27,000 കോടി രൂപ നിക്ഷേപത്തിനൊരുങ്ങി വോഡഫോണ്‍ ഐഡിയ

27,000 കോടി രൂപ നിക്ഷേപത്തിനൊരുങ്ങി വോഡഫോണ്‍ ഐഡിയ

ന്യൂഡെല്‍ഹി: ഉപഭോക്തൃ അടിത്തറയുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ വോഡഫോണ്‍ ഐഡിയ 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 27,000 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ പദ്ധതിയിടുന്നു. രണ്ട് ടെലികോം കമ്പനികള്‍ ലയിച്ചതിനു ശേഷമുള്ള പ്രവര്‍ത്തന ചെലവിടലില്‍ ലാഭിക്കാനാകുമെന്നു കരുതുന്ന 14,000 കോടി രൂപ ഈ നിക്ഷേപ പദ്ധതിക്കായി വിനിയോഗിക്കാനാണ് ആലോചിക്കുന്നത്. വോഡഫോണിന്റെയും ഐഡിയ സെല്ലുലാറിന്റെയും ബിസിനസുകളുടെ പൂര്‍ണമായ ഏകീകരണം പൂര്‍ത്തിയാക്കാനുള്ള കാലാവധി മുമ്പ് നിശ്ചച്ചിരുന്ന 2023 സാമ്പത്തികവര്‍ഷത്തില്‍ നിന്നും 2021 ആക്കി പുതുക്കിയിട്ടുണ്ട്.

2019-20 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെടെ മൂലധന ചെലവിടല്‍ 270 ബില്യണ്‍ രൂപയായിരിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. വിവിധ ഉപകരണങ്ങളുടെ പുനഃക്രമീകരണം, സ്‌പെക്ട്രം സംയോജനം, അനാവശ്യ ചെലവുകള്‍ ഒഴിവാക്കല്‍, കാര്യക്ഷമത വര്‍ധിപ്പിക്കല്‍ എന്നിവ മൂലധന ചെലവിടല്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് കരുതുന്നതെന്ന് കമ്പനിയുടെ രേഖയില്‍ വ്യക്തമാക്കുന്നു.

ഏകീകരണം പൂര്‍ത്തിയാക്കുന്നത് നേരത്തെയാക്കുന്നതിലൂടെ പണമൊഴുക്ക് മെച്ചപ്പെടുത്തുമെന്നും 8,400 കോടി രൂപ മിച്ചം പിടിക്കാനാകുമെന്നും കമ്പനി കരുതുന്നു. കൂടാതെ വോഡഫോണിന്റെയും ഐഡിയയുടെയും അനുബന്ധ ഉപകരണങ്ങളുടെ പുനര്‍വിന്യാസത്തിലൂടെ 6,200 കോടി രൂപ ലാഭമുണ്ടാക്കാനാകും.
ഇന്‍ഡസ് ടവേഴ്‌സിലെ തങ്ങളുടെ 11.15 ശതമാനം ഓഹരികള്‍ വിറ്റഴിക്കാനും ആസ്തികള്‍ വിറ്റഴിച്ച് മൂലധനം സമാഹരിക്കാനും കമ്പനി ആലോചിക്കുന്നുണ്ട്. ഇന്‍ഡസ് ടവേഴ്‌സിലെ 11.15 ശതമാനം ഓഹരികള്‍ വിറ്റഴിക്കുന്നതിലൂടെ 5,000 കോടി രൂപ സമാഹരിക്കാന്‍ കഴിയുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്, ഇത് ഉപയോഗിച്ച് കടബാധ്യത കുറയ്ക്കാമെന്നും കമ്പനി കരുതുന്നു.

സെപ്റ്റംബര്‍ 30 ന് അവസാനിച്ച പാദത്തില്‍ വോഡഫോണ്‍ ഐഡിയയുടെ മൊത്തം കടബാധ്യത 1,26,100 കോടി രൂപയായിരുന്നു. ഇതില്‍ 79 ശതമാനം സ്‌പെക്ട്രെം പേമെന്റില്‍ കുടിശ്ശിക വരുത്തിയതില്‍ നിന്നാണ്.
അതേസമയം 4,974 കോടി രൂപയുടെ സംയോജിത അറ്റ നഷ്ടമാണ് ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ വോഡഫോണ്‍ ഐഡിയ രേഖപ്പെടുത്തിയത്. വിപണിയിലെ താരിഫ് യുദ്ധം കാരണം ടെലികോം കമ്പനികള്‍ നേരിടുന്ന സാമ്പത്തിക സമ്മര്‍ദം ഒരിക്കല്‍ കൂടി അടിവരയിടുന്നതാണ് വോഡഫോണ്‍ ഐഡിയയുടെ രണ്ടാം പാദഫലം.

ഓഗസ്റ്റ് 31നാണ് വോഡഫോണും ഐഡിയയും ലയിച്ച് ഒറ്റ കമ്പനിയായത്. റിലയന്‍സ് ജിയോയുടെ കടന്നുവരവും തുടര്‍ന്ന് ഇന്ത്യന്‍ ടെലികോം വിപണിയിലുണ്ടായ സംഭവവികാസങ്ങളുമാണ് വോഡഫോണ്‍ ഐഡിയയുടെ രൂപീകരണത്തിലേക്ക് നയിച്ചത്.

Comments

comments

Categories: Business & Economy, Slider