നീരവ് മോദി തട്ടിപ്പില്‍ നിന്ന് ഇന്ത്യന്‍ ബാങ്കുകള്‍ പാഠം പഠിച്ചില്ലെന്ന് സര്‍വേ

നീരവ് മോദി തട്ടിപ്പില്‍ നിന്ന് ഇന്ത്യന്‍ ബാങ്കുകള്‍ പാഠം പഠിച്ചില്ലെന്ന് സര്‍വേ

ന്യൂഡെല്‍ഹി: കഴിഞ്ഞ രണ്ട് വര്‍ഷക്കാലത്തിനിടെ ബാങ്ക് തട്ടിപ്പുകള്‍ ക്രമാതീതമായി വര്‍ധിച്ചെങ്കിലും ഇത് തടയാന്‍ ഇന്ത്യ ചുരുക്കം നടപടികള്‍ മാത്രമേ സ്വീകരിച്ചിട്ടുള്ളുവെന്ന് ഡെലോയ്റ്റ് ടച്ച് തൊമാത്‌സു ഇന്ത്യ എല്‍എല്‍പിയുടെ വാര്‍ഷിക സര്‍വേ. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ബാങ്കിംഗ് തട്ടിപ്പുകള്‍ 20 ശതമാനം വര്‍ധിച്ചെന്ന് സര്‍വെ ചൂണ്ടിക്കാട്ടുന്നു. ”തട്ടിപ്പുകള്‍ വര്‍ധിക്കുകയും കര്‍ശനമായ നിയമ നിര്‍ദ്ദേശങ്ങള്‍ കിട്ടിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ തങ്ങളുടെ അപായ നിവാരണ ചട്ടക്കൂട് വിപുലമാക്കുന്നതിനെ കുറിച്ച് ബാങ്കുകള്‍ക്കിടയില്‍ അവബോധം വര്‍ധിക്കുകയാണ്.

ഒരു വിപുലമായ സാമ്പത്തിക കുറ്റകൃത്യ അനുവര്‍ത്തിത അജണ്ട ബാങ്കുകള്‍ സമന്വയിപ്പിക്കേണ്ടതുണ്ട്. അനുസരണ, നിയമപരമായ കാര്യങ്ങള്‍, വായ്പ, പ്രവര്‍ത്തന ഡിപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവയെല്ലാം ഈ അജണ്ടയില്‍ ഉള്‍ക്കൊള്ളിക്കണം,” അദ്ദേഹം വ്യക്തമാക്കി. തട്ടിപ്പുകള്‍ തടയുന്നതിലുള്ള ശേഷിക്കുറവാണ് ഇത്തരം സംഭവങ്ങള്‍ വര്‍ധിക്കുന്നതിനുള്ള പ്രധാന കാരണമെന്ന് ഡെലോയ്റ്റിന്റെ പങ്കാളിയായ കെ വി കാര്‍ത്തിക് പറഞ്ഞു. വെട്ടിപ്പുകള്‍ കണ്ടെത്തുന്നതിനുള്ള സംവിധാനങ്ങള്‍ ഇനിയും ഊര്‍ജ്വസ്വലമാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സാങ്കേതികവിദ്യകളുടെയും ഡിജിറ്റല്‍ ചാനലുകളുടേയും വളര്‍ച്ച, ക്രമക്കേടുകള്‍ കണ്ടെത്തുന്നത് സങ്കീര്‍ണമാക്കിയിട്ടുണ്ടെന്നും തട്ടിപ്പുകള്‍ പ്രവചിക്കാനാവശ്യമായ ഫോറന്‍സിക് അനലിറ്റിക്ക് ഉപകരണങ്ങളുടെ അഭാവം മിക്ക ബാങ്കുകളിലുമില്ലെന്നും ഡെലോയ്റ്റ് പറയുന്നു. എന്നിരുന്നാലും ബാങ്കിംഗ് തട്ടിപ്പുകള്‍ തടയാന്‍ സര്‍ക്കാര്‍ ഏതാനും നടപടികള്‍ എടുത്തിട്ടുണ്ടെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. ക്രമക്കേടുകള്‍ നടത്തിയെന്ന് സംശയിക്കുന്നവര്‍ക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലറുകള്‍ പുറപ്പെടുവിക്കാനുള്ള അപേക്ഷകള്‍ നടത്താന്‍ പൊതുമേഖല ബാങ്കുകളുടെ അംഗീകൃത സിഇഒമാര്‍ക്ക് അനുവാദം നല്‍കിയ നടപടിയാണ് ഇതില്‍ ആദ്യത്തേത്.

വജ്ര വ്യാപാരി നീരവ് മോദി ഉള്‍പ്പെട്ട ഇന്ത്യ കണ്ട ഏറ്റവും വലിയ ബാങ്കിംഗ് തട്ടിപ്പ് ഈ വര്‍ഷമാദ്യം വെളിച്ചത്തു വന്നിരുന്നു. പിഎന്‍ബിയുടെ ആഭ്യന്തര റിപ്പോര്‍ട്ടിലാണ് ബാങ്കിന്റെ മുംബൈയിലുള്ള ബ്രാഡി ഹൗസ് ബ്രാഞ്ചില്‍ സംശയാസ്പദമായ ഇടപാടുകള്‍ നടക്കുന്നുവെന്ന് കണ്ടെത്തിയത്. നീരവ് മോദിയുടേയും മെഹുല്‍ ചോക്‌സിയുടെയും കമ്പനിയുടെ ഇടപാടുകള്‍ ശ്രദ്ധിക്കണമെന്നും ഉന്നതതല ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് ലഭിച്ചു.

2010ല്‍ മാനേജര്‍ ഗോകുല്‍നാഥ് ഷെട്ടി മാനേജരായി ചുമതലയേറ്റതു മുതല്‍ നീരവ് മോദിയും മെഹുല്‍ ചോക്‌സിയുമായുള്ള ഈ ശാഖയുടെ ബിസിനസിലുണ്ടായ സ്‌ഫോടനാത്മകമായ വര്‍ധന പിഎന്‍ബി മനസിലാക്കാഞ്ഞതോ അവഗണിച്ചതോ ആണ് വലിയ പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്. തട്ടിപ്പിന്റെ മറ്റു സൂചനകളും ബാങ്ക് അവഗണിച്ചതായി ഡെലോയ്റ്റ് ചൂണ്ടിക്കാട്ടുന്നു. പിഎന്‍ബി തട്ടിപ്പ് വലിയ ആഘാതം തന്നെ സൃഷ്ടിച്ചിട്ടും ബാങ്കുകള്‍ വളരെ ചുരുങ്ങിയ നടപടികള്‍ മാത്രമേ ക്രമക്കേടുകള്‍ തടയാന്‍ സ്വീകരിച്ചിട്ടുള്ളുവെന്നും സര്‍വെ വ്യക്തമാക്കുന്നു.

Comments

comments

Categories: Business & Economy, Slider
Tags: Bank fraud