ചീറിപ്പായാന്‍ ഡുകാറ്റി പാനിഗാലെ വി4 ആര്‍ ഇന്ത്യയില്‍

ചീറിപ്പായാന്‍ ഡുകാറ്റി പാനിഗാലെ വി4 ആര്‍ ഇന്ത്യയില്‍

ന്യൂഡെല്‍ഹി : ഡുകാറ്റി പാനിഗാലെ വി4 ആര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 51.87 ലക്ഷം രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. ഇന്ത്യന്‍ വിപണിക്കായി അഞ്ച് യൂണിറ്റ് പാനിഗാലെ വി4 ആര്‍ മാത്രമാണ് വകയിരുത്തിയിട്ടുള്ളത്. നവംബര്‍ 30 നുള്ളില്‍ ബുക്കിംഗ് നടത്തുന്നവര്‍ക്ക് 2019 തുടക്കത്തില്‍ ഡെലിവറി ആരംഭിക്കും. കൊച്ചി, ചെന്നൈ, ബെംഗളൂരു തുടങ്ങി രാജ്യത്തെ എല്ലാ ഡീലര്‍ഷിപ്പുകളിലും ബുക്കിംഗ് ആരംഭിച്ചു.

ഡുകാറ്റിയുടെ എക്കാലത്തെയും ഏറ്റവും കരുത്തുറ്റ പ്രൊഡക്ഷന്‍ മോട്ടോര്‍സൈക്കിളാണ് പാനിഗാലെ വി4 ആര്‍. വേള്‍ഡ് സൂപ്പര്‍ബൈക്ക് ചാംപ്യന്‍ഷിപ്പിന്റെ (ഡബ്ല്യുഎസ്ബികെ) കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന റേസിംഗ് ബൈക്കായ പാനിഗാലെ വി4 ആര്‍ നിരത്തുകളിലൂടെയും (റോഡ് ലീഗല്‍) ഓടിക്കാം. ഡബ്ല്യുഎസ്ബികെ ഹോമോലോഗേഷന്‍ വ്യവസ്ഥകള്‍ പാലിക്കുന്ന 998 സിസി, വി4 ഡെസ്‌മോസെഡിസി സ്ട്രാഡലെ ആര്‍ എന്‍ജിനാണ് പാനിഗാലെ വി4 ആര്‍ ബൈക്കിന് കരുത്തേകുന്നത്. 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ചേര്‍ത്തുവെച്ച എന്‍ജിന്‍ 221 ബിഎച്ച്പി കരുത്തും 111 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.

998 സിസിയായി ഡിസ്‌പ്ലേസ്‌മെന്റ് കുറച്ചതോടെ എന്‍ജിന്റെ ഭാരം കുറഞ്ഞു. മാത്രമല്ല, എയര്‍ ഇന്‍ടേക്ക് ഇപ്പോള്‍ വലുതും മികച്ചതുമാണ്. സ്റ്റാന്‍ഡേഡ് വി4 മോട്ടോര്‍സൈക്കിളിലേതിനേക്കാള്‍ വേഗത്തില്‍ ഈ എന്‍ജിന്‍ പ്രവര്‍ത്തിക്കും. റെഡ്‌ലൈനുകള്‍ ഇപ്പോള്‍ 16,500 ആര്‍പിഎം ആയി ഉയര്‍ത്തി. വി4 എസ് വേരിയന്റില്‍ 13,000 ആണ് ഉയര്‍ന്ന ആര്‍പിഎം. ഓപ്ഷണല്‍ അക്രാപോവിച്ച് റേസ് എക്‌സോസ്റ്റ് സിസ്റ്റം സ്ഥാപിക്കുന്നതോടെ വി4 ആര്‍ മോട്ടോര്‍സൈക്കിളിന്റെ പവര്‍ ഔട്ട്പുട്ട് 234 ബിഎച്ച്പി ആയി വര്‍ധിക്കും. 172 കിലോഗ്രാമാണ് പാനിഗാലെ വി4 ആര്‍ മോട്ടോര്‍സൈക്കിളിന്റെ ഭാരം. വി4, വി4 എസ് ബൈക്കുകളേക്കാള്‍ രണ്ട് കിലോഗ്രാം കുറവ്.

ഇന്ത്യയില്‍ ട്രാക്ക് റൈഡിംഗ് കൂടുതല്‍ ജനകീയമായിക്കൊണ്ടിരിക്കുകയാണെന്ന് ഡുകാറ്റി ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ സെര്‍ജി കാനോവാസ് പറഞ്ഞു. സ്റ്റൈല്‍, പെര്‍ഫോമന്‍സ് എന്നീ ഡുകാറ്റി മൂല്യങ്ങള്‍ പാനിഗാലെ വി4 ആര്‍ മോട്ടോര്‍സൈക്കിളില്‍ കാണാമെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇന്ത്യയിലെ റേസിംഗ്, റൈഡിംഗ് പ്രേമികളുടെ ഒന്നാന്തരം കൂട്ടായിരിക്കും പാനിഗാലെ വി4 ആര്‍. ഡുകാറ്റിയുടെ ഏറ്റവും മികച്ച റോഡ് ലീഗല്‍ റേസ് ബൈക്കാണ് പാനിഗാലെ വി4 ആര്‍ എന്ന് സെര്‍ജി കാനോവാസ് പറഞ്ഞുനിര്‍ത്തി.

Comments

comments

Categories: Auto