ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ മൊത്തം പ്രീമിയം വരുമാനത്തില്‍ 12% വളര്‍ച്ച

ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ മൊത്തം പ്രീമിയം വരുമാനത്തില്‍ 12% വളര്‍ച്ച

ന്യൂഡല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ഒക്‌റ്റോബര്‍ വരെയുള്ള കാലയളവിലെ പ്രീമിയം വരുമാനത്തില്‍ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ രേഖപ്പെടുത്തിയത് 12.4 ശതമാനത്തിന്റെ വളര്‍ച്ച. 96,204.76 കോടി രൂപയാണ് ഇക്കാലയളവില്‍ കമ്പനികളുടെ മൊത്തം പ്രീമിയം വരുമാനം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 85,589.90 കോടി രൂപയായിരുന്നു.

നാല് പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളില്‍ ഓറിയന്റല്‍ ഇന്‍ഷുറന്‍സാണ് ഏറ്റവും ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തിയത്. ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള ഏഴു മാസക്കാലത്തില്‍ 14.74 ശതമാനം വളര്‍ച്ചയാണ് ഓറിയന്റല്‍ ഇന്‍ഷുറന്‍സ് രേഖപ്പെടുത്തിയത്. ന്യൂഇന്ത്യ അഷുറന്‍സ് കമ്പനി 8.22 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. എന്നാല്‍ മറ്റ് രണ്ട് പൊതുമേഖലാ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളായ യുണൈറ്റഡ് ഇന്ത്യ അഷുറന്‍സും നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയും ഇടിവാണ് നേരിട്ടതെന്ന് ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സില്‍ പുറത്തു വിട്ട കണക്കുകള്‍ വെളിപ്പെടുത്തുന്നു.

ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ വിഭാഗത്തില്‍ ന്യൂ ഇന്ത്യ അഷുറന്‍സ് ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു. 14.57 ശതമാനമാണ് വിപണി പങ്കാളിത്തം. നാല് പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കുമായി 40.37 ശതമാനം വിപണി പങ്കാളിത്തമുണ്ട്. സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളായ ഭാരതി ആക്‌സാ ജനറല്‍ ഇന്‍ഷുറന്‍സ്, എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ്, ടാറ്റ ഇന്‍ഷുറന്‍സ് എന്നിവ ഇരട്ട അക്ക വളര്‍ച്ച നേടി. ഐസിഐസിഐ ലംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ് 8.9 ശതമാനത്തിന്റെ വിപണി പങ്കാളിത്തവും 8,559.15 കോടിയുടെ മൊത്ത പ്രീമിയവും നേടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 7,581.41 കോടിയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 12.9 ശതമാനം വളര്‍ച്ചയാണ് നേടിയത്.

ആരോഗ്യം, അപകടം, വാഹന ഇന്‍ഷുറന്‍സ് എന്നിവയില്‍ നിന്നാണ് കാര്യമായ വളര്‍ച്ച ഉണ്ടായിട്ടുള്ളത്. ഈ മൂന്നു വിഭാഗങ്ങളാണ് ജനറല്‍ ഇന്‍ഷുറന്‍സ് മേഖലയിലെ 63 ശതമാനവും കൈയാളുന്നത്. ഏവിയേഷന്‍ പോളിസി, സ്വകാര്യ അപകട പോളിസികള്‍ എന്നിവ ഈ വര്‍ഷം 20 ശതമാനം വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ ബിസിനസ്, അഗ്‌നിബാധ നഷ്ടപരിഹാര ഇന്‍ഷുറന്‍സുകളില്‍ പോളിസികള്‍ കുറഞ്ഞു.
സ്വകാര്യ ഇന്‍ഷുറന്‍സുകളായ ആദിത്യ ബിര്‍ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് 88 ശതമാനവും സിഗ്ന ടിടികെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് 84.54 ശതമാനവും വളര്‍ച്ച നേടി. എന്നാല്‍ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളായ അഗ്രിക്കള്‍ച്ചര്‍ ഇന്‍ഷുറന്‍സ് കമ്പനി ഓഫ് ഇന്ത്യ, എക്‌സ്‌പോര്‍ട്ട് ക്രെഡിറ്റ് ഗ്യാരന്റീഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എന്നിവ 0.37 ശതമാനം വളര്‍ച്ച മാത്രമാണ് നേടിയതെന്ന് ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സിലിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

 

Comments

comments

Categories: Business & Economy