ആതുര സേവന പ്രൊഫഷണലുകളുടെ നിയന്ത്രണ സംവിധാനത്തിനുള്ള ബില്ലിന് അംഗീകാരം

ആതുര സേവന പ്രൊഫഷണലുകളുടെ നിയന്ത്രണ സംവിധാനത്തിനുള്ള ബില്ലിന് അംഗീകാരം

ന്യൂഡെല്‍ഹി: ആരോഗ്യ മേഖലയിലെ ഫിസിയോ തെറാപ്പിസ്റ്റുകള്‍, ന്യൂട്രീഷ്യണിസ്റ്റുകള്‍, ലാബ് ടെക്‌നോളജിസ്റ്റുകള്‍ തുടങ്ങിയ അനുബന്ധ പ്രൊഫഷണലുകളുടെ പ്രവര്‍ത്തനത്തിനും വിദ്യാഭ്യാസത്തിനുമായി മാനദണ്ഡങ്ങളും ചട്ടക്കൂടും നിര്‍ദേശിക്കുന്ന ആരോഗ്യ സുരക്ഷാ അനുബന്ധ പ്രൊഫഷന്‍ ബില്ലിന്(അലെയ്ഡ് ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ പ്രൊഫഷന്‍സ് ബില്‍) കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. അമ്പതിലധികം വരുന്ന ആരോഗ്യ മേഖലയിലെ അനുബന്ധ പ്രൊഫഷണലുകളുടെ പ്രവര്‍ത്തന മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിന് ദേശീയതലത്തിലും സംസ്ഥാനതലത്തിലും കൗണ്‍സിലുകള്‍ രൂപീകരിക്കാന്‍ നിര്‍ദ്ദിഷ്ട ബില്ലില്‍ നിര്‍ദേശിക്കുന്നു. ഇതു പ്രകാരം പുതിയ മാനദണ്ഡങ്ങള്‍ നിലവില്‍ വരുമ്പോള്‍ ഇപ്പോഴുള്ള ചട്ടക്കൂടുകളും മാനദണ്ഡങ്ങളും അസാധുവാകുമെന്നും കേന്ദ്ര സര്‍ക്കാരിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

ദശാബ്ദക്കാലങ്ങളായി ഇന്ത്യന്‍ ആരോഗ്യസുരക്ഷാ സംവിധാനത്തില്‍ ഇത്തരം തൊഴിലുകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും കൃത്യമായ ചട്ടക്കൂടിന്റെ അഭാവം മൂലം മുഖ്യധാര ആതുര സേവന രംഗവുമായി താരതമ്യം ചെയ്യുമ്പോള്‍ ഗുണനിലവാരത്തിലും പരിശോധനകളിലും അപര്യാപ്തതകള്‍ ഉണ്ടായിരുന്നു. ആരോഗ്യസുരക്ഷ അനുബന്ധ മേഖലകളില്‍ 53 പ്രൊഫഷണലുകളെയാണ് ബില്‍ രേഖപ്പെടുത്തിയിരിക്കുന്നുത്. ഇവയില്‍ 15 പ്രധാനപ്പെട്ട പ്രൊഫഷണല്‍ വിഭാഗങ്ങളാണുള്ളത്. ഈ പ്രൊഫഷനുകളില്‍ എന്തെങ്കിലും തരത്തിലുള്ള ക്രമക്കേടുകള്‍ നടന്നാല്‍ നടപടികള്‍ സ്വീകരിക്കാമെന്നും പിഴ ചുമത്താമെന്നും ബില്ലില്‍ നിര്‍ദേശിക്കുന്നുണ്ട്. നിര്‍ദിഷ്ട നിയമം രാജ്യത്ത് നിലവിലുള്ള 8-9 ലക്ഷം ഹെല്‍ത്ത്‌കെയര്‍ പ്രൊഫഷണലുകള്‍ക്കും ഈ മേഖലയിലെ മറ്റ് ബിരുദധാരികളായ പ്രൊഫഷണലുകള്‍ക്കും ഗുണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

നിയമനിര്‍മാണം നടപ്പാക്കുന്നത് ആവശ്യമായി വരുന്ന തുക ആദ്യ നാല് വര്‍ഷത്തേക്ക് 95 കോടി രൂപയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനങ്ങള്‍ക്ക് 75 കോടി രൂപയാണ് വേണ്ടി വരിക. ബാക്കിയുള്ള തുക കേന്ദ്ര കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രധാനമായും വിനിയോഗിക്കുക.

ആരോഗ്യ സുരക്ഷാ അനുബന്ധ മേഖലകളില്‍ പ്രൊഫഷണലിസം ഉറപ്പാക്കുന്നതിലൂടെ യോഗ്യതയും നൈപുണ്യവും ആവശ്യമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍സാധിക്കും. ലോകാരോഗ്യ സംഘടനയുടെ ആഗോള കര്‍മ്മ സമിതി റിപ്പോര്‍ട്ട് 2030 പ്രകാരം ഏകദേശം 15 മില്യണ്‍ ആരോഗ്യ സുരക്ഷാ പ്രൊഫഷണലുകളുടെ ആവശ്യകത അടുത്ത 12 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഉണ്ടാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.

ബില്‍ പാസായി ആറ് മാസത്തിനുള്ളില്‍ ഒരു ഇടക്കാല കൗണ്‍സില്‍ രൂപീകരിക്കും. കേന്ദ്ര കൗണ്‍സില്‍ രൂപീകരിക്കുന്നതു വരെയുള്ള രണ്ട് വര്‍ഷത്തെ കാലാവധിയിലായിരിക്കും ഇടക്കാല കൗണ്‍സിലിന്റെ പ്രവര്‍ത്തനം. വിവിധ സ്രോതസ്സുകളില്‍ നിന്നും ഫണ്ടുകള്‍ ശേഖരിക്കുന്നതിനും അനുബന്ധ സേവനങ്ങളെയും ആരോഗ്യ സംവിധാനങ്ങളെയും ഏകോപിപ്പിക്കുന്നതിനുമുള്ള സംവിധാനമായിട്ടായിരിക്കും കൗണ്‍സിലുകള്‍ രൂപീകരിക്കുക. 15 പ്രൊഫഷണല്‍ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന 33 പേര്‍ ഉള്‍പ്പടെ 47 അംഗങ്ങളാണ് കേന്ദ്ര കൗണ്‍സിലില്‍ ഉള്‍പ്പെടുക. ഓരോ സംസ്ഥാനങ്ങളിലെയും കൗണ്‍സിലുകളില്‍ 28 അംഗങ്ങള്‍ വീതം ഉണ്ടാകും.

Comments

comments

Categories: Business & Economy
Tags: health care