചെയ്യുകയുള്ളു. ഡിസംബറില്‍ ചില പദ്ധതികള്‍ ആരംഭിക്കാന്‍ തിയതി ലഭിക്കുമെന്നാണ് സൂചന. നിലവിലുള്ള ആരംഭ തിയതികള്‍ അടിസ്ഥാനമാക്കി ഈ വര്‍ഷം പ്രതിദിനം ശരാശരി 9.9 കിലോമീറ്റര്‍ മുതല്‍ 10.4 കിലോമീറ്റര്‍ വരെ റോഡ് നിര്‍മിക്കാന്‍ കഴിയുമെന്നാണ് കണക്കാക്കുന്നത്. നേരത്തെ പ്രതീക്ഷിച്ച പ്രതിദിന ശരാശരിയായ 11.8 കിലോമീറ്ററില്‍ താഴെയാണിത്. അതേസമയം മുന്‍ വര്‍ഷത്തെ പ്രതിദിന ശരാശരിയായ 8.4 കിലോമീറ്റര്‍ റോഡ് നിര്‍മാണത്തെക്കാള്‍ മെച്ചവുമാണ്.

390 കിലോമീറ്ററോളം വരുന്ന പദ്ധതികള്‍ ഫണ്ടിംഗിനായി കാത്തിരിക്കുകയാണ്. ഇതില്‍ 180 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പദ്ധതികള്‍ ഇതിനോടകം നിര്‍ദ്ധാരിത ഫണ്ടിംഗ് കാലാവധിയായ അഞ്ച് മാസം കഴിഞ്ഞിട്ടുണ്ട്. ഇതോടെ സാമ്പത്തിക ബാധ്യത തിര്‍ത്തു കൊടുക്കേണ്ട സമ്മര്‍ദ്ദത്തിലാണ് നിലവില്‍ എന്‍എച്ച്എഐ. ഹൈബ്രിഡ് മാതൃകയിലുള്ള പദ്ധതികളെ സംബന്ധിച്ച് ബാങ്കുകള്‍ക്ക് ആശങ്ക തുടരുന്നതിനാല്‍ വായ്പാദാതാക്കളായ ബാങ്കുകളുടെ എണ്ണം പകുതിയായി കുറഞ്ഞിട്ടുണ്ട്. 2017-18 ല്‍ സര്‍വകാല റെക്കോഡായ 9,829 കിലോമീറ്റര്‍ റോഡുകളാണ് എന്‍എച്ച്എഐ നിര്‍മിച്ചത്. 2014-15 ല്‍ 4,410 കിലോമീറ്റര്‍ റോഡുകളായിരുന്നു നിര്‍മിക്കപ്പെട്ടിരുന്നത്.

Comments

comments

Tags: NHAI, road