ചെന്നൈ-മൈസൂരു ബുള്ളറ്റ് ട്രെയ്ന്‍ പദ്ധതി റെയ്ല്‍വേ ബോര്‍ഡിന്റെ പരിഗണനയില്‍

ചെന്നൈ-മൈസൂരു ബുള്ളറ്റ് ട്രെയ്ന്‍ പദ്ധതി റെയ്ല്‍വേ ബോര്‍ഡിന്റെ പരിഗണനയില്‍

ന്യൂഡെല്‍ഹി: ചെന്നൈയില്‍ നിന്നും മൈസൂരുവിലേക്ക് യാത്ര ചെയ്യാന്‍ ആവശ്യമായ സമയം നിലവില്‍ ഏഴ് മണിക്കൂറാണ്. സമീപ ഭാവിയില്‍ ഇത് വെറും രണ്ട് മണിക്കൂര്‍ 25 മിനുറ്റായി ചുരുങ്ങുമെന്ന പ്രതീക്ഷയാണ് ഇപ്പോഴുയരുന്നത്. ജപ്പാന്റെ പിന്തുണയോടെ മുംബൈ-അലഹബാദ് ഹൈസ്പീഡ് ബുള്ളറ്റ് ട്രെയ്ന്‍ പദ്ധതി നടപ്പിലാക്കാന്‍ പോകുന്നതിനു പിന്നാലെയാണ് രാജ്യത്ത് രണ്ടാമത്തെ ബുള്ളറ്റ് ട്രെയ്ന്‍ ഇടനാഴി പദ്ധതി ആസൂത്രണം ചെയ്യുന്നത്. ജര്‍മനിയാണ് ചെന്നൈ-മൈസൂരു ബുള്ളറ്റ് ട്രെയ്ന്‍ പദ്ധതിക്കായി സാധ്യതാ പഠനം നടത്തി റിപ്പോര്‍ട്ട് ഇന്ത്യന്‍ റെയ്ല്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചിട്ടുള്ളത്.

ചെന്നൈ-ആരക്കോണം-ബെംഗളൂരു- മൈസൂരു റൂട്ട് സംബന്ധിച്ച സാധ്യതാ പഠനമാണ് ജര്‍മന്‍ സര്‍ക്കാര്‍ നടത്തിയത്. ഈ റിപ്പോര്‍ട്ടിന് റെയ്ല്‍വേ വകുപ്പിന്റെ അംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍ 2030ഓടുകൂടി പദ്ധതി യാഥാര്‍ത്ഥ്യമാകും. 435 കിലോമീറ്റര്‍ ദൂരത്തിലുള്ള പദ്ധതിയുടെ പഠന റിപ്പോര്‍ട്ട് റെയ്ല്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വിനി ലൊഹാനിക്ക് ജര്‍മന്‍ അംബാസഡര്‍ മാര്‍ട്ടിന്‍ നെയാണ് സമര്‍പ്പിച്ചത്. മണിക്കൂറില്‍ 320 കിലോമീറ്റര്‍ പരമാവധി വേഗതയില്‍ പായുന്ന ബുള്ളറ്റ് ട്രെയ്ന്‍ മൂന്ന് മണിക്കൂറിനുള്ളില്‍ 435 കിലോമീറ്റര്‍ ദൂരം താണ്ടുമെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്.

ചെന്നൈ-ആരക്കോണം-ബെംഗളൂരു-മൈസൂരു റൂട്ടിന്റെ 85 ശതമാനവും ഉയരത്തിലായിരിക്കും. ഈ റൂട്ടില്‍ 11 ശതമാനം തുരങ്കങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. ജര്‍മന്‍ റിപ്പോര്‍ട്ട് പ്രകാരം ചെന്നൈയ്ക്കും ബംഗളൂരുവിനുമിടയിലെ യാത്രാസമയം 100 മിനുറ്റായും ബെംഗളൂരുവിനും മൈസൂരുവിനും ഇടയിലെ യാത്രാസമയം 40 മിനുറ്റായും കുറയും. ചെലവു കുറയ്ക്കുന്നതിനും , ഭൂമി ഏറ്റെടുക്കല്‍ പ്രശ്‌നങ്ങള്‍ കുറയ്ക്കുന്നതിനുമായി ഹൈസ്പീഡ് ബുള്ളറ്റ് ട്രെയ്‌നുകള്‍ക്കായി പ്രത്യേക ഇടനാഴി നിര്‍മിക്കുന്നതിനു പകരം നിലവിലുള്ള പരമ്പരാഗത റെയ്ല്‍ പാതകളുമായി ഹൈ സ്പീഡ് റെയ്ല്‍ ലൈനുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനുള്ള സാധ്യതയും പഠന റിപ്പോര്‍ട്ട് മുന്നോട്ടുവെച്ചു. എന്നാല്‍ റെയ്ല്‍വേ ബോര്‍ഡ് ഈ പദ്ധതി തള്ളിക്കളഞ്ഞു. ഇന്ത്യയിലെ നിലവിലുള്ള റെയ്ല്‍ നെറ്റ്‌വര്‍ക്ക് ഇതിന് പര്യാപ്തമല്ലെന്നും ഇത് വളരെ സങ്കീര്‍ണമായിരിക്കുമെന്നും റെയ്ല്‍വെ ബോര്‍ഡ് വിലയിരുത്തി. പ്രത്യേക ഇടനാഴികള്‍ നിര്‍മിക്കുന്നതിനുള്ള പഠനവും നടത്തിയിട്ടുണ്ട്. ഈ മാതൃകയുമായി മുന്നോട്ടുപോകാനാണ് റെയ്ല്‍വേ ബോര്‍ഡിന്റെ നീക്കം.

പഠന റിപ്പോര്‍ട്ടിനായുള്ള ചെലവ് ജര്‍മന്‍ സര്‍ക്കാരാണ് വഹിച്ചത് ഒരു ലക്ഷം കോടി രൂപയാണ് പദ്ധതിക്കായി ചെലവാകുമെന്ന് പ്രതീക്ഷിക്കുന്നതെന്നും കൂടാതെ 150 കോടി രൂപ കൂടുതലായി ഇരുമ്പ് പാത നിര്‍മിക്കാനായി ആവശ്യമായി വരുമെന്നും മാര്‍ട്ടിന്‍ നെയ് പറഞ്ഞു. ഇപ്പോള്‍ ബുള്ളറ്റ് ട്രെയ്‌നിനായുള്ള നിര്‍ദേശം അവലോകനം ചെയ്തുകൊണ്ടിരിക്കുകയാണെന്നാണ് അശ്വിനി ലോഹിനി വ്യക്തമാക്കിയിട്ടുള്ളത്.

യാത്രാസമയം ഗണ്യമായി കുറയുമെന്നതിനാല്‍ വിമാനയാത്രികരെയും റെയ്ല്‍വെ വകുപ്പിന് ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹൈസ്പീഡ് ബുള്ളറ്റ് ട്രെയ്ന്‍ പാത യാഥാര്‍ത്ഥ്യമായാല്‍ വിമാനങ്ങളെക്കാള്‍ വേഗതയില്‍ ട്രെയ്‌നുകളില്‍ സഞ്ചരിക്കാന്‍ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ടിക്കറ്റ് നിരക്ക് വിമാന ടിക്കറ്റ് നിരക്കിനു സമാനമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടിനെ പരമാര്‍ശിച്ചുകൊണ്ട് റെയ്ല്‍വേ വൃത്തങ്ങള്‍ അറിയിക്കുന്നത്. ഡെല്‍ഹി-മുംബൈ, ഡെല്‍ഹി-കൊല്‍ക്കത്ത, ഡെല്‍ഹി-നാഗ്പൂര്‍, മുംബൈ-ചെന്നൈ, മുംബൈ-നാഗ്പൂര്‍ എന്നീ അതിവേഗ പാതകള്‍ക്കുള്ള സാധ്യതാ പഠനങ്ങളും നടത്തിവരുന്നുണ്ട്.

Comments

comments

Categories: Current Affairs, Slider