പ്രധാനമന്ത്രിയുടെ മനസിലെ കേരളം

പ്രധാനമന്ത്രിയുടെ മനസിലെ കേരളം

പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രക്ഷേപണ പരിപാടിയായ ‘മന്‍ കീ ബാത്ത്’ നാലു വര്‍ഷം പിന്നിട്ട് അഞ്ചാം വര്‍ഷത്തിലേക്ക് പദമൂന്നിയിരിക്കുന്നു. 2014 ഒക്‌റ്റോബര്‍ മൂന്നിന് പ്രക്ഷേപണം ആരംഭിച്ച പരിപാടിയുടെ അന്‍പതാം അധ്യായം നാളെ രാവിലെ 11 മണിക്ക് ആകാശവാണി സംപ്രേഷണം ചെയ്യും. സ്വച്ഛ ഭാരത് അഭിയാന്‍, ഖാദി വസ്ത്ര പ്രചാരണം എന്നിവയിലൂടെ ആരംഭിച്ച സംസാരം രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനമായി മാറി. കേരളത്തെയും മലയാളികളെയും കുറിച്ച് നിരവധി തവണ അദ്ദേഹം സംസാരിച്ചു. മഹാപ്രളയത്തിന്റെ സമയത്ത് സാന്ത്വനമായും ആ വാക്കുകളെത്തി. പ്രധാമന്ത്രി മന്‍ കീ ബാത്തിലൂടെ തുറന്നിട്ട കേരളത്തെ കുറിച്ച് വിശദമാക്കുന്ന ലേഖനം.

ജനങ്ങളും സര്‍ക്കാരും തമ്മിലുള്ള സമരസപ്പെടലാണ് ജനാധിപത്യം. ജനാധിപത്യത്തില്‍ ഭരണാധികാരികളുടെ ആശയങ്ങളും അഭിപ്രായങ്ങളും ജനങ്ങള്‍ക്ക് സമക്ഷം സമര്‍പ്പിക്കുകയും അവരുടെ അംഗീകാരം നേടിയെടുക്കുകയും ചെയ്യേണ്ടത് സുപ്രധാനമാണ്. അത്തരത്തില്‍ തന്റെ മനസിലെ അഭിപ്രായങ്ങളും ആശയങ്ങളും ജനങ്ങളോട് പങ്കുവെക്കുന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ സുപ്രധാനമായ പരിപാടിയാണ് ‘മന്‍ കീ ബാത്ത്’ (മനസ് പറയുന്നത്). ഇന്ത്യയെന്ന വിശാലമായ രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലുമുള്ള സംഭവങ്ങളും അനുഭവങ്ങളും തന്റെ ആശയങ്ങളും തന്നോട് സംവദിച്ചവര്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങളും അതിലൂടെ ലഭിക്കുന്ന പുതിയ അറിവുകളുമൊക്കെ പങ്കുവെച്ചുകൊണ്ട് ആകാശവാണിയിലൂടെ എല്ലാ മാസത്തെയും ഒടുവിലത്തെ ഞായറാഴ്ചകളില്‍ പൊതുജനങ്ങളുമായി തന്റെ മനസ് തുറക്കുന്ന പ്രധാനമന്ത്രിയുടെ പരിപാടി. ഇതിനകം തന്നെ പരിപാടി വന്‍തോതില്‍ പൊതുജനശ്രദ്ധ നേടിക്കഴിഞ്ഞു. നാളെ (നവംബര്‍ 25) മന്‍ കീ ബാത്തിന്റെ 50ാം ലക്കമാണ് പ്രക്ഷേപണം ചെയ്യുക.

ഇതിനകം തന്നെ കേന്ദ്ര സര്‍ക്കാര്‍ പുതുതായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പരിപാടികള്‍, ജനക്ഷേമകരമായ നിരവധി പദ്ധതികള്‍ തുടങ്ങിയവയൊക്കെ ‘മനസ് പറയുന്നതി’ലൂടെ പുറത്തുവന്നിട്ടുണ്ട്. പ്രധാനമന്ത്രിയും പൊതുജനങ്ങളും തമ്മിലുള്ള അകലം കുറയ്ക്കാനും ഈ പരിപാടിയിലൂടെ കഴിഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രിക്ക് നേരിട്ട് ലഭിച്ചിട്ടുള്ള പ്രതികരണങ്ങളും ഇതിന് തെളിവാണ്. കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ ഓരോ കോണിലും നടക്കുന്ന സവിശേവും സുപ്രധാനവുമായ പല സംഭവങ്ങളും പ്രധാനമന്ത്രിയുടെ മനസിനെ സ്വാധീനിച്ച കാര്യങ്ങളും ഈ പരിപാടിയിലൂടെ പങ്കുവെക്കപ്പെട്ടിട്ടുണ്ട്. അത്തരത്തില്‍ പ്രധാനമന്ത്രിയെ സ്വാധീനിച്ചതില്‍ കേരളവും ഒട്ടും പിന്നിലല്ല. കേരളത്തില്‍ സംഹാരതാണ്ഡവമാടിയ മഹാപ്രളയം തൊട്ട് രാജ്യത്തിന് മാതൃകയാകാവുന്ന വായനാവാരം വരെ, അങ്ങനെ പലതും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ‘മനസുപറയുന്നത’് 50ാം ലക്കത്തില്‍ എത്തിനില്‍ക്കെ, പരിപാടിയിലൂടെ വിവിധ അവസരങ്ങളില്‍ കേരളവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ നിരവധിയാണ്.

കഴിഞ്ഞ ഓഗസ്റ്റില്‍ കേരളത്തിലുണ്ടായ മഹാപ്രളയം ലോകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. വിടാതെ പെയ്ത ദുരന്തം കേരളത്തില്‍ വിതച്ച നാശങ്ങളുടെ കണക്ക് ഇനിയും പൂര്‍ണ്ണമായി എടുത്തുകഴിഞ്ഞിട്ടില്ല. ദൈവത്തിന്റെ സ്വന്തം നാടിനെ ദുരന്തം ഗ്രസിച്ച ആ നാളുകളില്‍ സഹായഹസ്തവും, അകമഴിഞ്ഞ പിന്തുണയുമാണ് കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിച്ചത്. പ്രധാനമന്ത്രി തന്നെ നേരിട്ട് സ്ഥിതിഗതികള്‍ വിശകലനം ചെയ്യാന്‍ ഇവിടെ എത്തിച്ചേര്‍ന്നു. കേരളത്തോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹവും സഹാനുഭൂതിയുമായിരുന്നു അതിന് തൊട്ടടുത്ത ദിവസത്തെ ‘മനസുപറയുന്നതി’ന്റെ വിഷയം. 2018 ഓഗസ്റ്റ് 26ന് ആകാശവാണിയിലൂടെ നടത്തിയ മനസുപറയുന്നതിന്റെ 47ാം ലക്കത്തില്‍ കേരളത്തിലെ പ്രളയത്തിന്റെ ഭീകരത അദ്ദേഹം വിശദീകരിക്കുന്നുണ്ട്.

”കേരളത്തിലുണ്ടായ ഭീകരമായ വെള്ളപ്പൊക്കം ജനജീവിതത്തെ വളരെ ഗുരുതരമായ രീതിയില്‍ ബാധിച്ചിരിക്കുന്നു. ഇന്ന് ഈ വിഷമഘട്ടത്തില്‍ രാജ്യം മുഴുവന്‍ കേരളത്തോടൊപ്പമാണുള്ളത്. സ്വന്തക്കാരെ നഷ്ടപ്പെട്ടവരോട് നമുക്ക് സഹാനുഭൂതിയുണ്ട്. നഷ്ടപ്പെട്ട ജീവിതങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനാവില്ലെങ്കിലും നൂറ്റി ഇരുപത്തിയഞ്ചുകോടി ഭാരതീയരും ഈ ദുഃഖത്തിന്റെ വേളയില്‍ നിങ്ങളുടെ തോളോടു തോള്‍ ചേര്‍ന്നു നില്‍ക്കുന്നുവെന്ന് ദുഃഖിതരായ കുടുംബങ്ങള്‍ക്ക് ഉറപ്പേകാന്‍ ആഗ്രഹിക്കുന്നു. ഈ പ്രകൃതി ദുരന്തത്തില്‍ മുറിവേറ്റവര്‍ എത്രയും വേഗം ആരോഗ്യം വീണ്ടെടുക്കട്ടെ എന്നു ഞാന്‍ പ്രാര്‍ഥിക്കുന്നു. ജനങ്ങളുടെ ഉത്സാഹവും അദമ്യമായ ധൈര്യവും മൂലം കേരളം ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് എനിക്കു തികഞ്ഞ വിശ്വാസമുണ്ട്.” എന്ന സാന്ത്വനത്തോടെയാണ് അദ്ദേഹം കേരളത്തിലെ പ്രളയത്തെക്കുറിച്ച് പറഞ്ഞുതുടങ്ങിയത്. തുടര്‍ന്ന് കേരളത്തെ കവര്‍ന്നെടുത്ത ആ വന്‍ ദുരന്തത്തില്‍ നിന്നും മോചനം നേടുന്നതിന് വേണ്ട എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.

”അപകടങ്ങള്‍ അവശേഷിപ്പിച്ചു പോകുന്ന നാശനഷ്ടങ്ങള്‍ ദൗര്‍ഭാഗ്യപൂര്‍ണ്ണമാണ്. എന്നാല്‍ ആപത്ത് നേരത്ത് മനുഷ്യത്വത്തിന്റെ എത്രയോ ദൃശ്യങ്ങള്‍ നമുക്കു കാണാനാകും. അപകടം ഉണ്ടായത് എവിടെയാണെങ്കിലും, അത് കേരളത്തിലാണെങ്കിലും മറ്റേതെങ്കിലും സംസ്ഥാനത്താണെങ്കിലും ജനജീവിതം വീണ്ടും സാധാരണ നിലയിലേക്കത്തുന്നതിനായി കച്ച് മുതല്‍ കാമരൂപ് വരെയും കാശ്മീര്‍ മുതല്‍ കന്യാകുമാരിവരെയും എല്ലാവരും തങ്ങളുടേതായ നിലയില്‍ എന്തെങ്കിലുമൊക്കെ ചെയ്യുന്നുണ്ട്. എല്ലാ പ്രായത്തിലുമുള്ളവരും എല്ലാ കര്‍മ്മമേഖലയിലുള്ളവരും തങ്ങളുടേതായ പങ്കു വഹിക്കുന്നുണ്ട്. കേരളത്തിലെ ജനങ്ങളുടെ കഷ്ടപ്പാട് ഏറ്റവും ലഘൂകരിക്കാനും, അവരുടെ ദുഃഖം പങ്കുവെക്കാനും എല്ലാവരും തങ്ങളുടെ പങ്ക് ഉറപ്പാക്കുന്നുണ്ട്” എന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി ഇതിനായി നമ്മുടെ സായുധസേനയും ദുരന്ത പ്രതിരോധസേനയും നടത്തുന്ന അക്ഷീണ പ്രവര്‍ത്തനങ്ങളേയും എടുത്തു പറഞ്ഞു.

കേരളത്തിന്റെ സവിശേഷതയായ ഓണത്തേയും പ്രധാനമന്ത്രി ഇതേസമയം അനുസ്മരിച്ചു.”ഇന്നലെ ഓണാഘോഷമായിരുന്നു. ഓണം രാജ്യത്തിന,് വിശേഷിച്ച് കേരളത്തിന് ഈ ആപത്തില്‍ നിന്ന് എത്രയും വേഗം കര കയറാനും കേരളത്തിന്റെ വികസനയാത്രയ്ക്ക് കൂടുതല്‍ ഗതിവേഗമേകാനും ശക്തിയേകട്ടെ എന്ന് നമുക്കു പ്രാര്‍ഥിക്കാം. ഞാന്‍ ഒരിക്കല്‍ക്കൂടി രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും വേണ്ടി കേരളത്തിലെ ജനങ്ങള്‍ക്കും ആപത്തില്‍ പെട്ട മറ്റു പ്രദേശങ്ങളിലെ ജനങ്ങള്‍ക്കും ഈ വിപത്തിന്റെ വേളയില്‍ രാജ്യം മുഴുവന്‍ നിങ്ങളോടൊപ്പമുണ്ട് എന്ന ഉറപ്പേകാന്‍ ആഗ്രഹിക്കുന്നു,” എന്ന ഉണര്‍വും ആത്മവിശ്വാസവും കേരളത്തിന് അദ്ദേഹം പകര്‍ന്നുനല്‍കിയത് ഈ പ്രഭാഷണ പരമ്പരയിലൂടെയായിരുന്നു.

അതുപോലെത്തന്നെ നാടിന്റെ ഓരോ ചെറുസ്പന്ദനം പോലും ഉള്‍പ്പെടുന്നതാണ് മനസ് പറയുന്നത് എന്ന ഈ പരിപാടി. അവിടെ വലിപ്പച്ചെറുപ്പമില്ല. പ്രധാനമന്ത്രി എന്നത് രാജ്യത്തിന്റെ ഏറ്റവും ഉന്നതമായ ഭരണഘടനാ പദവികളിലൊന്നാണെന്നും അതുകൊണ്ട് മറ്റുള്ളവരെല്ലാം അവഗണിക്കപ്പെടേണ്ടവരാണെന്നുമുള്ള വാദം ഇതിലില്ല. അതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് 2015 ഒക്‌ടോബര്‍ 25ന് ആകാശവാണിയിലൂടെ പ്രക്ഷേപണം ചെയ്ത പ്രധാനമന്ത്രിയുടെ മന്‍ കീ ബാത്ത്. അവയവദാനത്തെക്കുറിച്ചായിരുന്നു അതിലെ ഒരുഭാഗം. ആ കാര്യം പറയാന്‍ അദ്ദേഹം സന്നദ്ധനായത് തന്നെ കേരളത്തിലെ സ്‌കൂള്‍ കുട്ടികള്‍ അയച്ച കത്തില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ടായിരുന്നു. ഈ പരിപാടിയുമായി ബന്ധപ്പെട്ട് കേരളത്തിലെ ഒരു പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ശ്രദ്ധാ തമ്പാനെ ആദരിച്ച കണ്ണൂര്‍ ആകാശവാണിയെ അഭിനന്ദിച്ചുകൊണ്ടാണ് പ്രധാനമന്ത്രി തന്റെ മനസ് തുറന്നത്. അത് കേരളത്തിന് ലഭിച്ച അഭിനന്ദമായാണ് കാണേണ്ടത്. മാത്രമല്ല, കണ്ണൂര്‍ ആകാശവാണിയെ ശ്ലാഘിച്ചുകൊണ്ട് ഇത് രാജ്യത്തെ ആകാശവാണി നിലയങ്ങള്‍ മാതൃകയാക്കണമെന്ന നിര്‍ദ്ദേശവും അദ്ദേഹം മുന്നോട്ടുവച്ചു.

”എനിക്ക് കേരളത്തിലെ തന്നെ മറ്റൊരു കാര്യംകൂടി സൂചിപ്പിക്കാനുണ്ട്. കൊച്ചിയിലുള്ള ചിറ്റൂരിലെ സെന്റ് മേരി അപ്പര്‍ പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ എനിക്ക് ഒരു കത്ത് അയയ്ക്കുകയുണ്ടായി. കത്ത് പലവിധത്തിലും വിശേഷതകള്‍ ഉള്ളതായിരുന്നു. അതിലൊന്ന്, ഒരു വലിയ തുണിയില്‍ ഈ കുട്ടികള്‍ തങ്ങളുടെ പെരുവിരലുകളുടെ അടയാളംകൊണ്ട് ഭാരതാംബയുടെ ഒരു ചിത്രം വരച്ചിരുന്നു. ഭാരതാംബയുടെ, ഭാരതത്തിന്റെ ഭൂപടം അവര്‍ എനിക്ക് അയച്ചു തന്നിരുന്നു. ഈ കുട്ടികള്‍ എന്തിന് തങ്ങളുടെ തള്ളവിരലുകളുടെ അടയാളം മാത്രം ഉപയോഗിച്ച് ഇന്ത്യയുടെ ഭൂപടം വരച്ച് എന്നതായിരുന്നു എന്നെ ആദ്യം ചിന്തിപ്പിച്ച കാര്യം. പക്ഷേ, അവരുടെ കത്തു വായിച്ചപ്പോഴാണ് എത്രയോ മഹത്തരമായ പ്രതീകം ഉപയോഗിച്ചുള്ള മഹത്തായ സന്ദേശമാണ് അവര്‍ അയച്ചിരിക്കുന്നത് എന്ന് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ആ പെണ്‍കുട്ടികള്‍ രാജ്യത്തിന്റെ പ്രധാനന്ത്രിയെ മാത്രം ബോധവല്‍ക്കരിക്കുന്നവര്‍ അല്ല, അവര്‍ തങ്ങളുടെ പ്രദേശവാസികളെയും ബോധവാന്മാരാക്കുന്ന കാര്യത്തില്‍ ശ്രദ്ധാലുക്കളാണ്. അവരുടെ ലക്ഷ്യം അവയവദാനമാണ്. അതിനുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുമാണ്. ഈ കുട്ടികള്‍ പല സ്ഥലങ്ങളിലും സഞ്ചരിച്ച് ജനങ്ങളില്‍ അവയവദാനത്തിനുള്ള അവബോധം സൃഷ്ടിക്കുവാന്‍ സഹായകരമായ കലാ-നാടക പ്രവര്‍ത്തനങ്ങളും നടത്തുന്നവരാണ്. അവയവദാനം ലക്ഷ്യവും പ്രവൃത്തിയും ആയിരിക്കണം. ഈ കുഞ്ഞുങ്ങള്‍ എനിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്, മന്‍ കീ ബാത് പരിപാടിയിലൂടെ ഞാന്‍ അവയവദാനത്തിന് ആഹ്വാനം ചെയ്യണമെന്നാണ്,”ഈ നിര്‍ദ്ദേശം അംഗീകരിച്ചുകൊണ്ട് പ്രധാനമന്ത്രി രാജ്യത്തോട് തന്റെ ആഹ്വാനവും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കുകയും ചെയ്തു.

സാക്ഷരതയിലും അറിവിലും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. ഇതിന് സാധ്യമായത് വായനയിലൂടെയാണ്. ഈ വായന നമ്മുടെ സംസ്ഥാനത്ത് എല്ലായിടത്തും എത്തിച്ച വ്യക്തിയാണ് പി എന്‍ പണിക്കര്‍. അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി എല്ലാ വര്‍ഷവും വായനാവാരം ആചരിക്കുന്നുമുണ്ട്. കഴിഞ്ഞ വര്‍ഷം ഈ പരിപാടി ഉദ്ഘാടനം ചെയ്തത് പ്രധാനമന്ത്രിയായിരുന്നു. വായനയുടെ സന്ദേശം രാജ്യമാകെ പരത്താന്‍ കേരളം മുന്‍കൈയെടുത്ത് നടത്തുന്ന ഇത്തരമൊരു പരിപാടിയാണ് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയത്. വായനയുടെ പ്രാധാന്യവും പുസ്തകങ്ങളുടെ മൂല്യവും അതിന് കേരളീയര്‍ നല്‍കുന്ന പ്രാധാന്യവും ചൂണ്ടിക്കാട്ടിക്കൊണ്ട് പ്രധാനമന്ത്രി 2017 ജൂണ്‍ 25ന് നടത്തിയ പ്രഭാഷണം കേരളത്തെ സംബന്ധിച്ച് ഏറെ അഭിമാനം പകരുന്നതാണ്.

അദ്ദേഹത്തിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ ”കഴിഞ്ഞ ദിവസം എനിക്ക് വളരെ പ്രിയപ്പെട്ട ഒരു പരിപാടിക്ക് പോകാന്‍ അവസരമുണ്ടായി. കേരളത്തില്‍ പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ നടത്തുന്ന പരിപാടി വര്‍ഷങ്ങളായുള്ളതാണ്. ആളുകള്‍ക്ക് പുസ്തകം വായിക്കുന്ന ശീലമുണ്ടാകാന്‍, അക്കാര്യത്തില്‍ ഒരു ഉണര്‍വ്വുണ്ടാകാന്‍ വായനാ ദിനം, വായനാ മാസം എന്നിവ ആഘോഷിക്കുന്നു. അതിന്റെ ഈ വര്‍ഷത്തെ ഉദ്ഘാടനത്തിന് പോകാനുള്ള അവസരമുണ്ടായി. അവര്‍ പറഞ്ഞത് അവര്‍ ബൊക്കെയ്ക്കു പകരം പുസ്തകം കൊടുക്കുന്നു എന്നാണ്. വളരെ നന്നായി എന്ന് എനിക്ക് തോന്നി. മറന്നുപോയിരുന്ന കാര്യങ്ങള്‍ ഓര്‍മ്മ വന്നു. ഞാന്‍ ഗുജറാത്തിലായിരുന്നപ്പോള്‍ ബൊക്കെയ്ക്കു പകരം പുസ്തകം, അതല്ലെങ്കില്‍ കൈലേസ് കൊടുക്കുന്ന സമ്പ്രദായം ആരംഭിച്ചിരുന്നതാണ്.”

പ്രധാനമന്ത്രിയുടെ മനസില്‍ ഇടംപിടിക്കാനായി എന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ടതാണ്. കേരളം രാജ്യത്തിന് മുന്നില്‍ വയ്ക്കുന്ന മാതൃകകള്‍ ഉള്‍ക്കൊള്ളുന്നുവെന്നും കേരളീയ ജനതയുടെ ദുഃഖങ്ങളില്‍ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രിയുടെ ഈ വാക്കുകള്‍ വ്യക്തമാക്കുന്നുമുണ്ട്. ഇത് കേരളത്തിന് ഉണര്‍വും ഉന്മേഷവും നല്‍കുന്ന വസ്തുത തന്നെയാണ്.

Comments

comments

Categories: Editorial, Slider