പ്രാദേശിക കാര്‍ഗോ വിമാനങ്ങള്‍ക്ക് വയബിലിറ്റി ഫണ്ടിംഗ് ലഭ്യമാക്കും

പ്രാദേശിക കാര്‍ഗോ വിമാനങ്ങള്‍ക്ക് വയബിലിറ്റി ഫണ്ടിംഗ് ലഭ്യമാക്കും

ന്യൂഡെല്‍ഹി: ഉള്‍നാടുകളെ പ്രധാന നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന കാര്‍ഗോ വിമാനങ്ങള്‍ക്കായി വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ്(വിജിഎഫ്) പദ്ധതി ഇന്ത്യ ഉടന്‍ പ്രഖ്യാപിച്ചേക്കും. കേന്ദ്ര സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ വഴി നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന യാത്രാവിമാന പദ്ധതിയുടെ തുടര്‍ച്ചയായാണ് പുതിയ പദ്ധതിയും അവതരിപ്പിക്കുന്നത്.

ആഭ്യന്തര യാത്രാ വിമാനങ്ങള്‍ക്ക് നല്‍കുന്നതിനു സമാനമായ രീതിയില്‍ ആഭ്യന്തര കാര്‍ഗോ വിമാനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും വിജിഎഫ് ലഭ്യമാക്കുന്നതിനാണ് ശ്രമിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഉഡാന്‍ പദ്ധതിയുമായി ഇതിനെ ബന്ധിപ്പിക്കാനുള്ള സാധ്യതകളും തേടുന്നുണ്ടെന്ന് വ്യോമയാന മന്ത്രാലയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു. പുതിയ ലോജിസ്റ്റിക്‌സ്, കാര്‍ഗോ നയത്തിനു കീഴില്‍ രൂപപ്പെടുത്തുന്ന പദ്ധതിയില്‍ അന്തിമ തീരുമാനമുണ്ടാക്കുന്നതിനായി വിശകലനങ്ങള്‍ നടത്തിവരികയാണെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

നിലവിലുള്ള ഉഡാന്‍ പദ്ധതിക്ക് കീഴില്‍ ആഭ്യന്തര കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനായി, മറ്റ് വ്യോമയാന സര്‍വീസുകള്‍ ലഭ്യമല്ലാത്തതോ പരിമിതമായതോ ആയ ഡെസ്റ്റിനേഷനുകളിലേക്കുള്ള നിരക്ക് സര്‍ക്കാര്‍ മണിക്കൂറിന് 2,500 രൂപ എന്ന നിലയില്‍ നിജപ്പെടുത്തിയിട്ടുണ്ട്. വിമാനക്കമ്പനികള്‍ക്ക് സബ്‌സിഡികളും നല്‍കുന്നുണ്ട്. ഇന്ത്യന്‍ വ്യോമയാന വിപണി യാത്രക്കാരുടെ എണ്ണത്തില്‍ മാത്രമല്ല, കാര്‍ഗോ വിഭാഗത്തിലും ഇരട്ടയക്ക വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ടെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ(എഎഐ) ചൂണ്ടിക്കാണിക്കുന്നു. ഒരു കാര്‍ഗോ ഉപവിഭാഗം ആരംഭിക്കാന്‍ പദ്ധതിയിടുന്നതായും എഎഐ ആലോചിക്കുന്നുണ്ട്.

എഎഐയുടെ കണക്കുകള്‍ പ്രകാരം 2017-18 സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യന്‍ വിമാനത്താവളങ്ങള്‍ വഴിയുള്ള ചരക്കുനീക്കം 12.7 ശതമാനം വര്‍ധിച്ചു. അന്താരാഷ്ട്ര കാര്‍ഗോ വിഭാഗം 15.6 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍, ആഭ്യന്തര കാര്‍ഗോ 8 ശതമാനം വര്‍ധിച്ചു. സ്‌പൈസ്‌ജെറ്റ് ചരക്ക്‌നീക്കത്തിന് പ്രത്യേക വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയതും ഇന്‍ഡിഗോ പെട്ടെന്ന് കേടുവരുന്ന സാധനങ്ങളുടെ ചരക്ക്‌നീക്കത്തിന് തീരുമാനിച്ചതും ആഭ്യന്തര കാര്‍ഗോ വിഭാഗത്തില്‍ കുതിപ്പിനിടയാക്കിയതെന്നാണ് വിലയിരുത്തല്‍.

Comments

comments

Categories: Business & Economy, Slider