കൃഷി ചതിക്കില്ലെന്ന് തെളിയിച്ച ഓര്‍ഗാനിക് മന്‍ധ്യ

കൃഷി ചതിക്കില്ലെന്ന് തെളിയിച്ച ഓര്‍ഗാനിക് മന്‍ധ്യ

കര്‍ണാടക, കര്‍ഷക ആത്മഹത്യകള്‍ക്ക് പേരുകേട്ട ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒന്ന്. ജനസംഖ്യയുടെ 36% ആളുകള്‍ ഉപജീവനത്തിനായി കൃഷിയെ ആശ്രയിക്കുന്ന ഈ സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യകള്‍ ചെറുക്കുന്നതില്‍ മാറി മാറി വന്ന സര്‍ക്കാരുകള്‍ക്ക് പൂര്‍ണമായും വിജയിക്കാനായില്ല. എന്നാല്‍ കര്‍ണാടകയിലെ മന്‍ധ്യ ജില്ല ഇന്ന് കര്‍ഷക ആത്മഹത്യകളില്‍ നിന്നും മുക്തമാണ്. ഇവിടെയുള്ള സിംഹഭാഗവും ജനങ്ങളും കൃഷിയിലൂടെ ഉപജീവമാര്‍ഗം കണ്ടെത്തുന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളിലുണ്ടായ ഇത്തരമൊരു മാറ്റത്തിന് നേതൃത്വം നല്‍കിയതാകട്ടെ അമേരിക്കയില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ആയിരുന്ന മധുചന്ദ്രന്‍ ചിക്കദെവ്യയും. ഓര്‍ഗാനിക് മന്‍ധ്യ എന്ന തന്റെ ആശയത്തിലൂടെ തന്‍ ജനിച്ചു വളര്‍ന്ന മന്‍ധ്യയെയും അവിടുത്തെ കൃഷിക്കാരായ ജനങ്ങളെയും വികസന പാതയിലേക്ക് എത്തിക്കുകയായിരുന്നു മധുചന്ദ്രന്‍. ഇന്ന് ഓര്‍ഗാനിക് മന്‍ധ്യ എന്ന ബ്രാന്‍ഡ് ഇന്ത്യയിലുടനീളം ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ അതിന് പിന്നില്‍ മധുചന്ദ്രന്റെ പ്രതിഫലേച്ഛ കൂടാത്ത അധ്വാനവും സുമനസ്സും നമുക്ക് കാണാം

മന്‍ധ്യഎന്നാ കര്‍ണാടകയിലെ കര്‍ഷക കേന്ദ്രീകൃതമായ ജില്ല ഇന്ന് സമൃദ്ധിയുടെ പാതയിലാണ്. രാസവളപ്രയോഗം ഒന്നും കൂടാതെ ഇവിടെ കൃഷി ചെയ്യുന്ന പച്ചക്കറികള്‍ക്കും ഫലവര്‍ഗങ്ങള്‍ക്കും ഇന്ന് മന്‍ധ്യക്ക് അകത്തും പുറത്തുമായി മികച്ച വിപണിയാണുള്ളത്. 2015 മുതലാണ് മന്‍ധ്യയില്‍ ഇത്തരത്തില്‍ ഒരു മാറ്റം വന്നുതുടങ്ങിയത്. അതിന് മുന്‍പുള്ള മന്‍ധ്യ രാജ്യം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ കര്‍ഷക ദുരിതഭൂമികളില്‍ ഒന്നായിരുന്നു. പ്രതീക്ഷിച്ച വിളവ് ലഭിക്കാത്തതിനായും, ലഭിച്ച വിളവുകള്‍ക്ക് മികച്ച വില ലഭിക്കാതെ പോയതിനാലും കാലവര്‍ഷക്കെടുതി, കാലാവസ്ഥാ വ്യതിയാനം എന്നിവയെത്തുടര്‍ന്നും ഇവിടെ നൂറുകണക്കിന് കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്.

ഇവയില്‍ പലരും ലോണെടുത്ത് കൃഷിഭൂമിയില്‍ പണം നിക്ഷേപിച്ചവരായിരുന്നു.മികച്ച വിളവ് ലഭിക്കാതെ പോയതിനെ തുടര്‍ന്ന് ലോണ്‍ തിരിച്ചടവ് മുടങ്ങി. ആകെയുള്ള വീടും പുരയിടവും പണയപ്പെടുത്തി പാട്ടഭൂമിയിലും മറ്റുമായിത്തുടങ്ങിയ കൃഷി പരിചയപ്പെട്ടപ്പോള്‍ പലരും ജപ്തിയുടെ വക്കിലായി. ബാങ്ക് വായ്പ തിരിച്ചടക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ ഒന്നും ഇല്ലാതായതോടെയാണ് പലരും ആത്മഹത്യ ചെയ്തത്. ഈ അവസ്ഥ നേരിട്ട് കണ്ടറിഞ്ഞ മന്‍ധ്യ സ്വദേശിയായ മധുചന്ദ്രന്‍ ചിക്കദെവ്യ എന്ന വ്യക്തിയാണ് മന്‍ധ്യയുടെ മുഖം രക്ഷിക്കുനന്തിനായി ഓര്‍ഗാനിക് മന്‍ധ്യ എന്ന പദ്ധതിയുമായി മുന്നോട്ട് വന്നത്.

കാലിഫോര്‍ണിയയില്‍ നിന്നും മന്‍ധ്യയുടെ മണ്ണിലേക്ക്

ജനിച്ചു വളര്‍ന്നത് കര്‍ഷകഗ്രാമമായ മന്‍ധ്യയിലായുന്നു എങ്കിലും കര്‍മം കൊണ്ട് സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ മധുചന്ദ്രന്‍ അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ സ്ഥിരതാമസക്കാരനായിരുന്നു. അവിടെ സ്വന്തമായി സോഫ്റ്റ്‌വെയര്‍ സ്ഥാപനം നടത്തിയിരുന്ന അദ്ദേഹം ഇടക്കിടക്ക് കര്‍ണാടകയില്‍ വരുന്നത് പതിവായിരുന്നു. ഇന്ത്യന്‍ സിലിക്കണ്‍വാലിയായ ബാംഗ്ലൂരില്‍ നിന്നും തന്റെ സ്ഥാപനത്തിനാവശ്യമായ സോഫ്റ്റ്‌വെയറുകള്‍ പര്‍ച്ചേസ് ചെയ്യുന്നതിനും മറ്റ് ഒഫിഷ്യല്‍ കാര്യങ്ങള്‍ക്കുമായാണ് അദ്ദേഹം കര്‍ണാടകയില്‍ വന്നിരുന്നത്. എന്നാല്‍ അത്തരം ഒഫിഷ്യല്‍ യാത്രകളില്‍ മറ്റ് കാര്യങ്ങള്‍ ശ്രദ്ധിക്കുവാന്‍ അദ്ദേഹത്തിന് സമയം ലഭിച്ചിരുന്നില്ല.എന്നാല്‍ 2014 ല്‍ അദ്ദ്‌ദേഹം നടത്തിയ യാത്രക്കൊടുവില്‍ കുറച്ചു ദിവസം തന്റെ ജന്മസ്ഥലമായ മന്‍ധ്യയില്‍ ചെലവിടാന്‍ അദ്ദേഹം തീരുമാനിച്ചു. ഇത് പ്രകാരം ഏറെക്കാലങ്ങള്‍ക്ക് ശേഷം സ്വന്തം നാട്ടിലെത്തിയ അദ്ദേഹത്തെ സ്വീകരിച്ചത് ഒട്ടും നല്ല വാര്‍ത്തകളായിരുന്നില്ല.

നാട്ടില്‍ കര്‍ഷക ആത്മഹത്യയുടെ ഗ്രാഫ് ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തിലാണ് മധുചന്ദ്രന്‍ ജന്മസ്ഥലത്ത് എത്തുന്നത്. തന്റെ ബാല്യകാല സുഹൃത്തുക്കളായ നിരവധിയാളുകളുടെ കുടുംബം, ബാംഗ്ലൂരിലെ തന്റെ ചില പരിചയക്കാരുടെ കര്‍ഷക പാരമ്പര്യമുള്ള കുടുംബം എന്നിവയെല്ലാം കര്‍ഷക ആത്മഹത്യകളുടെ ബാക്കി പത്രങ്ങളായി നില്‍ക്കുന്ന കാഴ്ചയാണ് അദ്ദേഹം കണ്ടത്. സ്വന്തം നാട് ഇത്തരത്തില്‍ ഒരു ദുരവസ്ഥ നനേരിടുമ്പോള്‍ അത് കണ്ടില്ലെന്നു നടിച്ച് അമേരിക്കയിലേക്ക് തിരിച്ചുപോകാന്‍ അദ്ദേഹത്തിന് സാധിക്കുമായിരുന്നില്ല.എന്തുകൊണ്ടാണ് മന്‍ധ്യയില്‍ കര്‍ഷക ആത്മഹത്യകള്‍ വര്‍ധിക്കുന്നത് എന്ന് അന്വേഷിക്കുകയാണ് അദ്ദേഹം ചെയ്തത്.

വലിയ കാര്‍ഷിക പാരമ്പര്യമുളള കുടുംബങ്ങളില്‍ പോലും ആളുകള്‍ ബാങ്കില്‍ നിന്നും മറ്റു പണമിടപാടു സ്ഥാപനങ്ങളില്‍ നിന്നും എടുക്കുന്ന ലോണുകള്‍ തിരിച്ചടക്കാന്‍ കഴിയാതെയാണ് ആത്മഹത്യ ചെയ്തത്. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യകള്‍ 2014 ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നത് കര്‍ണാടകയിലായിരുന്നു. അതില്‍ മന്‍ധ്യ നല്‍കിയ സംഭാവന വളരെ വലുതായിരുന്നു എന്ന ദുഖകരമായ സത്യം മധുചന്ദ്രന്‍ വളരെ വേദനയോടെ മനസിലാക്കി.കൃഷി ചെയ്യാന്‍ അറിയാത്തവരല്ല മന്‍ധ്യയിലുള്ളവര്‍. പിന്നെ എന്തുകൊണ്ടാണ് തുടര്‍ച്ചയായി കൃഷി പരാജയപ്പെടുന്നത് ? മധുചന്ദ്രനെ ഈ ചിന്ത അസ്വസ്ഥനാക്കിക്കൊണ്ടിരുന്നു. സംസ്ഥാനത്തെ ഓരോ കൃഷിഭവനുകളും കയറിയിറങ്ങി മധുചന്ദ്രന്‍ കാര്യങ്ങള്‍ തിരക്കി.

രാസവളങ്ങളുടെ അമിതമായ പ്രയോഗം മൂലം മണ്ണിന്റെ ഫലഭൂയിഷ്ഠത നഷ്ടമായതും, കാലാവസ്ഥയില്‍ വന്ന മാറ്റങ്ങളും , കാലഹരണപ്പെട്ട കൃഷി രീതികളും, കാര്‍ഷികവൃത്തിക്കും വിളവെടുപ്പിനുമായി ആവശ്യത്തിന് ആളുകള്‍ ഇല്ലാത്തതുമായിരുന്നു മന്‍ധ്യയുടെ കര്‍ഷകജീവിതത്തെ ബാധിച്ചിരുന്ന ദുരവസ്ഥക്ക് പിന്നിലെ കാരണം.കര്‍ഷകര്‍ പലരും അസംഘടിതരായിരുന്നു. കൃഷി സംബന്ധമായി പറഞ്ഞുകേട്ട അറിവുകള്‍ അല്ലാതെ, കാലത്തിനൊത്ത് മാറ്റം വരുന്ന അറിവുകള്‍ അവര്‍ക്ക് ലഭിച്ചിരുന്നില്ല. പലരും അശാസ്ത്രീയമായതും കലഹരണപ്പെട്ടതുമായ കൃഷിരീതികളാണ് പിന്തുടര്‍ന്നിരുന്നത്. മന്‍ധ്യയിലെ കര്‍ഷകരെ ഒരു സംഘടനക്ക് കീഴില്‍ കൊണ്ടുവന്ന് ആവശ്യമായ കൃഷിയറിവുകള്‍ നല്‍കി ഓര്‍ഗാനിക് ഫാമിംഗിലേക്ക് നയിച്ചാല്‍ തന്റെ നാടിനെ രക്ഷിക്കാനാകും എന്ന് മധുചന്ദ്രന് തോന്നി.

 

ജോലി ഉപേക്ഷിച്ച് മന്‍ധ്യയിലേക്ക്

പിന്നെ അധികമൊന്നും ആലോചിച്ചില്ല. താന്‍ ഏറെ സ്വപ്നം കണ്ടു പടുത്തുയര്‍ത്തിയ അമേരിക്കയിലെ സോഫ്റ്റ്‌വെയര്‍ സ്ഥാപനത്തില്‍ നിന്നും എന്നെന്നേക്കുമായി മധുചന്ദ്രന്‍ പടികളിറങ്ങി. ചെയ്യുന്നത് അബദ്ധമാണ് എന്ന് പറഞ്ഞു നിരുത്സാഹപ്പെടുത്തിയവര്‍ അനവധി. എന്നാല്‍ തന്റെ ഉദ്യമത്തില്‍ നിന്നും പിന്മാറാന്‍ അദ്ദേഹം ഒരുക്കമായിരുന്നില്ല. താനും ഒരു കര്‍ഷകകുടുംബത്തിലെ അംഗമാണ് എന്ന ചിന്തയാണ് കര്‍ഷകര്‍ക്ക് വേണ്ടി നിലകൊള്ളുന്നതിനായി അദ്ദേഹത്തെ പ്രേരിപ്പിച്ചത്.കാലിഫോര്‍ണിയയിലെ സ്വര്‍ഗ്ഗതുല്യമായ ജീവിതം നയിച്ചു കൊണ്ടിരുന്ന മധുചന്ദ്രന്‍ 2014 ല്‍ നാട്ടിലെത്തി.തന്റെ സുഹൃത്തുകളില്‍ കൃഷിയോടു താത്പര്യമുള്ളവരെ ഒരുമിച്ചു ചേര്‍ക്കുകയാണ് അദ്ദേഹം ചെയ്തത്. മനുഷ്യന്റെ ആരോഗ്യവും ഭൂമിയുടെ ഫലഭൂയിഷ്ഠതയും നശിപ്പിക്കുന്ന രാസവളപ്രയോഗത്തിന് അവസാനം കുറിച്ച് മന്‍ധ്യയിലെ കര്‍ഷകരെ ഓര്‍ഗാനിക് ഫാമിംഗിലേക്ക് തിരിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

ഇതുപ്രകാരം മന്‍ധ്യ ഓര്‍ഗാനിക്ക് ഫര്‍മേഴ്‌സ് സൊസൈറ്റിക്ക് അദ്ദേഹം രൂപം നല്‍കി. ആദ്യഘട്ടത്തില്‍ ഇരുപത്തിനാല് കര്‍ഷകരാണ് സൊസൈറ്റില്‍ ഉണ്ടായിരുന്നത്. മധുചന്ദ്രന്‍ അംഗങ്ങളായ ഈ 24 കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്‌നത്തെപ്പറ്റി പഠിച്ചു.കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഇടനിലക്കാരില്ലാതെ വില്‍ക്കുന്നതിനുള്ള സാഹചര്യമില്ല എന്ന് മനസിലാക്കിയ അദ്ദേഹം , കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഓര്‍ഗാനിക് മന്‍ധ്യ വാങ്ങി ആ ബ്രാന്‍ഡ് നെയിമില്‍ വിപണിയിലെത്തിക്കുക എന്ന മാര്‍ഗം നിര്‍ദേശിച്ചു. ആദ്യം പരീക്ഷണാടിസ്ഥാനത്തില്‍ ചെയ്തതാണ് എങ്കിലും അതൊരു വിജയമായിരുന്നു.വിപണിയില്‍ നേരിട്ട് ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നതിന് സഹായിച്ചതോടെ കര്‍ഷകര്‍ക്ക് തങ്ങളുടെ അധ്വാനത്തിന്റെ ഫലം പൂര്‍ണ്ണമായും ലഭിക്കാന്‍ തുടങ്ങി. തന്റെ വ്യക്തി സമ്പാദ്യത്തില്‍ നിന്നും നല്ലൊരു തുക ചെലവഴിച്ചാണ് മധുചന്ദ്രന്‍ ഓര്‍ഗാനിക് മന്‍ധ്യക്ക് തുടക്കം കുറിച്ചത്.

ജൈവകൃഷി പഠിപ്പിക്കുന്നു

ജൈവകൃഷിയെക്കുറിച്ച് കര്‍ഷകര്‍ക്ക് ആവശ്യമായ അറിവില്ലായ്മയാണ് പ്രധാനപ്രശ്‌നം എന്ന് മനസിലാക്കിയ മധുചന്ദ്രന്‍ ജൈവകൃഷിയെ പറ്റി സെമിനാറുകള്‍ സംഘടിപ്പിച്ചു. കൃഷിവിദഗ്ദരുമായി ചര്‍ച്ചകള്‍ നടത്തി കര്‍ഷകര്‍ക്കായി ക്‌ളാസുകള്‍ വച്ചു. പണ്ടുകാലത്തെ കൃഷിക്കാര്‍ കൃഷിയില്‍ വളരെയധികം നൈപുണ്യം നേടിയവരാണ്. ഏതുതരം വളങ്ങളാണ് ഉപയോഗിക്കേണ്ടത്, എങ്ങനെ കൃഷിചെയ്താല്‍ കൂടുതല്‍ വിളവുലഭിക്കും എന്നും കൃഷികാര്‍ക്ക് നല്ല അറിവായിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതി അങ്ങനെയല്ല. ഈ അറിവില്ലായ്മയാണ് കര്‍ഷകരെ രാസവള പ്രയോഗത്തിലേക്ക് നയിച്ചത്. ഓര്‍ഗാനിക് കൃഷി രീതികള്‍ അഭ്യസിച്ചതോടെ കര്‍ഷകരിലും മികച്ച മാറ്റം കണ്ടുതുടങ്ങി.ഓര്‍ഗാനിക് ബ്രാന്‍ഡില്‍ വില്‍ക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി സാധ്യത കൂടുതലാണ് എന്ന് മനസിലാക്കിയ മന്‍ധ്യയിലെ കര്‍ഷകര്‍ ആ രംഗത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.

ഓര്‍ഗാനിക് മന്‍ധ്യ നേരിട്ട അടുത്ത പ്രശ്‌നം ആവശ്യത്തിന് കൃഷിപ്പണിക്കരെ ലഭിക്കുന്നില്ല എന്നതായിരുന്നു. വിളവെടുപ്പിന്റെ അവസരത്തില്‍ ഈ പ്രശ്‌നം രൂക്ഷമായി. വിളവെടുപ്പിനു ആളില്ലാതെ പല വിളകളും നശിച്ചു.എന്നാല്‍ അതിനും മധുചന്ദ്രന്‍ പരിഹാരം കണ്ടെത്തി. കൃഷിയില്‍ താത്പര്യമുള്ളവരെ ഫേസ്ബുക്ക് വഴി കെണ്ടത്തി ആഴ്ച്ചയുടെ അവസാന ദിവസം ഓര്‍ഗാനിക്ക് മന്‍ധ്യയുടെ പാടങ്ങളില്‍ ഒഴിവു ദിവസം ചിലവഴിക്കാന്‍ അവസരം ഒരുക്കിക്കൊടുത്തു. കൃഷി പരിശീലിക്കാനും ഒരുദിനം കര്‍ഷക ജീവിതം നയിക്കാനും ലഭിച്ച അവസരം നഗരവാസികളും യുവാക്കളും നന്നായി ആസ്വദിച്ചു. ഓര്‍ഗാനിക് മന്‍ധ്യ കൃഷിയിറക്കാന്‍ സ്ഥലമില്ലാത്തവര്‍ക്ക് കുറഞ്ഞ പാട്ടത്തിന് ഭൂമിനല്‍കി മറ്റൊരു മഹത് മാതൃക സൃഷ്ടിക്കുകയും ചെയ്തു.

കര്‍ണാടകം മുഴുവന്‍ വ്യാപിച്ച ഓര്‍ഗാനിക് മന്‍ധ്യ

2015 ജനുവരി മുതല്‍ അടുത്ത ആറു മാസം കഠിനമായി അധ്വാനിക്കേണ്ടി വന്നു ഇപ്പോള്‍ കാണുന്ന രീതിയില്‍ ഓഗാനിക്ക് മന്‍ധ്യ എത്തിയ്ക്കുന്നതിനായി. ഇപ്പോള്‍ ഓര്‍ഗാനിക് മന്‍ധ്യ സംസ്ഥാനത്തെ മുന്‍നിര ഫുഡ് ബ്രാന്‍ഡുകളില്‍ ഒന്നാണ്. 500 കര്‍ഷകര്‍ ഓര്‍ഗാനിക്ക് മന്‍ധ്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ 200 ഏക്കര്‍ പാടത്ത് ഏകദേശം 70 തരം വിഭവങ്ങളാണ് ഇവര്‍ കൃഷി ചെയ്യുന്നത്.കാര്‍ഷിക വിഭവങ്ങളില്‍ നിന്നും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും നിര്‍മിച്ചു ഓര്‍ഗാനിക് മന്‍ധ്യ എന്ന പേരില്‍ വിപണിയിലെത്തിക്കുന്നുണ്ട്. ഓര്‍ഗാനിക് മന്‍ധ്യ എന്ന പേരില്‍ തന്നെ നിരവധി സൂപ്പര്‍മാര്‍ക്കറ്റുകളും പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു.അരി, പയറുവര്‍ഗങ്ങള്‍, പാല്‍, പാലുല്‍പ്പന്നങ്ങള്‍, പാചകക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവയാണ് ഈ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ വഴി വില്‍ക്കുന്നത്. എല്ലാം മന്‍ധ്യയുടെ മണ്ണില്‍ ഉണ്ടായവ തന്നെ.

പ്രവര്‍ത്തനമാരംഭിച്ച് ആദ്യ നാല് മാസംകൊണ്ട് ഒരു കോടിരൂപയുടെ വിറ്റുവരവാണ് ഓര്‍ഗാനിക്ക് മന്‍ധ്യക്കുണ്ടായത്.ഇപ്പോള്‍ കൂടുതല്‍ കര്‍ഷകര്‍ സൊസൈറ്റിയുടെ ഭാഗമാകുന്നതിനു താല്‍പര്യം കാണിക്കുന്നു. എന്തിനേറെപ്പറയുന്നു കൃഷി ഉപേക്ഷിച്ചു പോയ കര്‍ഷകര്‍ പോലും ഓര്‍ഗാനിക് മന്‍ധ്യ വന്നതോടെ കാര്‍ഷികവൃത്തിയിലേക്ക് തിരിച്ചെത്തി. ഒരു മാസത്തേക്ക് ഒരു കുടുംബത്തിന് ആവശ്യമായ എല്ലാ സാധനങ്ങളും 2000 രൂപക്കുള്ളില്‍ നല്‍കുക എന്നതാണ് മധുചന്ദ്രന്റെ അടുത്ത ലക്ഷ്യം. നിലവില്‍ 1000 രൂപകൊടുത്തു ഓര്‍ഗാനിക്ക് മന്‍ധ്യയുടെ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് എല്ലാ സാധനങ്ങള്‍ക്കും ഡിസ്‌കൗണ്ട് ലഭിക്കുന്നുണ്ട്.ഓര്‍ഗാനിക് മന്‍ധ്യ ഓണ്‍ലൈനിലൂടെയും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്പനക്ക് എത്തിക്കുന്നുണ്ട്. ക്ഷീരോല്‍പ്പാദന രംഗത്തേക്കും കടന്നിരിക്കുകയാണ് ഈ സ്ഥാപനം. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി മന്‍ധ്യയില്‍ കര്‍ഷക ആത്മഹത്യകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാകുകയും കര്‍ഷകരുടെ ആളോഹരി വരുമാനവും ജീവിത നിലവാരവും മെച്ചപ്പെട്ടു എന്നതും മധുചന്ദ്രന്‍ എന്ന ഈ കൃഷിസ്‌നേഹിയുടെ വിജയമാണ്.

Comments

comments