നാല് ഇലക്ട്രിക് കാറുകള്‍ പുറത്തിറക്കുമെന്ന് വോള്‍വോ

നാല് ഇലക്ട്രിക് കാറുകള്‍ പുറത്തിറക്കുമെന്ന് വോള്‍വോ

ന്യൂഡെല്‍ഹി : മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ നാല് പുതിയ ഇലക്ട്രിക് കാറുകള്‍ അവതരിപ്പിക്കുമെന്ന് വോള്‍വോ ഇന്ത്യ. വോള്‍വോയുടെ ഭാവി ബിസിനസ്സില്‍ വൈദ്യുതീകരണത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് വോള്‍വോ കാര്‍ ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ ചാള്‍സ് ഫ്രംപ് പറഞ്ഞു. കമ്പസ്ചന്‍ എന്‍ജിന്‍ മാത്രമുള്ള മോഡലുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കുകയാണ് ആഗോളതലത്തില്‍ വോള്‍വോയുടെ ലക്ഷ്യം.

2019 അവസാനത്തോടെ ബെംഗളൂരു പ്ലാന്റില്‍ എക്‌സ്‌സി90 പ്ലഗ്-ഇന്‍ ഹൈബ്രിഡ് എസ്‌യുവി പ്രാദേശികമായി അസംബിള്‍ ചെയ്യുമെന്ന് കഴിഞ്ഞ ദിവസമാണ് വോള്‍വോ ഇന്ത്യ പ്രഖ്യാപിച്ചത്. ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് വോള്‍വോ എക്‌സ്‌സി90 പ്ലഗ്-ഇന്‍ ഹൈബ്രിഡ് ഇന്ത്യന്‍ വിപണിയിലെത്തിച്ചത്. വോള്‍വോയുടെ ഇന്ത്യയിലെ ആദ്യ പ്ലഗ്-ഇന്‍ ഹൈബ്രിഡാണ് എക്‌സ്‌സി90.

പ്ലഗ്-ഇന്‍ ഹൈബ്രിഡ് വാഹനങ്ങള്‍ പ്രാദേശികമായി നിര്‍മ്മിക്കുന്നതിലൂടെ ഇന്ത്യയിലെ വോള്‍വോ കാറുകളുടെ വൈദ്യുതീകരണത്തിന് നാന്ദി കുറിക്കുകയാണെന്ന് ചാള്‍സ് ഫ്രംപ് പറഞ്ഞു. ഉത്തരവാദിത്തബോധമുള്ള ആഡംബര കാര്‍ കമ്പനി എന്ന നിലയില്‍ വാഹനങ്ങളുടെ വൈദ്യുതീകരണത്തില്‍ മടിച്ചുനില്‍ക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം അവസാനത്തിലാണ് ഇന്ത്യയില്‍ എക്‌സ്‌സി90 എസ്‌യുവി അസംബിള്‍ ചെയ്തുതുടങ്ങിയത്. ഇതേതുടര്‍ന്ന് എസ്90 സെഡാന്റെ അസംബ്ലിംഗ് ബെംഗളൂരു പ്ലാന്റില്‍ ആരംഭിച്ചു. ഈ വര്‍ഷം സെപ്റ്റംബറില്‍ വോള്‍വോ എക്‌സ്‌സി60 എസ്‌യുവിയുടെ അസംബ്ലിംഗ് ബെംഗളൂരുവില്‍ തുടങ്ങി. ഈ നിരയിലേക്കാണ് എക്‌സ്‌സി90 പ്ലഗ്-ഇന്‍ ഹൈബ്രിഡ് ചേരുന്നത്.

Comments

comments

Categories: Auto
Tags: Volvo