വരുമാനത്തില്‍ ഇടിവ് നേരിട്ട് പതഞ്ജലി

വരുമാനത്തില്‍ ഇടിവ് നേരിട്ട് പതഞ്ജലി

ന്യൂഡെല്‍ഹി: ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ഗ്രൂപ്പിന് ഇന്ത്യന്‍ വിപണിയില്‍ തിരിച്ചടി. വിപണിയിലെ ഏറ്റവും വലിയ എഫ്എംസിജി കമ്പനിയാകാനുള്ള പതഞ്ജലി ആയുര്‍വേദയുടെ ശ്രമത്തിന് ജിഎസ്ടിയിലേക്കുള്ള മാറ്റം സൃഷ്ടിച്ച അനിശ്ചിതാവസ്ഥയും ദുര്‍ബലമായ വിതരണ ശൃംഖലയുമാണ് വിലങ്ങുതടിയായത്. അഞ്ച് വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് പതഞ്ജലി വരുമാനത്തില്‍ ഇടിവ് രേഖപ്പെടുത്തുന്നത്.

കെയര്‍ റേറ്റിംഗ്‌സിന്റെ കണക്കുകള്‍ അനുസരിച്ച് മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം 10 ശതമാനം ഇടിഞ്ഞ് 8,148 കോടി രൂപയായി. നികുതി സംവിധാനത്തില്‍ വന്ന മാറ്റങ്ങളുമായി യോജിച്ചുപോകുന്നതിന് പതഞ്ജലി ഗ്രൂപ്പിന് കഴിഞ്ഞില്ലെന്നും ജിഎസ്ടി മനസ്സിലാക്കുന്നതില്‍ കമ്പനിക്ക് പാൡച്ചയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വളര്‍ച്ചയ്ക്ക് ആവശ്യമായ തരത്തില്‍ വിതരണ ശൃംഖലയും അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുന്നതിനും കമ്പനിക്ക് സാധിച്ചില്ലെന്നാണ് വിലയിരുത്തല്‍.

അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ 20,000 കോടി രൂപയുടെ വിറ്റുവരവാണ് ബാബാ രാംദേവ് ലക്ഷ്യമിട്ടിരുന്നത്. 2016 ല്‍ 10,000 കോടി രൂപയായിരുന്നു കമ്പനിയുടെ വരുമാനം. 2012ല്‍ ഇത് 500 കോടി രൂപയായിരുന്നു. വിതരണശൃംഖലയില്‍ ഉണ്ടായ വീഴ്ച രാംദേവിന്റെ സ്വപ്‌നത്തിന് തിരിച്ചടി നല്‍കി. 20,000 കോടി രൂപ എന്ന രാംദേവിന്റെ ടാര്‍ഗറ്റ് കമ്പനിയുടെ വിതരണ ശൃംഖലയെ ക്ഷയിപ്പിച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സെയില്‍സ് ടാര്‍ഗറ്റ് വന്‍തോതില്‍ വര്‍ധിപ്പിച്ചത് വിതരണ ശൃംഖലയില്‍ സമ്മര്‍ദം ചെലുത്തുന്നതിനും വില്‍പ്പന നഷ്ടത്തിനും ഇടയാക്കുകയാണ്.

തന്ത്രപരമായ രീതിയില്‍ വളരെ ആസൂത്രണം ചെയ്ത് നടത്തിയ വിതരണമായിരുന്നു മിന്നല്‍വേഗത്തില്‍ പതഞ്ജലി ഗ്രൂപ്പിനെ വളര്‍ച്ചയിലേക്ക് നയിച്ച പ്രധാന ഘടകം. പതഞ്ജലിയുടെ കുറഞ്ഞ ചെലവിലുള്ള വിതരണ സംവിധാനം എതിരാളികളായ എഫ്എഫ്എംസിജി കമ്പനികള്‍ക്കും വെല്ലുവിളിയായിരുന്നു. ഉല്‍പ്പന്നങ്ങള്‍ സ്വീകാര്യമാക്കുന്നതിലും കാര്യക്ഷമമായ വിതരണ സംവിധാനം സഹായകമായി. എന്നാല്‍ ആ അടിത്തറ ഇപ്പോള്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ്. എല്ലാ വര്‍ഷവും വില്‍പ്പന ലക്ഷ്യം ഇരട്ടിയാക്കുകയും ഇന്ത്യന്‍ ഉപഭോക്താവിന് മേല്‍ ആധിപത്യം സ്ഥാപിക്കുന്നതിന് അമിതോത്സാഹം കാണിക്കുകയും ചെയ്തു.

അതേസമയം, പതഞ്ജലിയുടെ എതിരാളികളായ മറ്റ് എഫ്എംസിജി കമ്പനികള്‍ തങ്ങളുടെ നഷ്ടപ്പെട്ട വിപണിവിഹിതം തിരിച്ചുപിടിക്കാന്‍ വ്യാപകതമായി ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. ഇതും പതഞ്ജലിക്ക് തിരിച്ചടി സൃഷ്ടിക്കുന്നുണ്ട്.

Comments

comments

Categories: Business & Economy
Tags: Patanjali