പിഎസ്എ-ആവ്‌ടെക് പവര്‍ട്രെയ്ന്‍ പ്ലാന്റ് തുറന്നു

പിഎസ്എ-ആവ്‌ടെക് പവര്‍ട്രെയ്ന്‍ പ്ലാന്റ് തുറന്നു

ഹൊസൂര്‍ : ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ പിഎസ്എ ഗ്രൂപ്പും സികെ ബിര്‍ള ഗ്രൂപ്പിനുകീഴിലെ ആവ്‌ടെക് ലിമിറ്റഡും ചേര്‍ന്ന് തമിഴ്‌നാട്ടിലെ ഹൊസൂരില്‍ നിര്‍മ്മിച്ച പവര്‍ട്രെയ്ന്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പ് പിഎസ്എ മാനേജിംഗ് ബോര്‍ഡ് ചെയര്‍മാന്‍ കാര്‍ലോസ് ടാവരേസ്, സികെ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ സികെ ബിര്‍ള എന്നിവര്‍ പങ്കെടുത്തു. ആഗോള, ആഭ്യന്തര വിപണികളിലേക്കായി ഈ പ്ലാന്റില്‍ പവര്‍ട്രെയ്‌നുകള്‍ നിര്‍മ്മിക്കും.

2017 ലാണ് 50:50 അനുപാതത്തില്‍ ‘പിഎസ്എ ആവ്‌ടെക് പവര്‍ട്രെയ്ന്‍’ എന്ന സംയുക്ത സംരംഭം ആരംഭിക്കുന്നത്. ഈ സംയുക്ത സംരംഭത്തിന് കീഴിലാണ് പുതിയ ഗ്രീന്‍ഫീല്‍ഡ് പ്ലാന്റ് സ്ഥാപിച്ചത്. തുടക്കത്തില്‍ ഇവിടെ വര്‍ഷംതോറും മൂന്ന് ലക്ഷം ട്രാന്‍സ്മിഷന്‍ യൂണിറ്റുകളും രണ്ട് ലക്ഷം ബിഎസ് 6 എന്‍ജിനുകളും ഉല്‍പ്പാദിപ്പിക്കും. രണ്ട് വര്‍ഷത്തില്‍ താഴെ സമയമെടുത്താണ് പ്ലാന്റ് നിര്‍മ്മാണം അതിവേഗം പൂര്‍ത്തീകരിച്ചത്. ഇന്ത്യയിലെ ആവശ്യങ്ങള്‍ക്കും പിഎസ്എ ഗ്രൂപ്പിന് വിതരണം ചെയ്യുന്നതിനുമായി ഗിയര്‍ബോക്‌സുകള്‍ നിര്‍മ്മിക്കും.

മാനുഫാക്ച്ചറിംഗ് പ്ലാന്റിനായി 600 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്. എണ്ണൂറോളം പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കും. ചെലവുകള്‍ കുറയ്ക്കുന്നതിന് ലോക്കലൈസേഷന്‍ നടപ്പാക്കും. ഇന്ത്യയില്‍ ഇന്ത്യന്‍ ആയിരിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് പിഎസ്എ ഗ്രൂപ്പ് ചെയര്‍മാന്‍ കാര്‍ലോസ് ടാവരേസ് പ്രസ്താവിച്ചു. വിപണിയുടെ വരുംകാല ആവശ്യങ്ങള്‍ പുതിയ പ്ലാന്റ് നിറവേറ്റിക്കൊടുക്കുമെന്ന് സികെ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ സികെ ബിര്‍ള പറഞ്ഞു.

Comments

comments

Categories: Auto
Tags: AVTEC, PSA